Sections

ഭാവിയുടെ സാങ്കേതികവിദ്യയെ തൊട്ടറിയാം- സ്റ്റാർട്ടപ്പ് മിഷൻ പവലിയനിലൂടെ

Tuesday, Apr 22, 2025
Reported By Admin
AI & Robotics Pavilion at Ente Keralam 2025 Expo

എൻറെ കേരളം 2025 പ്രദർശനത്തിന് കാസർഗോഡ് തുടക്കമായി


കാസർഗോഡ്: നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളെ പൊതുജനങ്ങൾക്ക് അനുഭവവേദ്യമാക്കി എൻറെ കേരളം 2025 പ്രദർശന വിപണന മേളയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കിയ പവലിയൻ ഭാവിയുടെ നേർക്കാഴ്ചയായി. സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 21 മുതൽ മെയ് 24 വരെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പ്രദർശന മേളയിൽ ഈ പവലിയൻ ജനങ്ങൾക്ക് സന്ദർശിക്കാം.

സാധാരണക്കാരായ പൊതുജനങ്ങൾക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നേരിട്ടറിയാൻ തക്കവിധമുള്ള എക്സ്പീരിയൻസ് സെൻററുകളായാണ് ഓരോ ജില്ലയിലും കെഎസ്യുമ്മിൻറെ പവലിയനുകൾ പ്രവർത്തിക്കുകയെന്ന് സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധി, ഓഗ്മെൻറഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, ത്രിഡി പ്രിൻറിംഗ്, ഡ്രോൺ, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദർശനമാണ് നടത്തുന്നത്.

Visitors exploring futuristic technologies at a Kerala tech expo
ഭാവിയും ഭൂതവും വർത്തമാനവും'- എന്റെ കേരളം 2025 പ്രദർശനത്തോടനുബന്ധിച്ച് കെഎസ്യുഎം പവലിയനിൽ റോബോട്ടിനോട് സംവദിക്കുന്ന പരിസരവാസി. കെഎസ്യുഎം വോളണ്ടിയർ സമീപം.

ശബ്ദത്തിലൂടെ വീഡിയോ നിർമ്മാണം, ശബ്ദത്തിലൂടെ ടാക്സി വിളിക്കൽ, പുതുതലമുറ വാക്കുകളുടെ വിശകലനം, എആർ വിആർ കണ്ണടകൾ, ഗെയിമുകൾ, ഡോഗ്ബോട്ട് എന്ന റോബോട്ട് നായ, കുട്ടികൾക്ക് ക്ലാസെടുക്കുന്ന റോബോട്ട്, മിനി ബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചർ, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങി ഭാവി ജീവിതത്തിൽ പൊതുജനം നേരിട്ടറിയാൻ പോകുന്ന സാങ്കേതികവിദ്യകളുടെ പരിച്ഛേദമാണ് ഇവിടെ നൽകുന്നതെന്നും അനൂപ് അംബിക പറഞ്ഞു.

ഓരോ ജില്ലയിലും 1000 മുതൽ 1500 വരെ ചതുരശ്രയടി വിസ്തീർണമുള്ള പവലിയനുകളാകും ഉണ്ടാകുന്നത്. എല്ലാ ജില്ലകളിലും ഏഴ് ദിവസം വീതമാണ് എൻറെ കേരളം- 2025 പ്രദർശനം നടക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.