Sections

ഡിപി വേൾഡ് ഐഎൽടി20 പ്രേക്ഷകരെ വർധിപ്പിക്കാൻ സീ എൻറർടൈൻമെൻറ്

Friday, Aug 30, 2024
Reported By Admin
Zee Entertainment announces broadcasting plans for DP World ILT20 Season 3 starting January 2025

കൊച്ചി: ആഗോള ക്രിക്കറ്റ് ലീഗായ ഡിപി വേൾഡ് ഇൻറർനാഷണൽ ലീഗ് ടി20യുടെ (ഐഎൽടി20) ഔദ്യോഗിക ബ്രോഡ്കാസ്റ്റിംഗ് പങ്കാളിയായ സീ എൻറർടൈൻമെൻറ് എൻറർപ്രൈസസ് 2025 ജനുവരി 11 മുതൽ ആരംഭിക്കുന്ന മൂന്നാം സീസണു വേണ്ടിയുള്ള പദ്ധതികൾ അവതരിപ്പിച്ചു. 34 മൽസരങ്ങളുള്ള ഐഎൽടി20 ടൂർണമെൻറ് 2025 ഫെബ്രുവരി 9 വരെ ഒരു മാസമായിരിക്കും ഉണ്ടാകുക. ദക്ഷിണേന്ത്യൻ ചാനലുകളിലൂടെ ഉൾപ്പെടെയുള്ള 230 ദശലക്ഷം പ്രേക്ഷകരെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. സീ എൻറർടൈൻമെൻറിൻറെ 15 ലീനിയർ ചാനലുകളിൽ ലൈവായി ഐഎൽടി20 കാണാം. കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ സീ5 ലും സൗജന്യമായി ലഭിക്കും.

ഉത്തർ പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വിപണികളിൽ നിന്ന് മികച്ച പ്രതികരണമാണ് കഴിഞ്ഞ സീസണിൽ ലഭിച്ചത്. ഇത്തവണത്തെ ടൂർണമെൻറിനായി നാൽപ്പതോളം ചാനലുകളിൽ ഓൺ എയർ പ്രമോഷനാണ് നടക്കുന്നത്. പ്രേക്ഷകരെ വർധിപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി ഡിപി വേൾഡ് ഐഎൽടി ദക്ഷിണേന്ത്യൻ ചാനലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

സാധാരണ നിലയിലുള്ള നാലു പേരുടെ സ്ഥാനത്ത് ഒൻപത് അന്താരാഷ്ട്ര കളിക്കാരെ ഉൾപ്പെടുത്താനാവുമെന്നതാണ് ഡിപി വേൾഡ് ഐഎൽടി 20യുടെ സവിശേഷതയെന്ന് ഡിപി വേൾഡ് ഐഎൽടി 20 സിഇഒ ഡേവിഡ് വൈറ്റ് പറഞ്ഞു. ഹോം ആൻറ് എവേ രീതിയിലല്ല ഇതെന്നതും ഈ ടൂർണമെൻറിൻറെ സവിശേഷതയാണ്. ഷാർജ, ദുബായ്, അബുദാബി എന്നീ മൂന്നു വേദികളും എല്ലാ ടീമുകൾക്കും ഹോം ആയി അനുഭവപ്പെടും. ആകർഷകമായ സ്റ്റേഡിയങ്ങൾ, മികച്ച കാലാവസ്ഥ, കളിക്കാർക്ക് സൗകര്യപ്രദമായ പശ്ചാത്തലം തുടങ്ങിയവ ഈ വേദികളുടെ സവിശേഷതകളാണ്. ഇന്ത്യൻ പ്രീമിയർ ലീഗിനു പുറത്തുള്ള ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ടൂർണമെൻറാണ് ഐഎൽടി20. ദുബായിയെ ഒരു കായിക കേന്ദ്രമാക്കാനായി തങ്ങൾ സീയുമായി ചേർന്ന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗിൽ അടുത്ത മാസം സെപ്റ്റംബർ 15-ന് പുതിയ സൈനിങുകൾ പ്രഖ്യാപിക്കും. സുനിൽ നരൈൻ, ആന്ദ്രേ റസ്സൽ, ഡേവിഡ് വാർണർ, ജാക്ക് ഫ്രേസർ, മക്ഗുർക്ക്, ഷിമ്രോൺ ഹെറ്റ്മെയർ തുടങ്ങിയ കളിക്കാരുടെ സാന്നിധ്യം ഇത്തവണയുണ്ടാകും. ലീഗിൽ മൊത്തത്തിൽ രജിസ്റ്റർ ചെയ്ത 60,000 ക്രിക്കറ്റ് താരങ്ങളുണ്ട്.

34 മാച്ചുകളിലായി ആറു ടീമുകളാണ് ഫ്രാഞ്ചൈസി രീതിയിലെ ഡിപി വേൾഡ് ഐപിഎൽ ടി20 ടൂർണമെൻറിൽ ഉണ്ടാകുക. അബുദാബി നൈറ്റ് റൈഡേഴ്സ് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ഡെസർട്ട് വൈപേഴ്സ് (ലാൻസർ കാപിറ്റൽ), ദുബായ് കാപിറ്റൽസ് (ജിഎംആർ), ഗൾഫ് ജെയിൻറ്സ് (അദാനി സ്പോർട്ട് ലൈൻ), എംഐ എമിറേറ്റ്സ് (റിലയൻസ് ഇൻഡസ്ട്രീസ്), ഷാർജ വാരിയേഴ്സ് (കാപ്രി ഗ്ലോബൽ) എന്നിവയാണ് ആറു ഫ്രാഞ്ചൈസി ടീമുകൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.