Sections

സ്വകാര്യമേഖലയിൽ സംസ്ഥാനത്ത് ആദ്യമായി മൾട്ടി സോൺ ഇൻഡസ്ട്രിയൽ, ലൊജിസ്റ്റിക് പാർക്ക്

Wednesday, Dec 14, 2022
Reported By MANU KILIMANOOR

ആറായിരത്തോളം തൊഴിലവസരങ്ങളാണ് പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്


എടയാർ സിങ്ക് ലിമിറ്റഡ് ഫോർച്യൂൺ ഗ്രൗണ്ട് എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. എടയാർ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയയിൽ കമ്പനിയുടെ 108 ഏക്കർ സ്ഥലത്ത് മൾട്ടി -സോൺ ഇൻഡസ്ട്രിയൽ പാർക്ക് ആൻഡ് ലോജിസ്റ്റിക്സ് ഹബ്ബാണ് കമ്പനി വികസിപ്പിക്കുന്നത്. 2023ന്റെ ആദ്യ പാദത്തിൽ ഒന്നാം ഘട്ട നിർമ്മാണം ആരംഭിച്ച് 2026ഓടെ പദ്ധതി പ്രവർത്തനക്ഷമമാകുമെന്നും കമ്പനി അധികൃതർ പറഞ്ഞു. ആറായിരത്തോളം തൊഴിലവസരങ്ങളാണ് പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്.സ്വകാര്യമേഖലയിൽ സംസ്ഥാനത്ത് ആദ്യത്തെ മൾട്ടി സോൺ ഇൻഡസ്ട്രിയൽ, ലൊജിസ്റ്റിക് പാർക്കാണിത്.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളത്. കേരള സർക്കാരിന്റെ ഇൻഡസ്ടറി ഫസ്റ്റ് നയത്തെ മുൻനിർത്തി, സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രാവർത്തികമാക്കുകയെന്ന വ്യവസായ മന്ത്രിയുടെ വീക്ഷണത്തെ ഊർജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം സജ്ജീകരിക്കുന്നത്.പരമ്പരാഗത സംഭരണ, ഗതാഗത പ്രവർത്തനങ്ങൾക്കപ്പുറം ലോജിസ്റ്റിക്സിനെ സമ്പൂർണ വ്യവസായമായി വികസിപ്പിച്ചെടുക്കുന്ന സംവിധാനം കൂടിയായിരിക്കുമിതെന്ന് എടയാർ സിങ്ക് ലിമിറ്റഡ് ചെയർമാൻ അബ്ദുൾ സലിം പറഞ്ഞു.ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളെന്ന സംസ്ഥാന സർക്കാർ പദ്ധതിയോട് ചേർന്ന് പ്രവർത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ബിനാനി സിങ്ക് 2014ൽ ആണ് പ്രവർത്തനം അവസാനിപ്പിച്ചത്. 2018 ൽ തുടങ്ങിയതാണ് പുനസംഘടനാ നടപടികൾ. കടങ്ങൾ പരിഹരിച്ച് പുതിയ പദ്ധതി രൂപപ്പെടുത്തിയെടുക്കുന്നത് ശ്രമകരമായിരുന്നെന്ന് കമ്പനി മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് ബിസ്മിത്ത് പറഞ്ഞു. 25 ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന വ്യാവസായിക, ലൊജിസ്റ്റിക് വെയർഹൗസുകളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുന്ന നിർദിഷ്ട പദ്ധതി ഇത്തരത്തിൽ കേരളത്തിലെ ആദ്യത്തേതും, ഏറ്റവും വലുതും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് സെൻറർ, മെഡിക്കൽ സെന്റർ, കൺവെൻഷൻ കേന്ദ്രം, എക്സ്പോ സെൻറർ, ഫുഡ്കോർട്ട്, വിർച്വൽ ഓഫീസുകൾ, തൊഴിലാളികൾക്കുള്ള താമസ സൗകര്യം, ബാർജ് ബെർത്തിങ് ടെർമിനൽ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. വേസ്റ്റ് മാനേജ്മെൻറ്, സൗരോർജ ഉല്പാദനം എന്നിവയ്ക്കും മികച്ച സംവിധാനം ഉണ്ടാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.