- Trending Now:
സുരക്ഷിതമെന്ന് ഉറപ്പാക്കിയ ഏലത്തിന് മികച്ച വില ലഭ്യമാക്കാനും പ്രത്യേക ഇ-ലേലം ലക്ഷ്യമിടുന്നു
കൊച്ചി: ലാബ് പരിശോധനയിലൂടെ കീടനാശിനിയുടെയും കൃത്രിമ നിറങ്ങളുടെയും സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ഏലത്തിന്റെ പ്രത്യേക വിപണന മാര്‍ഗം സുഗമമാക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക ഇ-ലേലം ആരംഭിക്കാന്‍ സ്‌പൈസസ് ബോര്‍ഡ് തീരുമാനിച്ചു. കയറ്റുമതി വിപണിയില്‍ മികച്ച ഗുണനിലവാരമുള്ള ഏലം ലഭ്യമാക്കുന്നതിനും കയറ്റുമതി സുഗമമാക്കുന്നതിനും ലാബ് പരിശോധനയിലൂടെ സുരക്ഷിതമെന്ന് ഉറപ്പാക്കിയ ഏലത്തിന് മികച്ച വില ലഭ്യമാക്കാനും പ്രത്യേക ഇ-ലേലം ലക്ഷ്യമിടുന്നു. ഏലത്തില്‍ GAP/IPM/ ജൈവ ഉത്പാദന രീതികള്‍ സ്വീകരിക്കാന്‍ കൂടുതല്‍ കര്‍ഷകരെ പ്രേരിപ്പിക്കാന്‍ ഈ ഉദ്യമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏലത്തിന്റെ ആദ്യ പ്രത്യേക ഇ-ലേലം ബോര്‍ഡിന്റെ ഇടുക്കിയിലെ പുറ്റടിയിലുള്ള ഇ-ലേല കേന്ദ്രത്തില്‍ 2022 ഒക്ടോബര്‍ 22-ന് നടക്കും. ബോര്‍ഡ് നിര്‍ദ്ദേശിച്ച പ്രകാരം കീടനാശിനിയുടെയും കൃത്രിമ നിറങ്ങളുടെയും സാന്നിധ്യമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ഏലം മാത്രമേ പ്രത്യേക ഇ-ലേലത്തില്‍ അനുവദിക്കുകയുള്ളൂ.
പരിശോധനയ്ക്ക് ശേഷം പ്രത്യേക ഇ-ലേലത്തിന് തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി, ടെസ്റ്റിംഗ് ചാര്‍ജിന്റെ 1/3 ഭാഗം വഹിക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു. പ്രത്യേക ഇ-ലേലം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച നിലവിലുള്ള നാല് ലേലക്കാര്‍ക്ക് അതിനായി സ്ലോട്ടുകള്‍ നല്‍കും. പ്രത്യേക ഇ-ലേലം നടത്തുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ലേലക്കാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ http://www.indianspices.com/trade/trade-notifications/notificationdetails.html?id=331 വിവരങ്ങള്‍ ലഭ്യമാണ്.
ക്ലൗഡ് അധിഷ്ഠിത ലൈവ് ഇ-ലേല സൗകര്യം വഴി കേരളത്തിലെ പുറ്റടിയിലുള്ള ബോര്‍ഡിന്റെ ഇ-ലേല കേന്ദ്രത്തിലോ തമിഴ്നാട്ടിലെ ബോഡിനായകനുരിലോ പ്രത്യേക ഇ-ലേലത്തില്‍ പങ്കെടുക്കാം. പരീക്ഷണ ഘട്ടത്തില്‍ മാസത്തിലെ അവസാന ശനിയാഴ്ചകളില്‍ മാസത്തില്‍ ഒരു തവണ വീതം പ്രത്യേക ഇ-ലേലം നടത്താന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.