Sections

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തേണ്ട ആവശ്യമുണ്ടോ? 

Sunday, Jan 16, 2022
Reported By Admin
savings

ഇങ്ങനെ ചെയ്യുന്നതിലൂടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ചെറുപ്പത്തിലേ ഒരു ധാരണ ഉണ്ടാക്കാനാകും

 

കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ തന്നെ അവര്‍ക്ക് പണത്തിന്റെ മൂല്യത്തെ കുറിച്ചും ചെലവിനെ കുറിച്ചും കൃത്യമായ അവബോധം നല്‍കേണ്ടത് അത്യാവശ്യമാണ്. വീട്ടിലെ പണമിടപാടുകളിലും മറ്റും അവരുടെയും പങ്കാളിത്തം കൊണ്ടുവരാം. അതായത്, ഷോപ്പിങിന് പോകുമ്പോള്‍ അവരെ ഒപ്പം കൂട്ടിയും വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെയെന്ന് അവരെ കൂടി ഉള്‍പ്പെടുത്തി സംസാരിക്കുന്നതും നല്ലതാണ്. കുട്ടികളായിരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ചെറുപ്പത്തിലേ ഒരു ധാരണ ഉണ്ടാക്കാനാകും.

രക്ഷിതാക്കള്‍ മാതൃക

രക്ഷിതാവ് ഒരു മാതൃകയായാല്‍ മാത്രമേ കുട്ടികളും അതിനെ പിന്തുടരൂ. തങ്ങളുടെ ശമ്പളത്തില്‍ നിന്ന് വളരെ ബുദ്ധിപൂര്‍വം ചെലവഴിക്കുന്നതിനും സമ്പാദിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് കുട്ടികള്‍ വലുതാവുമ്പോള്‍ അനുകരിക്കും. കാരണം പഠിപ്പിക്കുന്നതിനേക്കാള്‍ കണ്ടു പഠിക്കുന്നതാണ് കൂടുതല്‍ പ്രയോജനം ചെയ്യുക. കുട്ടികള്‍ വലുതായി ഇത് പിന്തുടരുമ്പോള്‍ അവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മറക്കരുത്.

റിവാര്‍ഡ് നല്‍കാം

കുട്ടികള്‍ ചെയ്യുന്ന വീട്ടിലെ എന്തെങ്കിലും ജോലിയ്ക്ക് പ്രതിഫലമായി പണം നല്‍കാം. പണത്തിന്റെ വില മനസിലാക്കുന്നതിനാണ് ഇത്. വീട് വൃത്തിയാക്കല്‍, വസ്ത്രങ്ങള്‍ ഒതുക്കിവെക്കല്‍, കാറ് കഴുകല്‍, പൂന്തോട്ട പരിപാലനം, വീട് വൃത്തിയാക്കല്‍, വസ്ത്രങ്ങള്‍ ഒതുക്കിവെക്കല്‍, കാറ് കഴുകല്‍ എന്നിവ അവര്‍ക്ക് നല്‍കാവുന്നതാണ്. ഇതിന് ടിപ്പായി അവര്‍ക്ക് പണം നല്‍കാം.

സമ്പാദ്യം തുടങ്ങാം

ഇങ്ങനെ ലഭിക്കുന്ന പണം ഒരു കുടുക്കയില്‍ സൂക്ഷിക്കുവാനായി അവരോട് നിര്‍ദേശിക്കുക. കുടുക്കയിലെ നിക്ഷേപം ശീലമാക്കാനും പറയണം. കുടുക്ക നിറയുമ്പോള്‍ അവ പുറത്തെടുത്ത് എത്രമാത്രം സമ്പാദിച്ചുവെന്ന് അവരെ കാണിക്കണം. ഇത് കുട്ടികളിലെ സമ്പാദ്യ ശീലത്തെ പ്രോത്സാഹിപ്പിക്കും.

നിക്ഷേപം 

18 വയസ് ആകുന്നതിന് മുന്‍പ് തന്നെ സമ്പത്തിന്റെയും സമ്പാദ്യത്തിന്റെയും മൂല്യവും അവ എങ്ങനെ വിനിയോഗിക്കാം എന്നതും സംബന്ധിച്ച് കുട്ടികള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. പ്ലസ് ടു കഴിഞ്ഞ് ബിരുദ വിദ്യാര്‍ഥികളാകുമ്പോള്‍ തന്നെ ഇവര്‍ നിക്ഷേപ പദ്ധതികളുടെ ഭാഗമാകുന്നതിന് ഇത് സ്വാധീനിക്കും. ചെലവുകളെ എങ്ങനെ നിയന്ത്രിക്കാമെന്നതും നിക്ഷേപം എങ്ങനെ വിനിയോഗിക്കാമെന്നും ഈ സമയത്ത് കുട്ടികളില്‍ അവബോധമുണ്ടാകും.

ചെലവിന് മാത്രമല്ല, സമ്പാദിക്കാനുമുള്ളതാണ് പണമെന്ന് കുട്ടികള്‍ക്ക് ബോധ്യമുണ്ടാകണം. സാമ്പത്തിക ആവശ്യങ്ങള്‍ക്ക് കടങ്ങളെയും വായ്പകളെയും ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. കുട്ടിക്കാലത്തെ കുട്ടികളുടെ ചെലവാക്കലില്‍ രക്ഷിതാവ് അല്‍പം നേതൃത്വം നല്‍കി അവരെ നയിക്കുക.

കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാവുന്ന പ്രായമെത്തുമ്പോള്‍ കുട്ടികള്‍ക്ക് രക്ഷിതാവിന്റെ നിയന്ത്രണത്തോടെ ഡെബിറ്റ് കാര്‍ഡ് നല്‍കാം. കൂടാതെ കുടുക്കയിലെ സമ്പാദ്യം സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് ആക്കാം. അവരുടെ പഠന ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഇവ വിനിയോഗിക്കാം. സ്വന്തം അധ്വാനത്തിന്റെയും അതിലൂടെ ലഭിക്കുന്ന പണത്തിന്റെയും മൂല്യം കുട്ടികള്‍ക്ക് മനസിലാകാന്‍ ഇത് സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.