- Trending Now:
വീടുകളിലിരുന്ന് കൃത്യമായ ഒരു വരുമാനം പ്രതിമാസം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ആശയമാണ് ടൂത്ത് പിക്ക്. ഇന്ന് ആളുകളുടെ ശുചിത്വ ശീലത്തിന്റെ ഭാഗമായി മാറിയ ഈ ഉത്പന്നത്തിന് വലിയ വിപണിയുണ്ട്. എല്ലാ ഹോട്ടലുകളിലും ചെറിയ ജ്യൂസ് പാര്‍ലറുകളിലും പോലും ടൂത്ത് പിക്ക് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ വളരെ പെട്ടെന്ന് വിപണി പിടിക്കാന്‍ സാധിക്കുകയും ചെയ്യും.ബാംബൂ കൊണ്ടുള്ള ടൂത്ത് പിക്കുകളും പ്ലാസ്റ്റിക് ടൂത്ത് പിക്കുകളുമൊക്കെ വിപണിയില്‍ ലഭ്യമാണ്. കേരളത്തില്‍ ടൂത്ത്പിക്ക് നിര്‍മാണ സംരംഭങ്ങള്‍ പേരിന് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ടൂത്ത് പിക്ക് നിര്‍മാണ ബിസിനസ് ആരംഭിക്കുന്നത് മികച്ച വരുമാനം നേടാനും സഹായിക്കും.
തടി കൊണ്ടുള്ള ടൂത്ത് പിക്കുകളേക്കാള്‍ നിര്‍മാണ ചെലവ് കുറഞ്ഞ പ്ലാസ്റ്റിക് ടൂത്ത്പിക്ക് ബിസിനസാണ് തെരഞ്ഞെടുക്കാന്‍ നല്ലത്.ഒരു ചെറുകിട നിര്‍മാണ യൂണിറ്റ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നതാണ് നല്ലത്. അസംസ്‌കൃത വസ്തുക്കളും യന്ത്രങ്ങളും ഉണ്ടായാല്‍ യൂണിറ്റ് ആരംഭിക്കാം. ചെറിയൊരു ഷെഡ്ഡിലും നിര്‍മാണം തുടങ്ങാവുന്നതാണ്.
ഓട്ടോമാറ്റിക് ഇഞ്ചക്ഷന്‍ മോള്‍ഡിങ് മെഷീന്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ഉല്‍പ്പാദനം ഉറപ്പുവരുത്താന്‍ സഹായിക്കും. സാധാരണയായി 150 ഗ്രാമില്‍ കൂടുതലാണ് ഈ മെഷീന്റെ ഭാരം. ബിസിനസിലെ പ്രധാന അസംസ്‌കൃത വസ്തു പിപി/എച്ച്ഡിപിഇ ഗ്രനോളാണ്. പ്രാദേശിക വിപണിയില്‍ ഇത് ലഭ്യമാണ്. വിവിധ നിറത്തിലുള്ള നിറങ്ങളും വേണ്ടതുണ്ട്.
പ്ലാസ്റ്റിസൈസ് ചെയ്തതും ഏകീകരിക്കപ്പെട്ടതുമായ തെര്‍മോപ്ലാസ്റ്റിക് മെറ്റീരിയല്‍ മതിയായ ഇഞ്ചക്ഷന്‍ വേഗതയും മര്‍ദ്ദവും ഉള്ള ഒരു ലോക്ക് ചെയ്ത (ക്ലാമ്പ്ഡ്) അച്ചിലേക്ക് കുത്തിവയ്ക്കുന്നു. അച്ചില്‍ ഉരുകി തണുപ്പിച്ച ശേഷം, വാര്‍ത്തെടുത്ത ടൂത്ത് പിക്കുകള്‍ പുറത്തെടുക്കാം. ടൂത്ത് പിക്ക് നിര്‍മാണത്തിന് പ്രാഥമികമായി ഉപയോഗിക്കുന്ന മെഷീനാണ് ഓട്ടോമാറ്റിക് ഇഞ്ചക്ഷന്‍ മെഷീന്‍.അവസാനഘട്ടം പാക്കിങ്ങാണ്. നിര്‍മാണത്തിന് വളരെ ചെറിയ ഏരിയ മാത്രം മതി.ഇത് വീട്ടില്‍ വെച്ചും ആരംഭിക്കാവുന്ന ബിസിനസാണ്.
സംരംഭം ആരംഭിക്കാന്‍ സ്ഥിരമൂലധനമായി ഒരു തുകയും പ്രവര്‍ത്ത്‌ന മൂലധനമായി മറ്റൊരു തുകയും നീക്കിവെക്കണം. ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപാവരെ നിക്ഷേപമായി വേണം. 18000 രൂപ മുതല്‍ 20000 രൂപാവരെയാണ് സാധാരണയായി മെഷീനുകള്‍ക്ക് വേണ്ടി വരുന്ന ചിലവ്. ഗുണമേന്മ വളരെ ഉയര്‍ന്ന മെഷീനുകള്‍ക്ക് രണ്ട് ലക്ഷം രൂപയും വില വരുന്നു. അസംസ്‌കൃത വസ്തുക്കള്‍ക്ക് അരലക്ഷം രൂപയും മറ്റ് ചിലവുകള്‍ക്കായി പതിനായിരം രൂപയും മാറ്റിവെച്ചാല്‍ നിക്ഷേപം റെഡി.
പ്ലാസ്റ്റിക് ടൂത്ത് പിക്ക് ബിസിനസ് ആരംഭിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ അനുവദിക്കും. നല്ലൊരു ബിസിനസ് പ്ലാന്‍ തയ്യാറാക്കി ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചാല്‍ മുതല്‍മുടക്കില്‍ വലിയൊരു ഭാഗം കണ്ടെത്താം. സ്ഥിര മൂലധന ആവശ്യങ്ങള്‍ക്കായി ബിസിനസ് ലോണോ മോര്‍ട്ട്‌ഗേഡ് ലോണോ ലഭിക്കും. പ്രവര്‍ത്തന മൂലധനത്തിന് ഓവര്‍ഡ്രാഫ്റ്റ് സൗകര്യമോ ക്യാഷ് ക്രെഡിറ്റോ ഉപയോഗപ്പെടുത്താം.
ചെറിയ തോതില്‍ തുടങ്ങിയാല്‍ മികച്ച ലാഭം നേടാവുന്ന ഒരു ബിസിനസാണിത്. ഘട്ടംഘട്ടമായി ബിസിനസ് വിപുലീകരിക്കുകയും ആവാം. ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ സ്വന്തം വീട്ടില്‍ തന്നെ തുടങ്ങാവുന്ന ഈ ബിസിനസ് നിങ്ങള്‍ക്ക് നല്ലൊരു വരുമാനവും ഉറപ്പുതരുന്നു. 25 ശതമാനം മുതല്‍ 30 ശതമാനം വരെ തുടക്കത്തില്‍ ലാഭം നല്‍കുന്ന ബിസിനസാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.