- Trending Now:
സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംരംഭകരുടെ മഹാസംഗമത്തിന് വേദിയൊരുങ്ങുന്നു. ജനുവരി 21 ന് കൊച്ചിയിൽ നടക്കുന്ന മഹാ സംഗമത്തിൽ പതിനായിരത്തിലേറെ നവസംരംഭകർ പങ്കെടുക്കും. കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് പരിപാടി. ഒരുവർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എട്ടു മാസം കൊണ്ട് ലക്ഷ്യം നേടി
2022 മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷം പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരു വർഷം കൊണ്ടു ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യം 8 മാസം കൊണ്ടു തന്നെ നേടാനായി. 1,18,509 സംരംഭങ്ങളിലൂടെ 7,261.54 കോടി രൂപയുടെ നിക്ഷേപം കൈവരിക്കാനായി. പദ്ധതിയിലൂടെ 2,56,140 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. സമാനതകളില്ലാത്ത നേട്ടമായാണ് സംരംഭകവർഷം പദ്ധതി ദേശീയതലത്തിൽ അവതരിപ്പിക്കപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിലാണ് രാജ്യത്തെ മികച്ച പദ്ധതികളിലൊന്നായി ഇത് ദേശീയ അംഗീകാരം നേടിയത്. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കിയ പശ്ചാത്തല സൗകര്യങ്ങൾ, നവ സംരംഭകരായ വനിതകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിച്ചത്.
സംരംഭക മഹാസമ്മേളനം 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ്, ധനമന്ത്രി കെ.എൻ ബാലഗോപാൽ, തദ്ദേശ വകുപ്പു മന്ത്രി എം.ബി.രാജേഷ്, റവന്യു മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.