Sections

പുസ്തകങ്ങളിലും ക്ലാസുകളിലും പഠിക്കേണ്ടതല്ലെ സംരംഭകത്വം ???

Thursday, Oct 14, 2021
Reported By admin
Entrepreneurship

ബിസിനസ് ചെയ്യുമ്പോള്‍ മറ്റു ബിസിനസുകാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടിവരും

 

നിങ്ങളുടെ കൂട്ടത്തില്‍ തന്നെ പലരും സംരംഭങ്ങള്‍ തുടങ്ങി പരാജയപ്പെട്ട കഥകളുമായി നടക്കുന്നുണ്ടാകും.വിജയിക്കുന്നവരുടെ എണ്ണം ബിസിനസ് മേഖലയില്‍ വളരെ കുറവാണെന്നത് പുതുതായി സംരംഭത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരെ കൂടി പിന്നോക്കം വലിക്കുന്നു.

കോളേജില്‍ പഠിച്ച് ഒരു വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടി യോഗ്യത തെളിയിക്കുന്നത് പോലെ പുസ്തകങ്ങള്‍ പഠിച്ചോ ക്ലാസുകള്‍ കേട്ടോ ഒന്നും സംരംഭകത്വം പഠിക്കാന്‍ സാധിക്കില്ല.ചില ട്രെയിനിംഗ് ക്ലാസുകളില്‍ സംരംഭകത്വം പഠിപ്പിക്കുന്നു എന്ന പരസ്യം കേട്ട് ചാടിപുറപ്പെടുന്നവരുണ്ട്.പക്ഷെ ഈ മേഖല ഒരിക്കലും കേട്ടതുകൊണ്ടോ അല്ലെങ്കില്‍ മനസിലാക്കിയതു കൊണ്ടോ വിജയിക്കാന്‍ കഴിയുന്നതല്ല.

സംരംഭകത്വം അനുഭവിച്ച് പഠിക്കേണ്ടത് തന്നെയാണ്,ഏറ്റവും വലിയ അദ്ധ്യാപകന്‍ നിങ്ങളുടെ അനുഭവങ്ങള്‍ തന്നെയാണ്.മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍
സംരംഭകത്വം തോല്‍വികളില്‍ നിന്ന് പഠിക്കേണ്ടതാണ്,പരാജയങ്ങളില്‍ നിന്ന് പഠിക്കേണ്ടതാണ്.ഒരു സംരംഭകനെ സംബന്ധിച്ച് അവന്റെ മുമ്പില്‍ വന്ന് കൊണ്ടിരിക്കുന്ന ഓരോ പ്രതിസന്ധികളുമാണ് അവന്റെ പാഠപുസ്തകം.

ഈ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കൃത്യമായി അനലൈസ് ചെയ്ത് എവിടെയാണ് എന്ത് വഴിയിലാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്ന് വ്യക്തമായ തീരുമാനം എടുക്കാനും പ്രതിസന്ധികള്‍ സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളെടുക്കാമെന്നും വിശദമായി വിശകലനം ചെയ്യാനും,ആ അറിവുകളിലൂടെ തെറ്റ് തിരുത്തി മുന്നോട്ട് പോകാനും സംരംഭകന് സാധിക്കണം.

സാമ്പത്തിക ബുദ്ധിമുട്ടുകളാണ് പല സംരംഭകരെയും തളര്‍ത്തുന്നത്.അതുപോലെ ബിസിനസ് ചെയ്യുമ്പോള്‍ മറ്റു ബിസിനസുകാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടിവരും.

വിതരണങ്ങള്‍ക്കും മറ്റും സഹകരണമില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുക.മറ്റു ബിസ്‌നസ്‌കാരെ തളര്‍ത്തിയോ,നശിപ്പിച്ചോ മുന്നോട്ട് പോകുന്നതിന് പകരം സഹകരിച്ചും,റഫര്‍ ചെയ്തും മുന്നോട്ട് പോകുന്നത് ബിസിനസില്‍ വിജയം ഉറപ്പാക്കും.

നിങ്ങളുടെ സമ്പത്ത് എന്തിനൊക്കെ വേണ്ടിയാണ് ചെലവഴിക്കുന്നത് എന്നതാണ് ആദ്യമായി നോക്കേണ്ടത്.ചിലയാളുകള്‍ സംരംഭം തുടങ്ങുന്നത് തന്നെ ലോണ്‍ എടുത്തിട്ടായിരിക്കും.എന്നിട്ട് ആദ്യം സംരംഭത്തിന് വേണ്ട പരിപാടികള്‍ ചെയ്യുന്നിതിനോടൊപ്പം ബ്രാന്റഡ് ഡ്രസ്സ്,വാച്ച്,ഫോണ്‍,തുടങ്ങിയ സാധനങ്ങള്‍ വാങ്ങി കൂട്ടി സ്വന്തം മോഡിഫിക്കേഷനാണ് നടത്തുക.അതിനോടൊപ്പം ഒരു ബ്രാന്റ് കാറും എടുക്കും,കൂടാതെ നല്ല അടിപൊളി വീടിന് തറയും ഇട്ട് വെക്കുന്നവരും കുറവല്ല.പുറമെ മറ്റുള്ളവരുടെ അടുത്ത് നിന്ന്  വാങ്ങി കൂട്ടിയ കടവും,ഇന്‍വെസ്റ്റ്‌മെന്റുകളും,ഇങ്ങനെ അടിച്ച് പൊളി ജീവിതം.ഇവയൊന്നും സംരംഭകത്തിന് ഒരു  ഉപകാരവും ചെയ്യുന്നില്ലെന്ന് തിരിച്ചറിയുക.

ഒരു സംരംഭം തുടങ്ങിയപ്പോഴേക്കും നിങ്ങളെന്തൊക്കെയോ ആയി എന്ന മനോഭാവം ഒഴിവാക്കുക.നിങ്ങളുടെ പക്കലുള്ള പണമാണെങ്കില്‍,ആ പണത്തെ മേല്‍ പറഞ്ഞ വിഭവങ്ങള്‍ സംഭരിക്കാന്‍ ചെലവഴിക്കുന്നതിനു പകരം,കഴിവുള്ളവരുടെ കഴിവിനെ പണം കൊടുത്ത് വാങ്ങുക മികച്ച ജീവനക്കാരും പ്രവര്‍ത്തനവും മികച്ച ഉത്പന്നവും അതായിരിക്കണം പണം ഉപയോഗിച്ച് നിങ്ങള്‍ നേടേണ്ട ലക്ഷ്യങ്ങള്‍.അനാവശ്യമായതും,പ്രൊഡക്ടീവല്ലാത്തതുമായ ചെലവുകള്‍ ഒഴിവാക്കുക.ഇത്രയൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ സംരംഭത്തില്‍ പരാജയപ്പെട്ടേക്കാം എന്ന ഭീതി ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.