- Trending Now:
ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വീണ്ടും ഇലോണ്‍ മസ്‌ക്. നേരത്തെ ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് ഇലോണ്‍ മസ്‌ക് പിന്മാറിയതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഇലോണ്‍ മസ്‌കിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മധ്യസ്ഥ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ഇലോണ്‍ മസ്‌കിന്റെ മനം മാറ്റം. 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. കോടതി വ്യവഹാരം ഒഴിവാക്കാനായുള്ള സമവായ നീക്കമായാണ് മസ്‌കിന്റെ മനംമാറ്റത്തെ വിലയിരുത്തുന്നത്. ഒരു ഷെയറിന് 54.20 ഡോളര്‍ എന്ന വിലയ്ക്ക് ഏറ്റെടുക്കാമെന്നാണ് മസ്‌ക് അറിയിച്ചിട്ടുള്ളത്. നേരത്തെ കരാറില്‍ നിന്ന് പിന്മാറും മുന്‍പ് ധാരണയായ അതേവിലയാണ് ഇത്.
വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ സംബന്ധിച്ച തര്‍ക്കത്തിന്റെ പേരിലായിരുന്നു ഇലോണ്‍ മസ്‌ക് നേരത്തെ ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോയത് കഴിഞ്ഞ ഏപ്രിലില്‍ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്‌ക് പ്രഖ്യാപിച്ചത്. തര്‍ക്കത്തിന് പിന്നാലെ ജൂലൈ 8നായിരുന്നു ഇലോണ്‍ മസ്‌ക് കരാറില്‍ നിന്ന് പിന്മാറിയത്. ട്വിറ്റര്‍ കാണിച്ച കണക്കുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ആരോപണം. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് ഇലോണ്‍ മസ്‌ക് ചൂണ്ടിക്കാണിച്ചത്. കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നല്‍കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്പനി അംഗീകരിക്കുന്നില്ലെന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്റെ വാദം.
ട്വിറ്ററിനെ കൂടുതല്‍ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അല്‍ഗൊരിതം മാറ്റുക, കൂടുതല്‍ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നല്‍കുക എന്നിവയെല്ലാം ട്വിറ്ററില്‍ താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളായി കരാറില്‍ നിന്ന് പിന്മാറും മുമ്പ് ഇലോണ്‍ മസ്‌ക് പ്രതികരിച്ചിരുന്നു. ട്വിറ്ററില്‍ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്. 80 ദശലക്ഷത്തിലധികം ഫോളോവേര്‌സാണ് ട്വിറ്ററില്‍ അദ്ദേഹത്തിനുള്ളത്. 2009 മുതല്‍ ട്വിറ്ററില്‍ സ്ഥിര സാന്നിധ്യമായ ഇലോണ്‍ മസ്‌ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ വലിയ പ്രഖ്യാപനങ്ങള്‍ക്ക് ട്വിറ്റര്‍ ഹാന്റില്‍ ഉപയോഗിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.