- Trending Now:
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മെയ് 3 മുതൽ 12 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുങ്ങുന്നത് വൈവിധ്യമാർന്ന പ്രമേയങ്ങളും ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന നൂറുകണക്കിന് സ്റ്റാളുകൾ. മേളയിൽ വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന തീം, സേവന സ്റ്റാളുകളിലെ ഉള്ളടക്കം, ഡിസൈൻ, അവതരണ രീതി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും മേധാവികൾ യോഗത്തിൽ പങ്കെടുത്തു.
വിവിധ മേഖലകളിൽ കൈവരിച്ച വികസന പദ്ധതികൾ മികവോടെ അവതരിപ്പിക്കുന്നതിനോടൊപ്പം സർക്കാർ സേവനങ്ങൾ, ക്ഷേമപദ്ധതികൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സ്റ്റാളുകളിൽ അവസരമൊരുക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിന് സ്റ്റാളുകളിൽ അവസരമൊരുക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ മേളയിലുണ്ടാവും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ആകർഷിക്കുന്ന രീതിയിൽ മേള ആസൂത്രണം ചെയ്യണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
സൗജന്യ ജലം, മണ്ണ് പരിശോധന, ഭക്ഷണ സാധനങ്ങളുടെ പരിശോധന, ആരോഗ്യ പരിശോധനകൾ, ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ, രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കർ രജിസ്ട്രേഷൻ, തുടങ്ങി വിവിധ സേവനങ്ങളിൽ മേളയിൽ ലഭ്യമാക്കും. പുസ്തക മേള, കുട്ടികൾക്കായുള്ള എന്റെർടെയിൻമെന്റ് ഏരിയ, ആക്ടിവിറ്റി സോണുകൾ, ഇ-സ്പോർട്സ് സോൺ തുടങ്ങിയവയും മേളയുടെ ഭാഗമായി സജ്ജീകരിക്കും. കാർഷിക ഉൽപ്പന്നങ്ങൾ, കാർഷിക യന്ത്രങ്ങൾ, ചെടികൾ, പക്ഷികൾ, പ്രത്യേക ഇനം വളർത്തുമൃഗങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും മേളയുടെ ഭാഗമായി നടക്കും. ദുരന്തനിവാരണം, മയക്കുമരുന്നിനെതിരായ പ്രതിരോധം, വിദ്യാർഥികൾക്കായുള്ള കരിയർ- വിദ്യാഭ്യാസ ഗൈഡൻസ്, കൗൺസലിംഗ്, വിവിധ സെമിനാറുകൾ, പാനൽ ചർച്ചകൾ എന്നിവയും എന്റെ കേരളം മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഇതിനു പുറമെ, കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന സരസ് മേളയുടെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമായി മുന്നോറോളം വിപണന സ്റ്റാളുകളും ബീച്ചിൽ ഒരുക്കും. വിദേശരാജ്യങ്ങളിൽ നിന്നുള്ള രുചിവൈവിധ്യങ്ങൾ ഉൾപ്പെടെയുള്ള വിശാലമായ ഫുഡ്കോർട്ടും എല്ലാ ദിവസവും കലാ- സംഗീത പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കും.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ ഹർഷിൽ ആർ മീണ, ജില്ലാ പോലീസ് മേധാവി അരുൺ കെ പവിത്രൻ, എഡിഎം സി മുഹമ്മദ് റഫീക്ക്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൽ കരീം, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.