Sections

എന്റെ കേരളം പ്രദർശന വിപണന മേള മെയ് 17 മുതൽ 23 വരെ മറൈൻഡ്രൈവിൽ

Saturday, Mar 29, 2025
Reported By Admin

സംഘാടക സമിതി രൂപീകരിച്ചു


സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേള മെയ് 17 മുതൽ 23 വരെ മറൈൻഡ്രൈവിൽ നടക്കും.

സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും വിവിധ പദ്ധതികളും അവതരിപ്പിക്കുന്ന മേളയിൽ പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാകും.

മേളയുടെ സുഗമമായ നടത്തിപ്പിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. സർക്കാർ പ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക, തുടർ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നാലാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് മേഖലാ അവലോകന യോഗങ്ങളും വിവിധ രംഗങ്ങളിലുള്ളവരെ ഉൾപ്പെടുത്തി ജില്ലാതല അവലോകന യോഗങ്ങളും സംഘടിപ്പിക്കും. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ മേള മികച്ച രീതിയിൽ നടപ്പിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി പി.രാജീവാണ് സംഘാടക സമിതി മുഖ്യ രക്ഷാധികാരി. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, കൊച്ചി മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജി.സി.ഡി.എ ചെയർമാൻ എന്നിവർ രക്ഷാധികാരികളാണ്.

ജില്ലാ കളക്ടർ സംഘാടക സമിതി ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമാണ്. പി.ആർ.ഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓഡിനേറ്റർ എന്നിവർ വൈസ് ചെയർമാൻമാരാണ്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ, ജി.സി.ഡി.എ സെക്രട്ടറി എന്നിവരാണ് ജോയിന്റ് കൺവീനർമാർ. വിവിധ വകുപ്പ് മേധാവികൾ, കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർമാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ കോർപ്പറേഷനുകളുടെയും മേധാവികൾ എന്നിവർ സംഘാടക സമിതി അംഗങ്ങളാണ്.

ജില്ലയുടെ വ്യവസായ മുന്നേറ്റവും നിർമ്മിത ബുദ്ധി വളർച്ചയുടെ സ്വാധീനവും വ്യക്തമാക്കുന്ന തീമിലാണ് മേള അവതരിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകൾ, വിദ്യാഭ്യാസം, തൊഴിൽ, സാംസ്കാരികം, ആരോഗ്യം, പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമം, കലാ സാംസ്കാരികം, പ്രദർശനം, ബിസിനസ് ടു ബിസിനസ് മീറ്റ്, അക്ഷയ, കിഫ്ബി എന്നിങ്ങനെ വിവിധ വകുപ്പുകളുടെ പ്രദർശന വിപണന സേവന സ്റ്റാളുകൾ മേളയിൽ ഉണ്ടാകും.

കൂടാതെ മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് പെറ്റ് ഷോ, കൃഷിവകുപ്പിന്റെ കാർഷിക വിളകളുടെ നഴ്സറി, വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂൾ വിപണി ലക്ഷ്യമായിട്ടുള്ള പ്രദർശനവും വിപണനവും , പുഷ്പ മേള, കൈത്തറി കരകൗശല മേള, അലങ്കാര മത്സ്യപ്രദർശനം, കായികവുമായി ബന്ധപ്പെട്ട സ്റ്റാൾ എന്നിങ്ങനെ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള വിവിധ സ്റ്റാളുകളും ഉണ്ടാകും.

ഡിസ്കഷൻ ഫോറം, കലാസാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള ആക്ടിവിറ്റി സോൺ, പ്രദർശനം കാണാൻ എത്തുന്നവർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരം, കുടുംബശ്രീ, കെ സി ഡി സി, ജയിൽ വകുപ്പ് തുടങ്ങിയവയുടെ ഫുഡ് കോർട്ട് എന്നിവയും മേളയിൽ അവതരിപ്പിക്കും.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ, കെ.എൻ ഉണ്ണികൃഷ്ണൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, പോലീസ് ഡെപ്യൂട്ടി കമ്മിഷണർ (ലോ ആൻഡ് ഓർഡർ ) ജൂവനപുടി മഹേഷ്, കിൻഫ്ര ഡയറക്ടർ സാബു ജോർജ്, ഇൻഫർമേഷൻ ആന്റ് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.