- Trending Now:
കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൻറെ രണ്ടാം റൗണ്ടിൽ മലയാളി താരം മൊഹ്സിൻ പറമ്പന് ഇരട്ട വിജയം. ആദ്യ റേസിലെ വിജയം നൽകിയ ആത്മവിശ്വാസവുമായി ട്രാക്കിലിറങ്ങിയ മൊഹ്സിൻ എൻഎസ്എഫ്250ആർ വിഭാഗം രണ്ടാം റേസിലും തൻറെ അപ്രമാദിത്യം തുടർന്ന് ഒന്നാം സ്ഥാനം നേടി. സാവിയോൻ സാബു രണ്ടാം സ്ഥാനത്തും, എ.എസ് ജെയിംസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. എട്ട് ലാപ്പ് റേസിലുടനീളം പ്രകടന മികവ് തുടർന്ന് മലപ്പുറം സ്വദേശിയായ 22കാരൻ 15:07.015 സമയത്തിലാണ് റേസ് പൂർത്തിയാക്കിയത്. 1:52.236 എന്ന മികച്ച ലാപ്പ് സമയവും മൊഹ്സിൻ കുറിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു രണ്ടാം സ്ഥാനത്തിന്. മുൻ റേസുകളിൽ തിളങ്ങിയ എ.എസ് ജെയിംസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി യുവറൈഡർ സാവിയോൻ സാബു 15:10.965 സമയത്തിൽ റേസ് പൂർത്തിയാക്കി രണ്ടാം സ്ഥാനത്തെത്തി. കാലിനേറ്റ പരിക്ക് വകവയ്ക്കാതെ ട്രാക്കിൽ തുടർന്ന എ.എസ് ജെയിംസ് 15:15.953 സമയത്തിലാണ് ഫിനിഷിങ് ലൈൻ മറികടന്നത്. കൂട്ടിയിടി കാരണം ഹൈദരാബാദിൽ നിന്നുള്ള ബീദാനി രാജേന്ദറിനും സ്റ്റീവ് വോ സുഗിക്കും മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ആകെ അഞ്ച് റൗണ്ടുകളാണ് 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിലുള്ളത്. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ചെന്നൈ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ തന്നെയായിരിക്കും മറ്റു റൗണ്ടുകളും അരങ്ങേറുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.