Sections

വ്യവസായങ്ങൾക്ക് രേഖകൾ ലഭ്യമാക്കാനും പരിശോധിക്കാനും ജെൻ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കർ വിഷൻ

Thursday, Aug 08, 2024
Reported By Admin
Docker Vision Unveils Gen-AI Based Document Extraction and Verification Solution

കൊച്ചി: വ്യവസായങ്ങളടക്കമുള്ള വ്യത്യസ്ത സംരംഭങ്ങൾക്ക് പ്രയോജനപ്രദമായ സുപ്രധാന രേഖകളും വിവരങ്ങളും ആവശ്യാനുസരണം ലഭ്യമാക്കാനും പരിശോധിക്കാനും ഉപകരിക്കുന്ന ജെൻ-എഐ അധിഷ്ഠിത സാങ്കേതികവിദ്യയുമായി പ്രമുഖ സോഫ്ട്വെയർ കമ്പനിയായ ഡോക്കർ വിഷൻ.

കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ ഉയർന്ന് വന്ന കമ്പനിയായ ഡോക്കർ വിഷൻറെ ഈ സാങ്കേതികവിദ്യയിലൂടെ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് സമുദ്ര മേഖലയ്ക്കായിരിക്കും. പോർട്ട് ഓട്ടോമേഷനിലൂടെ അന്താരാഷ്ട്ര-ആഭ്യന്തര ഉപഭോക്താക്കൾക്ക് നൂതന പരിഹാരങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

168 മണിക്കൂർ മനുഷ്യന് വേണ്ടിവരുന്ന ജോലി വെറും 44 സെക്കൻഡിനുള്ളിൽ ചെയ്തു തീർക്കാൻ ഈ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് ഡോക്കർ വിഷൻ സിഇഒ യും സഹസ്ഥാപകനുമായ പ്രജിത്ത് നായർ പറഞ്ഞു. കാര്യക്ഷമത വർദ്ധിക്കുകയും മാനുഷികമായ പിശകുകൾ ഇല്ലാതാകുകയും ചെയ്യും. ഉപഭോക്തൃ സേവനം വിപുലീകരിക്കുന്നതിനും സമുദ്രമേഖലയുടെ മെച്ചപ്പെട്ട ഭാവിക്കും ഇത് ഫലപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ടെയ്നറുകൾ, റെയിൽ വാഗണുകൾ, വാഹനങ്ങൾ എന്നിവയുടെ തത്സമയ വിവരങ്ങൾക്കായി എഐ അധിഷ്ഠിത ഒപ്റ്റിക്ക ക്യാരക്ടർ റെക്കഗ്നിഷൻ ഇത് സാധ്യമാക്കുന്നു. റോഡുകളുടെയും റെയിലിൻറെയും പ്രവർത്തനങ്ങൾക്കായി ആർടിജി അല്ലെങ്കിൽ ആർഎംജി, ക്രെയിൻ പ്രവർത്തനങ്ങൾ, ഡിഒസിആർ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയ സംവിധാനം, കാഴ്ച അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം തുടങ്ങിയ സാങ്കേതികതകൾ നിലവിൽ ലഭ്യമാണ്.

വിപുലമായ സാങ്കേതികവിദ്യകളുടെ സംയോജനമാണ് ജെൻ എഐ സാധ്യമാക്കിയിരിക്കുന്നതെന്ന് ഡോക്കർ വിഷൻ സിടിഒ യും സഹസ്ഥാപകയുമായ ആതിര എം പറഞ്ഞു. വ്യക്തമായും കൃത്യതയോടെയും വിവിധങ്ങളായ വിവരങ്ങൾ പരിശോധിക്കുന്നതിനും ലഭ്യമാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

2021 പ്രവർത്തനമാരംഭിച്ച ഡോക്കർ വിഷൻ സീഫണ്ട്, തിങ്കുവേറ്റ്, സാഞ്ചികണക്ട് എന്നീ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളുടെ സഹകരണത്തിൽ 500,000 ഡോളറിൻറെ ധനസമാഹരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും വരുന്ന 12 മാസത്തിനുളളിൽ പ്രതിമാസം 50,000 ഡോളർ വരുമാനം ലഭ്യമാക്കുന്നതിനും പ്രാപ്തമാക്കും.

വിവിധ വ്യവസായങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് കമ്പനി അത്യാധുനിക സാങ്കേതികവിദ്യകൾ തുടക്കം മുതൽ ലഭ്യമാക്കി വരുന്നുണ്ട്. 2006ൽ സ്ഥാപിതമായ സർക്കാരിൻറെ നോഡൽ എജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷൻ സംസ്ഥാനത്തെ സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി വരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.