- Trending Now:
അവയില്‍ ഒളിഞ്ഞ് കിടക്കുന്ന മികച്ച വിപണന സാധ്യതകള്‍ അവര്‍ മനസിലാക്കുന്നില്ല
നമ്മുടെ സംസ്ഥാനത്ത് ഉടനീളം കുരുമുളക്, ഇഞ്ചി, ഏലം എന്നിവയുടെ കര്‍ഷകരുണ്ട്. പക്ഷേ പലരും അവയുടെ നേരിട്ടുള്ള വിപണനം മാത്രമേ ചെയ്യുന്നുള്ളൂ. അവയില്‍ ഒളിഞ്ഞ് കിടക്കുന്ന മികച്ച മറ്റ് വിപണന സാധ്യതകള്‍ അവര്‍ മനസിലാക്കുന്നില്ല. മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ വലിയ വിപണന സാധ്യതയാണുള്ളത്. കുരുമുളക്, ഇഞ്ചി, ഏലം എന്നിവയുടെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ പരിചയപ്പെടാം.
കുരുമുളക്
കുരുമുളക് എണ്ണ
ഉണക്കിപ്പൊടിച്ച കുരുമുളകില്‍നിന്നും ബാഷ്പീകരണ പ്രക്രിയ വഴി കുരുമുളക് എണ്ണ വേര്‍തിരിച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന എണ്ണയെ ചില ലായകത്തിന്റെ സഹായത്തോടെ വാറ്റല്‍ നടത്തി ഒളിയോറെസിന്‍ നിര്‍മാണത്തിനും ഉപയോഗിക്കാം. കുരുമുളക് പാകമാകുന്നതിനനുസരണമായി ആദ്യഘട്ടത്തില്‍ എണ്ണയുടെ അളവ് കൂടുകയും പാകമാകുമ്പോള്‍ സ്ഥിരപ്പെടുകയും ചെയ്യും. എന്നാല്‍ കായ്കള്‍ പഴുത്തുതുടങ്ങുമ്പോള്‍ എണ്ണയുടെ അളവ് കുറയുന്നു. അന്നജത്തിന്റെയും നാരിന്റെയും വളരെ വേഗത്തിലുള്ള നിര്‍മാണത്തിനായി ചെടി ഈ എണ്ണ ഉപയോഗിക്കുന്നതാണ് കാരണം. കുരുമുളക് എണ്ണ വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.
പുരുഷന്മാരുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ചിലതില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് കുരുമുളക് എണ്ണ.
പൈപെറിന്‍
കുരുമുളകിന്റെ രുചി പ്രദായനം ചെയ്യുന്ന പ്രധാന ഘടകമാണ് പൈപെറിന്‍ എന്ന ആല്‍ക്കലോയിഡ്. ഇത് കുരുമുളക് കായില്‍ മാത്രമെ അടങ്ങിയിട്ടുള്ളൂ. കുരുമുളക് കായില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന പൈപെറിന്‍ വിവിധ തരത്തിലുള്ള ഭക്ഷണത്തിന്റെ രുചിഭേദത്തിനായി ഉപയോഗിക്കുന്നു. കൂടാതെ ആയുര്‍വേദചികില്‍സാരംഗത്തെ മരുന്നു നിര്‍മാണത്തിനും ഒരു ഘടകമായി ഉപയോഗിക്കുന്നു.
ഒളിയോറെസിന്‍
കുരുമുളകിന്റെ യഥാര്‍ത്ഥ രുചി കിട്ടുന്നതിനായി ഒളിയോറെസിന്‍ ഉപയോഗിക്കണം. കുരുമുളകില്‍നിന്നും എത്തിലില്‍ ഡൈക്ലോറൈഡ് അല്ലെങ്കില്‍ ഈതൈല്‍ അസറ്റേറ്റ് ഉപയോഗിച്ചു വേര്‍തിരിച്ചെടുക്കുന്ന ഉല്‍പ്പന്നത്തില്‍ ബാഷ്പീകരണശക്തിയുള്ളതും ഇല്ലാത്തതുമായ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇങ്ങനെ കിട്ടുന്ന ഉല്‍പ്പന്നത്തെ ഒളിയോറെസിന്‍ എന്നു പറയുന്നു. വിവിധ ഭക്ഷണപദാര്‍ത്ഥങ്ങളുടെ നിര്‍മാണത്തിനും പാചകത്തിനും, വിവിധ മരുന്നുകളുടെ ഘടകങ്ങളായും ഇന്ന് ഒളിയോറെസിന്‍ ഉപയോഗിച്ചു വരുന്നു.
