Sections

ജോയ് ആലുക്കാസിലെ റെയ്ഡ്; സ്വത്തുക്കൾ കണ്ടുകെട്ടി, ഇഡി നോട്ടീസ് നൽകും

Sunday, Feb 26, 2023
Reported By admin
joy alukkas

25,000 കോടിരൂപ ആസ്തിയുള്ള സ്ഥാപനമാണ് ജോയ് ആലുക്കാസ്


ഹവാല ഇടപാടിൽ തുടർ വിശദീകരണം തേടി ജോയ് ആലുക്കാസിന് ചെന്നൈയിലെ ഇഡി അഡ്ജുഡിക്കേറ്റ് കമ്മിറ്റി ഉടൻ നോടീസ് നൽകും. 105 കോടി രൂപ വിദേശ നാണ്യ വിനിമയം ചട്ടം ലംഘിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്തിയതിൽ വിശദീകരണം തേടും. ഇതിലെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ജോയ് ആലുക്കാസിനെതിരായ തുടരന്വേഷണം.

ജോയ് ആലുക്കാസ് വർഗീസ് ദുബായിലേക്ക് 305 കോടി ഹവാല ചാനൽ വഴി കടത്തിക്കൊണ്ടുപോയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പണം ജോയ് ആലുക്കാസ് വർഗീസിൻറെ പൂർണ്ണ ഉടമസ്ഥതയിലുള്ള ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിച്ചിരുന്നുവെന്ന് ഇഡി പറയുന്നു. ജോയ് ആലുക്കാസിന്റെ തൃശ്ശൂരിലെ വീട്ടിലും സ്ഥാപനത്തിലുമടക്കം ഇഡി ഒരു ദിവസം മുഴുവൻ നീളുന്ന പരിശോധന നടത്തിയിരുന്നു. ഫെമ നിയമത്തിലെ സെക്ഷൻ 4 ന്റെ അടക്കം ലംഘനമുണ്ടായെന്നാണ് കണ്ടെത്തൽ.

തൃശ്ശൂർ ശോഭ സിറ്റിയിലെ ജോയ് ആലുക്കാസ് വർഗീസിൻറെ വീടും ഭൂമി അടക്കമുള്ള 81.54 കോടിരൂപ മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലുള്ള 91.22 ലക്ഷം രൂപ, സ്ഥിര നിക്ഷേപമായ 5.58 കോടി രൂപ, ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻറെ 217.81 കോടി രൂപ മൂല്യം വരുന്ന ഓഹരികൾ അടക്കം 305.84 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ജോയ് ആലുക്കാസ് 25,000 കോടിരൂപ ആസ്തിയുള്ള സ്ഥാപനമാണ്. 305 കോടി രൂപയുടെ കേസിലാണ് കമ്പനി ഇഡി അന്വേഷണം നേരിടുന്നത്. പണത്തിൻറെ ഉറവിടം കൃത്യമായി ബോധപ്പെടുത്താനായാൽ വീട് കണ്ടുകെട്ടിയ നടപടികളടക്കം ഇഡി ഒഴിവാക്കും. കുറ്റം തെളിഞ്ഞാൽ 305.84 കോടിയുടെ സ്വത്ത് കേന്ദ്ര സർക്കാറിലേക്ക് മുതൽകൂട്ടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.