- Trending Now:
യൂണിറ്റിന് നാൽപ്പത്തിനാല് പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്
ജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസ കൂടി ജൂൺ മാസത്തിൽ ഈടാക്കാൻ കെഎസ്ഇബി ഉത്തരവിട്ടു. നിലവിലെ ഒമ്പത് പൈസയ്ക്ക് പുറമെയാണിത്. മാസം നാൽപത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെ സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ ഈടാക്കുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി ഈടാക്കുമ്പോൾ 19 പൈസയാണ് സർചാർജ് ഇനത്തിൽ ഇന്നു മുതൽ നൽകേണ്ടത്. യൂണിറ്റിന് നാൽപ്പത്തിനാല് പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാൽ റെഗുലേറ്ററി കമ്മിഷൻറെ അനുമതി ഇല്ലാതെ ബോർഡിന് പരമാവധി കൂട്ടാവുന്ന തുക പത്തുപൈസയായി കുറച്ച പശ്ചാത്തലത്തിലാണ് ഇത്രയും കുറഞ്ഞ വർധന. നിലവിൽ ഈടാക്കുന്ന ഒമ്പത് പൈസ സർചാർജ് ഒക്ടോബർ വരെ തുടരാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനം വന്നതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് പത്ത് പൈസ കൂടി കൂട്ടാൻ കെഎസ്ഇബിയും തീരുമാനം എടുത്തത്.
കഴിഞ്ഞ ജൂലൈ മുതൽ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങിയതിനാണ് ഉപഭോക്താക്കളിൽ സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. മാസം നാൽപത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫ് നൽകുന്നവരെയും പത്ത് പൈസ സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കെ എസ് ഇ ബി സമർപ്പിച്ച താരിഫ് നിർദേശങ്ങളിൽ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്ക് ജൂലൈ മാസം കൂടിയേക്കും. അഞ്ച് വർഷത്തേക്കുള്ള താരിഫ് വർധനയ്ക്കാണ് വൈദ്യുതി ബോർഡ് അപേക്ഷ നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.