- Trending Now:
സംസ്ഥാനത്തിന്റെ ജനക്ഷേമ, വികസന ചരിത്രത്തിൽ മുന്നേറ്റത്തിന്റെ പുതിയ അധ്യായം തുറന്ന രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ശനിയാഴ്ച്ച(ഏപ്രിൽ 1) എറണാകുളത്ത് തുടക്കമാകും. വാർഷികാഘോഷത്തിന്റെയും എന്റെ കേരളം 2023 മെഗാ പ്രദർശന-വിപണന-കലാമേളകളുടെയും സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈൻഡ്രൈവ് മൈതാനിയിൽ ശനിയാഴ്ച്ച വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെയാണ് എറണാകുളത്ത് സംഘടിപ്പിക്കുന്നത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള ആവിഷ്കരിച്ചിരിക്കുന്നത്.
ഏപ്രിൽ ഒന്നിന് വൈകിട്ട് ഏഴിന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കൊച്ചി മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി ഗണേശ് കുമാർ, കെ.പി. മോഹനൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ പ്രസംഗിക്കും. ജില്ലയിൽ നിന്നുള്ള എം.പിമാരും എം.എൽ.എമാരുമടക്കമുള്ള ജനപ്രതിനിധികൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
63680 ചതുരശ്രഅടി വിസ്തീർണത്തിൽ ഒരുങ്ങുന്ന മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെ 36 തീം സ്റ്റാളുകൾ ഉൾപ്പെടെ 170 സ്റ്റാളുകൾ അണിനിരക്കുന്നുണ്ട്.
സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദർശനത്തിൽ വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ യൂണിറ്റുകൾ, കുടുംബശ്രീ, സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവരും പങ്കെടുക്കുന്നുണ്ട്. വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് ക്ലിനിക്കുകൾ, ടെക്നോളജി പ്രദർശനം, ചർച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്സിബിഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകൾ മേളയുടെ ആകർഷണമാകും. ഏപ്രിൽ ഏഴ് ഒഴികെ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും. ആധാർ രജിസ്ട്രേഷൻ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾ തത്സമയം അക്ഷയയുടെ പവിലിയനിൽ ലഭിക്കും. റേഷൻ കാർഡ് സംബന്ധമായ പ്രശ്നങ്ങൾ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളിൽ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാൾ. മാലിന്യ സംസ്കരണത്തിലെ പുതിയ മാതൃകകൾ ശുചിത്വ മിഷൻ അവതരിപ്പിക്കും. യുവജനങ്ങൾക്കായി സേവനം, വിദ്യാഭ്യാസം, തൊഴിൽ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാർട്ടപ്പ് മിഷൻ, തൊഴിൽ - എംപ്ലോയ്മെന്റ് വകുപ്പുകൾ, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഈ വിഭാഗത്തിലുണ്ടാകും. ഊർജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകൾ അനർട്ടിന്റെയും എനർജി മാനേജ്മെന്റ് സെന്ററിന്റെയും സ്റ്റാളുകളിൽ പ്രദർശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനിൽ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.
സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്സൈസ്, ഫയർ ആന്റ് റെസ്ക്യൂ, കെ.എസ്.ഐ.ഡി.സി, കിൻഫ്ര, മോട്ടോർ വെഹിക്കിൾ, പൊതുമരാമത്ത്, രജിസ്ട്രേഷൻ, സോഷ്യൽ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവർഗം, കയർ, ലീഗൽ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് വകുപ്പുകളും പ്രദർശനത്തിൽ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോർ ഡിസ്പ്ലെ സോണുകളും സജ്ജമാക്കുന്നുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തിൽ ദിവസവും ഡോഗ് ഷോ, വാഹന പ്രദർശനം, സ്വയരക്ഷാ പരിശീലന പ്രദർശനം എന്നിവയും പ്രദർശന നഗരിയിൽ അരങ്ങേറും.
ഉദ്ഘാടന ദിവസമായ ഏപ്രിൽ ഒന്നിന് സ്റ്റീഫൻ ദേവസിയുടെ ബാൻഡ് അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ (ഏപ്രിൽ 6 വരെ) വൈകിട്ട് ഏഴു മുതൽ ജാസി ഗിഫ്റ്റ് മ്യൂസിക് നെറ്റ്, ദുർഗ വിശ്വനാഥ് - വിപിൻ സേവ്യർ ഗാനമേള, താമരശ്ശേരി ചുരം ബാൻഡ്, അലോഷിയുടെ ഗസൽ രാത്രി, ആട്ടം ചെമ്മീൻ ബാൻഡ് എന്നിവ അരങ്ങേറും. ഏപ്രിൽ എട്ടിന് വൈകിട്ട് ഏഴിന് നടക്കുന്ന ഗിന്നസ് പക്രു സൂപ്പർ മെഗാഷോയോടെ മേള സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.