- Trending Now:
ക്രിപ്റ്റോ കറന്‍സികളെക്കുറിച്ച് ആദ്യമായി പരസ്യ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിപ്റ്റോ കറന്‍സികള്‍ തെറ്റായ കൈകളിലെത്തിയാള്‍ അത് നമ്മുടെ യുവാക്കളുടെ ഭാവി അപകടത്തിലാക്കുമെന്നാണ് മോദി അഭിപ്രായപ്പെട്ടത്. ക്രിപ്റ്റോയുടെ ദുരുപയോഗം തടയാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സാങ്കേതിക പരിണാമവും വിപ്ലവവും എന്ന വിഷയത്തില്‍ സിഡ്‌നി ഡയലോഗില്‍ സംസാരിക്കവെയാണ് മോദിയുടെ ക്രിപ്റ്റോ പരാമര്‍ശം. ക്രിപ്‌റ്റോ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതും തടയുമെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അറിയിച്ചിരുന്നു.
വരുന്ന ശീതകാല സമ്മേളനത്തില്‍ കേന്ദ്രം ക്രിപ്‌റ്റോ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് നരേന്ദ്രമോദി യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ക്രിപ്റ്റോ കറന്‍സി കേന്ദ്രം നിരോധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് ഗുണം ചെയ്യില്ലെന്ന് പാര്‍ലമെന്റിന്റെ ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗവും വിലയിരുത്തിയിരുന്നു.
ക്രിപ്റ്റോ ഇടപാടുകള്‍ നീരീക്ഷിക്കാനും നികുതി ഏര്‍പ്പെടുത്താനുമുള്ള നീക്കങ്ങളാവും കേന്ദ്രം നടത്തുക എന്നാണ് വിലയിരുത്തല്‍. പണമായി അംഗീകരിക്കുന്നതിന് പകരം ആസ്ഥിയായി ക്രിപ്റ്റോയെ സര്‍ക്കാര്‍ കണക്കാക്കും എന്നാണ് കരുതുന്നത്. 2018ല്‍ ഇന്ത്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിച്ചിരുന്നു. പിന്നീട് 2020 മാര്‍ച്ചില്‍ സുപ്രീംകോടതിയാണ് നിരോധനം നീക്കിയത്.
ക്രിപ്റ്റോ ഇടപാടുകളെക്കുറിച്ച് നേരത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും ആശങ്ക അറിയിച്ചിരുന്നു. രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപങ്ങളില്‍ 70-80 ശതമാനംവരെ 500 രൂപ മുതല്‍ 2000 രൂപവരെയുള്ള നിക്ഷേപങ്ങളാണെന്നും സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുകയുമാണെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞത്. ക്രിപ്റ്റോയെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.