Sections

ഇലക്ട്രിക് വാഹനങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ച് മലയാളക്കര

Friday, Oct 07, 2022
Reported By MANU KILIMANOOR

സെപ്തംബറില്‍ എല്ലാ ശ്രേണികളിലുമായി ആകെ 91,568 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്

കേരളത്തില്‍ ഇലക്ട്രിക് വാഹന തരംഗം അലയടിക്കുന്നു. എല്ലാ ജില്ലകളിലും കെ.എസ്.ഇ.ബി വാഹന ചാര്‍ജ്ജിംഗ് സൗകര്യമൊരുക്കിയതോടെ വന്‍തോതില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റുപോവുകയാണ്. പൊതുസ്ഥലങ്ങളില്‍ ഇലക്ട്രിക് ചാര്‍ജ്ജിംഗ് കിയോസ്‌കുകള്‍ ഒരുക്കുന്നതിന് പുറമേ, ഇലക്ട്രിക് പോസ്റ്റുകളില്‍ വാഹന ചാര്‍ജ്ജിംഗിന് കെ.എസ്.ഇ.ബി സൗകര്യമൊരുക്കുന്നുണ്ട്.ചാര്‍ജ്ജിംഗിന്‌സൗ കര്യമുണ്ടായതോടെയാണ് ഇലക്ട്രിക് വില്‍പ്പന കൂടിയത്. സെപ്തംബറില്‍ എല്ലാ ശ്രേണികളിലുമായി ആകെ 91,568 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്പനയാണ്.ആഗസ്റ്റിലെ 86,066 യൂണിറ്റുകളേക്കാള്‍ 6 ശതമാനവും 2021 സെപ്തംബറിനേക്കാള്‍ 167 ശതമാനവും അധികമാണിത്.

2022ലുടനീളം ഇലക്ട്രിക് വാഹന വില്പന മികച്ച നേട്ടമാണ് കുറിച്ചത്; ഏപ്രിലിലും മേയിലും മാത്രം തിരിച്ചടി നേരിട്ടു. ഇലക്ട്രിക് ടൂവീലറുകളിലെ ബാറ്ററി പൊട്ടിത്തെറി സംഭവങ്ങള്‍ സൃഷ്ടിച്ച ആശങ്കയാണ് ആ മാസങ്ങളില്‍ തിരിച്ചടിയായത്.മാര്‍ച്ചില്‍ 50,764 ഇ-ടൂവീലറുകള്‍ വിറ്റഴിക്കപ്പെട്ടിരുന്നു. മേയില്‍ ഇത് 40,089ലേക്ക് കൂപ്പുകുത്തി. പിന്നീട്, കഴിഞ്ഞമാസമാണ് വീണ്ടും 50,000 യൂണിറ്റുകള്‍ വിറ്റുപോയത്.9,600 യൂണിറ്റുകളുമായി സെപ്തംബറില്‍ ഒല ഇലക്ട്രിക് ഏറ്റവും ഉയര്‍ന്ന വില്പനനേട്ടം രേഖപ്പെടുത്തി. ഒകിനാവ (8,200 യൂണിറ്റുകള്‍) രണ്ടാമതും ഹീറോ ഇലക്ട്രിക് (8,000 യൂണിറ്റുകള്‍ ) മൂന്നാമതുമാണ്.കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിയുന്നത് ഇലക്ട്രിക് ഓട്ടോകളാണ്. ഇതിന് സര്‍ക്കാരിന്റെ മുപ്പതിനായിരം രൂപ അല്ലെങ്കില്‍ വാഹന വിലയുടെ 25ശതമാനം സബ്‌സിഡിയുമുണ്ട്. വില്‍പ്പനയില്‍ 9.71ശതമാനം കാറുകള്‍, 9.02ശതമാനം ടൂ വീലറുകള്‍, 1.49 ശതമാനം ട്രാക്ടറുകള്‍ എന്നിങ്ങനെയുണ്ട്.

ടൂവീലറുകളില്‍ 27.98 ശതമാനം വിപണിവിഹിതവുമായി ഹോണ്ടയാണ് മുന്നില്‍. കാറുകളില്‍ മാരുതി സുസുക്കി (39.88 ശതമാനം). ത്രീവീലറില്‍ ബജാജ് ഓട്ടോ (30.47 ശതമാനം), വാണിജ്യ വാഹനങ്ങളില്‍ ടാറ്റ (40.17 ശതമാനം), ട്രാക്ടറില്‍ മഹീന്ദ്ര (22.91 ശതമാനം).മൊത്തം വാഹനവില്പനയില്‍ ഇ വാഹനങ്ങളുടെ വിഹിതം ആദ്യമായി ആറ് ശതമാനം കടന്നിട്ടുണ്ട്. കാറുകളില്‍ ടാറ്റയാണ് ഇലക്ട്രിക് വാഹന വിപണിയില്‍ മുന്നില്‍.4,239 ഇലക്ട്രിക് കാറുകളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. ആഗസ്റ്റിനേക്കാള്‍ രണ്ട് ശതമാനം കുറവാണിത്; എന്നാല്‍ 2021 സെപ്തംബറിനേക്കാള്‍ 2.5 ശതമാനം അധികവുമാണ്. മൊത്തം ഇ-കാര്‍ വില്പനയില്‍ 80 ശതമാനവും ടാറ്റയുടെ മോഡലുകളാണ്.എല്ലാ ശ്രേണികളിലുമായി കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത് 14.61 ലക്ഷം വാഹനങ്ങളാണ്. 2021 സെപ്തംബറിലെ റീട്ടെയില്‍ വില്പന 13.19 ലക്ഷമായിരുന്നു. സെമി-കണ്ടക്ടര്‍ (ചിപ്പ്) ക്ഷാമം കുറഞ്ഞതും പുത്തന്‍ ലോഞ്ചുകളും ഫീച്ചര്‍ സമ്പന്നമായ പുതിയ മോഡലുകളുമാണ് വാഹനവിപണിക്ക് ഉണര്‍വാകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.