Sections

എന്റെ കേരളം-പ്രദർശന വിപണന മേള-2023 പാലക്കാട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

Monday, Apr 10, 2023
Reported By Admin
Ente Keralam

'എന്റെ കേരളം-പ്രദർശന വിപണന മേള-2023' ന് പാലക്കാട് തിരിതെളിഞ്ഞു


പാലക്കാട്: സേവനങ്ങളുടെ, കാഴ്ചകളുടെ, വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കിഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'എന്റെ കേരളം-പ്രദർശന വിപണന മേള-2023' ന് തിരിതെളിഞ്ഞു. ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി.

കേന്ദ്ര സർക്കാരിന്റെ നികുതി നയങ്ങൾ വലിയ പ്രതിസന്ധി സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഉണ്ടാക്കുന്ന സാഹചര്യത്തിലും വലിയ വികസന പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. എന്റെ കേരളം 2023 പ്രദർശന വിപണന മേള പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉത്പാദന മേഖലയിൽ വലിയ കുതിപ്പാണ് നടത്തിയിട്ടുള്ളത്. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷി അധികമായി ഉണ്ടാക്കി. ജില്ലയിൽ കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് പൂർത്തീകരിച്ചു. പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ 2277 വീടുകളുടെ പുരപ്പുറങ്ങളിൽ നിന്നായി എട്ട് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞു. 110 കെ.വി പട്ടാമ്പി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.

110 കെ.വി വെണ്ണക്കര ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ പൂർത്തീകരിച്ചു. 220 കെ.വി ഷൊർണ്ണൂർ സബ്സ്റ്റേഷൻ ജി.ഐ.എസ് ആക്കിയുള്ള നവീകരണം ഈ വർഷം തന്നെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരസഹകരണ സംഘങ്ങളുടെ വൈദ്യുതി താരിഫ് കൊമേർഷ്യൽ ബില്ലിൽ നിന്നും കാർഷിക ബില്ലിലേക്ക് മാറ്റുന്നതിനുള്ള ആവശ്യം പരിഹരിക്കാൻ കഴിഞ്ഞതായും ഇതിലൂടെ യൂണിറ്റിന് മൂന്നു രൂപയുടെ ഇളവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷികരംഗത്ത് പ്രിസിഷൻ ഫാമിങ്ങിന്റെ സാധ്യതകളെ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും ചിറ്റൂരിൽ തക്കാളി കൃഷിയിൽ പ്രിസിഷൻ ഫാമിങ്ങിലൂടെ ലോക റെക്കോർഡ് മറികടന്നാണ് തക്കാളി ഉത്പാദിപ്പിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാധ്യതകൾ എല്ലാ കൃഷിയിലും അവലംബിക്കാൻ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനം പ്രതികൂല സാഹചര്യത്തിലും വികസന പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു: മന്ത്രി എം.ബി രാജേഷ്

സംസ്ഥാനം അതീവ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എന്റെ കേരളം 2023 പ്രദർശന വിപണന മേള ഉദ്ഘാടനത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് 40,000 കോടിയോളം രൂപ നികുതി നഷ്ടം നേരിടേണ്ടി വന്ന സാഹചര്യത്തിലും 23,000 കോടി രൂപ തനത് വരുമാനം വർധിപ്പിക്കാനായി. സംസ്ഥാനം നേരിട്ട നികുതി നഷ്ടം സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചെങ്കിലും തനത് വരുമാനം വർധിപ്പിക്കാനായത് പ്രതിസന്ധി സൃഷ്ടിക്കാതെ നിലനിർത്തി. ഇത്തരം ഞെരുക്കം ഇല്ലായിരുന്നെങ്കിൽ സംസ്ഥാനം വികസനക്കുതിപ്പിൽ കൂടുതൽ മികവുറ്റതായെനെയെന്നും അദ്ദേഹം പറഞ്ഞു. 2024 ഓടെ സമ്പൂർണ മാലിന്യ സംസ്കരണ വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക ലക്ഷ്യമാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇത് അസാധ്യമായ കാര്യമല്ല. മറ്റൊരു ബ്രഹ്മപുരം പ്രതിസന്ധി സൃഷ്ടിക്കപ്പെടാതിരിക്കാൻ നമ്മൾ ഓരോരുത്തരും മാലിന്യ സംസ്കരണം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ജനപങ്കാളിത്തത്തോടെ മാത്രമേ മാലിന്യമുക്ത സംസ്ഥാനം സൃഷ്ടിക്കാനാകൂ. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിച്ച് അജൈവ മാലിന്യങ്ങൾ ഹരിത കർമ സേനാംഗങ്ങൾക്ക് യൂസർ ഫീ നൽകി കൈമാറാൻ ജനങ്ങൾ തയ്യാറാകണം. യൂസർ ഫീ നൽകുന്നതിൽ വിമുഖത കാണിക്കരുത്. നവകേരളത്തെ വൃത്തിയുള്ള മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

ആലത്തൂർ കൃഷി ഓഫീസ് ഫാമിൽ നിന്നുള്ള പച്ചക്കറി വിത്തുകൾ നൽകിയാണ് മന്ത്രിമാരെ സ്വീകരിച്ചത്. പരിപാടിയിൽ എം.എൽ.എമാരായ എ. പ്രഭാകരൻ, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. കെ. പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എ.ഡി.എം കെ. മണികണ്ഠൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

പ്രദർശന വിപണന മേള 15 വരെ

പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കുന്ന മേളയിൽ വിവിധ ഉത്പന്നങ്ങളുടെ പ്രദർശന വിപണയോടൊപ്പം 15 വരെ ആകർഷകമായ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. 'യുവതയുടെ സന്തോഷം' എന്ന ആശയം അടിസ്ഥാനമാക്കി സജ്ജമാക്കുന്ന മേളയിൽ യുവാക്കളെ കേന്ദ്രീകരിച്ച് ജോബ് ഡ്രൈവ്, സ്റ്റാർട്ടപ്പ് മിഷൻ സേവനങ്ങൾ, നവസംരംഭകർക്കായി ലോൺ അപേക്ഷ സ്വീകരിക്കൽ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയവയുണ്ടാകും. പ്രവേശനം സൗജന്യമാണ്. ശീതീകരിച്ച 200 സ്റ്റാളുകളിൽ സർക്കാർ വകുപ്പുകളുടെ വിവിധ സേവനങ്ങളും പ്രദർശനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും. പാർക്കിങ് സൗകര്യവും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.