- Trending Now:
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 20 മുതൽ 27 വരെ കനകക്കുന്നിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് വിപുലമായ ഒരുക്കം. മേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. 'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്ന പ്രമേയം മുൻനിർത്തിയാണ് മേള ഒരുക്കുന്നത്. മെയ് 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും വിശദമാക്കുന്ന പ്രദർശന സ്റ്റാളുകൾ, സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ തത്സമയം സൗജന്യമായി ലഭ്യമാക്കുന്ന സർവീസ് സ്റ്റാളുകൾ, സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാങ്ങാൻ കഴിയുന്ന വിപണന സ്റ്റാളുകൾ, ഭക്ഷ്യമേള, എന്നിവ എന്റെ കേരളം മേളയുടെ പ്രധാന ആകർഷണമായിരിക്കും. യുവജനങ്ങൾക്കായി ടെക്നോളജി രംഗത്ത് കേരളം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും സ്റ്റാർട്ട് അപ്, സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അടങ്ങിയ ടെക്നോ സോണും മേളയിലുണ്ടാകും. നിശാഗന്ധിയിൽ എല്ലാ ദിവസവും വൈകിട്ട് വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഫോട്ടോഗ്രാഫി, സെൽഫി തുടങ്ങിയ മത്സരങ്ങളും കനകക്കുന്നിൽ സംഘടിപ്പിക്കും. മികച്ച സ്റ്റാളുകൾക്കും മികച്ച കവറേജിന് മാധ്യമങ്ങൾക്കും പുരസ്കാരങ്ങൾ നൽകും.
അവലോകന യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, സബ്കളക്ടർ അശ്വതി ശ്രീനിവാസ്, സംഘാടകസമിതി ജനറൽ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ ജി. ബിൻസിലാൽ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.