Sections

ഇനി പാചകം കൂടുതല്‍ രുചികരമാക്കാം; ഭക്ഷ്യ എണ്ണയുടെ വില കുറയുന്നു

Sunday, Jun 19, 2022
Reported By admin
oil

ക്രൂഡ് പാമോയില്‍, സോയോയില്‍, സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില ഈ ആഴ്ച സര്‍ക്കാര്‍ കുറച്ചിരുന്നു

 

ഭക്ഷ്യ എണ്ണ വിലയുടെ വില കുറഞ്ഞു തുടങ്ങി. ഏതാനും മാസങ്ങളായി കുത്തനെ കൂട്ടിയിരുന്ന എണ്ണ വിലകളാണ് കമ്പനികള്‍ കുറച്ചിരിക്കുന്നത്. എണ്ണക്കുരു ഉല്‍പ്പാദനം കുറഞ്ഞതും മറ്റ് പ്രൊസസിംഗ് ചെലവുകള്‍ കൂടിയതുമാണ് നേരത്തെയുള്ള എണ്ണ വില വര്‍ധനക്ക് കാരണമെന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്‍ന്നാണ് കമ്പനികള്‍ വില കുറയ്ക്കുന്നത്. ക്രൂഡ് പാമോയില്‍, സോയോയില്‍, സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില ഈ ആഴ്ച സര്‍ക്കാര്‍ കുറച്ചിരുന്നു.

അദാനി വില്‍മര്‍ ഭക്ഷ്യ എണ്ണക്ക് ലിറ്ററിന് 10 രൂപ കുറച്ചു. ഫോര്‍ച്യൂണ്‍ റിഫൈന്‍ഡ് സണ്‍ഫ്‌ലവര്‍ ഓയിലിന്റെ എം ആര്‍ പി 220 രൂപയില്‍ നിന്ന് 210 രൂപയാക്കിയാണ് അദാനി വില്‍മര്‍ വില കുറച്ചത്. ഫോര്‍ച്യൂണ്‍ സോയാബീന്‍, ഫോര്‍ച്യൂണ്‍ കാച്ചി ഗനി (കടുകെണ്ണ) എന്നിവയുടെ വില 205 രൂപയില്‍ നിന്ന് 105 രൂപയായും കുറച്ചുവെന്ന് കമ്പനി അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ജെമിനി എഡിബിള്‍സ് ആന്‍ഡ് ഫാറ്റ്സ് എന്ന കമ്പനിയും ഫ്രീഡം സണ്‍ഫ്‌ലവര്‍ ഓയിലിന്റെ 1 ലിറ്റര്‍ പാക്കറ്റിന്റെ എംആര്‍പി 15 രൂപ കുറച്ച് 220 ആക്കി. കമ്പനി വില ഇനിയും കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അസംസ്‌കൃത പാമോയിലിന്റെ പുതിയ അടിസ്ഥാന ഇറക്കുമതി വില ടണ്ണിന് 1,625 ഡോളറില്‍ നിന്ന് കുറച്ച് 1,620 ഡോളറാക്കി. അതേ സമയം RBD പാം ഓയില്‍, RBD പാമോലിന്‍ അടിസ്ഥാന വിലകളും യഥാക്രമം ടണ്ണിന് 1,757 ഡോളറായും ടണ്ണിന് 1,767 ഡോളറായും കുറച്ചു. അസംസ്‌കൃത സോയ ഓയില്‍ എണ്ണയുടെ അടിസ്ഥാന ഇറക്കുമതി വില ടണ്ണിന് 1,866 ഡോളറില്‍ നിന്ന് 1,831 ഡോളറായി താഴ്ത്തി.

ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമാണ് ഇന്ത്യയിലേക്കാവശ്യമായ എണ്ണ ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് പ്രതി വര്‍ഷം 13.5 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. അതില്‍ 8-8.5 ദശലക്ഷം ടണ്‍ (ഏകദേശം 63 ശതമാനം) പാം ഓയില്‍ ആണ്. ഏകദേശം 45 ശതമാനം ഇന്തോനേഷ്യയില്‍ നിന്നും ബാക്കിയുള്ളത് അയല്‍രാജ്യമായ മലേഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.