വെള്ള കുരുമുളക്‌പൊടി
ലോകത്തില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിന്റെ നാലിലൊന്നും വെള്ള കുരുമുളക് പൊടിയായി വിപണനം നടത്തുന്നു. കുരുമുളകിന്റെ പുറംതൊലി വെള്ളത്തിലിട്ട് അഴുക്കല്‍ പ്രക്രിയനടത്തി വേര്‍തിരിച്ചാണ് വെള്ള കുരുമുളക് ഉല്‍പാദിപ്പിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വെള്ള കുരുമുളക് പൊടിച്ചു പൊടിയായി വിപണനം നടത്തുന്നു.
ഇഞ്ചി
ഇഞ്ചി എണ്ണ
കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഇഞ്ചി, ഇഞ്ചി എണ്ണ നിര്‍മാണത്തിന് അത്യുത്തമമാകുന്നു. ഉണക്കിയ ഇഞ്ചിക്ക് അതിന്റെ യഥാര്‍ത്ഥ മണത്തിനനുസരിച്ചു വില ലഭിക്കുമെന്നതിനാല്‍ ഈ മണം പ്രദായനം ചെയ്യുന്ന എണ്ണയുടെ അളവ് ഒഴിച്ചു കൂടാനാവാത്തതാണ്. ഉണക്കി പൊടിച്ച ഇഞ്ചി വാറ്റിയാണ് ഇഞ്ചി എണ്ണ ഉല്‍പാദിപ്പിക്കുന്നത്. ജിഞ്ചിബെറിന്‍ എന്ന സെസ്‌ക്യൂടെര്‍പിന്‍ ഹൈഡ്രോകാര്‍ബണ്‍ ധാരാളമായി ഈ എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചി എണ്ണ വിവിധതരം ഭക്ഷ്യപദാര്‍ത്ഥ നിര്‍മാണത്തിനും, ലഘുപാനീയം, കേക്ക് എന്നിവയുടെ നിര്‍മാണത്തിനും ധാരാളം ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും ഇഞ്ചിയുടെ തനതു രുചിക്ക് ഇഞ്ചിയില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒളിയോറെസിന്‍ വാണിജ്യപരമായി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.
ഏലം
ഏലക്കാ എണ്ണ
ഏലക്കായുടെ പ്രധാന ഘടകമാണ് ഏലക്കാ എണ്ണ. ഇത് വിത്തിലാണ് ധാരാളം അടങ്ങിയിരിക്കുന്നത്. വ്യാവസായികമായി ഏലക്കായുടെ സ്ഥാനത്ത് ഏലക്കാ എണ്ണ ധാരാളമായി ഉപയോഗിക്കുന്നു. ഏലയ്ക്കാരുചിയുള്ള ബിസ്‌കറ്റ്, ഏലയ്ക്കാ ചേര്‍ത്ത പാല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ എന്നിവുയുടെ കൂടിയ ആവശ്യകത ഏലയ്ക്കാ എണ്ണയുടെ പ്രാധാന്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ഏലയ്ക്കാ എണ്ണ ഉല്‍പ്പാദനത്തിനു വിത്തു വേര്‍തിരിച്ചെടുക്കണം. ഈ വിത്തില്‍നിന്നും നീരാവി ഉപയോഗിച്ചു വാറ്റി എണ്ണ വേര്‍തിരിച്ചെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.