- Trending Now:
ഈ തലമുറ മാറ്റത്തിന് ഏറ്റവും കുറഞ്ഞത് മൂന്ന് സൂപ്പര്‍സ്റ്റാര്‍ ബിസിനസുകളുടെ ആവിര്‍ഭാവം ഉണ്ടാകുമെന്നാണ് കരുതുന്നത്
റിലയന്‍സ് എന്ന വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്ത് തലമുറ മാറ്റം അനിവാര്യമായി വന്നിരിക്കുന്നുവെന്നാണ് ഇന്ത്യയിലെയെന്നല്ല, ഏഷ്യന്‍ വന്‍കരയിലെ തന്നെ ഏറ്റവും ധനികനായ മുകേഷ് അംബാനി പറഞ്ഞത്. മുകേഷ് അംബാനി തന്റെ 217 ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള വ്യവസായ സാമ്രാജ്യം എങ്ങിനെ വീതംവെക്കുമെന്നതാണ് ഇപ്പോള്‍ ബിസിനസ് ലോകത്തെ പ്രധാന ചര്‍ച്ച. ഈ തലമുറ മാറ്റത്തിന് ഏറ്റവും കുറഞ്ഞത് മൂന്ന് സൂപ്പര്‍സ്റ്റാര്‍ ബിസിനസുകളുടെ ആവിര്‍ഭാവം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതാത് സെക്ടറുകളില്‍ വന്‍ ലാഭവുമായി മുന്നേറുന്നതാവും ഈ വ്യവസായ സംരംഭങ്ങളെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
2002 ല്‍ ധിരുഭായ് അംബാനിയുടെ മരണത്തെ തുടര്‍ന്ന് സഹോദരന്‍ അനില്‍ അംബാനിയുമായുണ്ടായ സ്വത്ത് തര്‍ക്കത്തിന്റെ എല്ലാ ദുഷ്‌കീര്‍ത്തികളും നേരിട്ടറിഞ്ഞയാളാണ് മുകേഷ് അംബാനി. അതിനാല്‍ തന്നെ 64കാരനായ അദ്ദേഹം ഇനിയും അത്തരമൊരു തര്‍ക്കത്തിലേക്ക് കുടുംബം പോകരുതെന്ന നിലപാടുള്ളയാളുമാണ്. അതിനായി റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിനെ ഒരു ട്രസ്റ്റ് മാതൃകയിലേക്ക് മാറ്റാണ് ആലോചനയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ഭരണസമിതിയില്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അംഗങ്ങളായിരിക്കും. ഇവര്‍ക്ക് പുറമെ ഇരട്ടകളായ ആകാശും ഇഷയും ഇവരുടെ ഇളയ സഹോദരന്‍ ആനന്തും ഈ ബോര്‍ഡിലുണ്ടാകും. അതിലൂടെ തങ്ങളുടെ വ്യവസായ സാമ്രാജ്യത്തെ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
നിലവിലുള്ള എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, ടെലികോം, റീട്ടെയില്‍ ആസ്തികള്‍ എന്നിവ വിഭജിക്കാനുള്ള മികച്ച ഓപ്ഷനാണ് കുടുംബം സംയുക്തമായി മൊത്തത്തിലുള്ള മേല്‍നോട്ടം വഹിക്കുന്നത് എന്നതുകൊണ്ടാണ് ഈ നിലയിലുള്ള ആലോചന. അതേസമയം മൂന്ന് സൂപ്പര്‍സ്റ്റാര്‍ ബിസിനസ് മാതൃക മൂന്ന് മക്കള്‍ക്കെന്ന നിലയില്‍ മുകേഷ് അംബാനി നോക്കിവെച്ചിട്ടുണ്ട്. ഊര്‍ജ്ജം, ടെലികോം, ചില്ലറ വ്യാപാരം എന്നീ മേഖലകളില്‍ വലിയ കുതിപ്പാണ് അംബാനി നോട്ടമിടുന്നത്.
സോളാര്‍, ബാറ്ററികള്‍, ഹൈഡ്രജന്‍ തുടങ്ങിയ ഊര്‍ജ്ജോല്‍പ്പാദന മേഖലകളില്‍ വന്‍ നിക്ഷേപം നടത്തി ക്ലീന്‍ എനര്‍ജി രംഗത്തേുള്ള മുന്നേറ്റത്തിലേക്കാണ് റിലയന്‍സ് നീങ്ങുന്നത്. കാലങ്ങളായി ഊര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയും നടത്താത്ത പരീക്ഷണമാണ് റിലയന്‍സിന്റേത്. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ കുടുംബത്തിലൊരു അസ്വാരസ്യം മുകേഷ് അംബാനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.
അംബാനി കുടുംബത്തിന് മുന്നേറ്റം നേടാന്‍ ആഗ്രഹമുള്ള മറ്റൊരു സെക്ടര്‍ ടെലികോം രംഗമാണ്. റിലയന്‍സ് ജിയോ ഇന്‍ഫോകോം (Reliance Jio Infocomm) ലിമിറ്റഡ്, വിപണി വിഹിതത്തിലെ നേട്ടം ലക്ഷ്യമിട്ട് എക്കാലത്തെയും വലിയ ബോണ്ട് വില്‍പ്പനയിലേക്ക് നീങ്ങുന്നത് ഇതിന്റെ ഭാഗമായാണ്. 2016 ല്‍ ഈ സെക്ടറില്‍ കടന്നുവരുമ്പോള്‍ 12 എതിരാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ജിയോ ഒന്നാമതെത്തിയപ്പോഴേക്കും എതിരാളികളുടെ എണ്ണം മൂന്നായി ചുരുങ്ങി. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവാണ് ജിയോ( Jio). അഞ്ച് വര്‍ഷ കാലാവധിയുള്ള ബോണ്ടുകളിലൂടെ 50 ബില്യണ്‍ രൂപ അല്ലെങ്കില്‍ 671 ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് ശ്രമം. അതുവഴി 5ജി സേവനരംഗത്തും അതിന്റെ വരുംകാല ഭാവിയിലും നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.
പക്ഷെ വന്‍ കുതിപ്പ് ലക്ഷ്യമിടുന്ന ചില്ലറ വ്യാപാര രംഗത്ത് റിലയന്‍സിന് കാര്യങ്ങള്‍ എളുപ്പമാകില്ല. വാട്ട്സ്ആപ്പ് ചാറ്റ് സേവനത്തിലൂടെ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന അയല്‍പക്ക ഷോപ്പുകളുടെ കൂട്ടുകെട്ടുണ്ടാക്കി മുന്നേറാനാണ് റിലയന്‍സ് ശ്രമം. എന്നാല്‍ ആമസോണും ഫ്‌ലിപ്കാര്‍ട്ടും അടക്കം വമ്പന്മാരുള്ള വിപണിയില്‍ റിലയന്‍സിന് കാര്യങ്ങള്‍ എളുപ്പമല്ല. കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിന്റെ ആസ്തികള്‍ വാങ്ങാനുള്ള ശ്രമം എങ്ങുമെത്താതെ നില്‍ക്കുന്നത് തന്നെ ആമസോണ്‍ എന്ന എതിരാളി റിലയന്‍സിന്റെ റീടെയ്ല്‍ രംഗത്തേക്കുള്ള വരവിനെ എങ്ങിനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ തെളിവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.