- Trending Now:
കോട്ടയം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി 'എന്റെ കേരളം' പ്രദർശന-വിപണനമേള ഇന്ന് (ഏപ്രിൽ 24 - വ്യാഴാഴ്ച) മുതൽ 30 വരെ നാഗമ്പടം മൈതാനത്തു നടക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാതല സംഘാടക സമിതി ജനറൽ കൺവീനറുമായ ജോൺ വി. സാമുവൽ അറിയിച്ചു. മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദർശന-വിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് നാഗമ്പടം മൈതാനത്ത് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആധ്യക്ഷ്യം വഹിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര മൈതാനത്തുനിന്നു നാഗമ്പടം മൈതാനത്തേക്ക് സാംസ്‌ക്കാരികഘോഷയാത്ര സംഘടിപ്പിക്കും.
മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയൻ ഉൾപ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.
കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്ക്കുന്ന വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനികസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികൾ, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിലേർപ്പെട്ടിട്ടുള്ളവരുടെയും സവിശേഷപരിഗണന അർഹിക്കുന്നവരുടെയും സംഗമങ്ങൾ, കായിക-വിനോദപരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തൽ, ടൂറിസം-കാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ്പ് മിഷൻ പ്രദർശനം, ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങൾ, സ്പോർട്സ് പ്രദർശനം, സ്‌കൂൾ മാർക്കറ്റ്, കായിക-വിനോദ പരിപാടികൾ, പൊലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ എന്നിവ മേളയുടെ ഭാഗമാകും. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും.
ഉദ്ഘാടന ചടങ്ങിൽ എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. ചാണ്ടി ഉമ്മൻ എന്നിവർ വിശിഷ്ടാതിഥികളാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കേരള വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, കേരള പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി. അബ്ദുൾ സലാം, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ അഡ്വ. ആർ. രാജേന്ദ്രൻ, പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ ചെയർമാൻ ജാസി ഗിഫ്റ്റ്, കേരള റബർ ലിമിറ്റഡ് ചെയർപേഴ്സൺ ഷീല തോമസ്, സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ, കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, കോട്ടയം നഗരസഭാംഗം സിൻസി പാറയിൽ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, വിവര-പൊതുജനസമ്പർക്കവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.പി. അശ്വതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി. ബിനു, പ്രൊഫ. ലോപ്പസ് മാത്യു, നാട്ടകം സുരേഷ്, അസീസ് ബഡായിൽ, ബെന്നി മൈലാടൂർ, എം.ടി. കുര്യൻ, ജെയ്സൺ ഒഴുകയിൽ, ജിയാഷ് കരീം, നിബു ഏബ്രഹാം, പ്രശാന്ത് നന്ദകുമാർ, ഔസേപ്പച്ചൻ തകടിയേൽ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, ടോമി വേദഗിരി എന്നിവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.