- Trending Now:
സംസ്ഥാനത്തിന്റെ വികസനത്തിന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) സംഭാവന ഏറെയാണെങ്കിലും ഈ മേഖലയ്ക്കുള്ള ബാങ്ക് വായ്പാപ്രവാഹം പര്യാപ്തമല്ലെന്ന് കണക്കുകള്‍ വെളിവാക്കുന്നു.2021 മാര്‍ച്ചിലെ കണക്ക് പ്രകാരം 16,50,000 സംരംഭങ്ങള്‍ക്കായി മൊത്തം 59,970 കോടി രൂപയാണ് കേരളത്തിലെ വാണിജ്യ ബാങ്കുകള്‍ കൊടുത്ത വായ്പകളിലെ ഔട്സ്റ്റാന്‍ഡിങ് (തിരിച്ചടയ്ക്കാനുള്ള തുക). അതായതു ശരാശരി ഒരു സ്ഥാപനത്തിന് 3.75 ലക്ഷം രൂപ എന്ന കണക്കില്‍, മൊത്തം വായ്പകളുടെ 95 ശതമാനത്തിലധികവും 'സൂക്ഷ്മ' (മൈക്രോ- ഏറ്റവും ചെറിയ) യൂണിറ്റുകള്‍ക്കാണ് കൊടുത്തിട്ടുള്ളത്.
സംസ്ഥാനത്തു മൊത്തം ഉള്ള 24 ലക്ഷത്തോളം വരുന്ന സംരംഭങ്ങളില്‍ 16.5 ലക്ഷത്തിനു മാത്രമാണ് ബാങ്ക് വായ്പ ലഭിച്ചിരിക്കുന്നത്. ഈ മേഖലയിലേക്കുള്ള വായ്പകളില്‍ ബാങ്കുകള്‍ ഇനിയും സഞ്ചരിക്കേണ്ട ദൂരത്തിന്റെ ഒരു സൂചനയായി ഇതിനെ എടുക്കാം. കേന്ദ്ര സര്‍ക്കാരും സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന്, 2 കോടി വരെയുള്ള വായ്പകള്‍ക്ക് ഈടോ ജാമ്യമോ കൂടാതെ വായ്പ കൊടുക്കാനുള്ള ഗ്യാരന്റി സംവിധാനം വാണിജ്യ ബാങ്കുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ചില്ലറ വ്യാപാരം (കച്ചവടം) ഉള്‍പ്പെടെയുള്ള വായ്പക്കാര്‍ക്ക് ഇതിന്റെ ഗുണം കിട്ടണം. അതായത് സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റ് ആണെങ്കില്‍ 2 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് മറ്റ് ജാമ്യം (സെക്യൂരിറ്റി) കൂടാതെ വായ്പ ബാങ്കുകള്‍ നല്‍കണം.
പക്ഷേ പലപ്പോഴും ബ്രാഞ്ച് തലത്തിലും അപേക്ഷകരുടെ ഇടയിലും വേണ്ടത്ര അവബോധം ഇല്ലാത്തതു കാരണം ചെറിയ വായ്പകള്‍ക്കു വേണ്ടി സമീപിക്കുമ്പോള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. കേരളത്തിലെ പുതിയ വായ്പ അപേക്ഷകര്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള പോര്‍ട്ടല്‍ (SIDBI സൈറ്റ്) വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. തികച്ചും സുതാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ പോര്‍ട്ടലില്‍ എംഎസ്എംഇ വായ്പകള്‍ കൂടാതെ ഇപ്പോള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അപേക്ഷിച്ചാല്‍ ബാങ്കുകള്‍ അപേക്ഷയില്‍ തീരുമാനം എടുത്തേ മതിയാവൂ. എല്ലാ അപേക്ഷകളും ഇതില്‍ നിരീക്ഷണത്തിനു വിധേയം ആകും. ബാങ്കില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കുന്നതിനേക്കാള്‍ പ്രയോജനകരമാണ് ഈ പോര്‍ട്ടല്‍ എന്നാണ് അപേക്ഷിച്ച സംരംഭകര്‍ പറയുന്നത്.
ചെറുകിട സംരംഭകര്‍ക്ക് ഉദാരമായ വ്യവസ്ഥയില്‍ സാമ്പത്തിക പിന്തുണ ബാങ്കുകള്‍ നല്‍കണം എന്നതുകൊണ്ടാണല്ലോ 'ആത്മനിര്‍ഭര്‍' പദ്ധതിയുടെ ഭാഗമായി എല്ലാ സംരംഭകര്‍ക്കും അവരെടുത്ത വായ്പയുടെ ഏകദേശം 20% അധിക വായ്പ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നല്‍കാന്‍ നടപടിയെടുത്തത്. പക്ഷേ, കേരളത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒന്നുകില്‍ ഇതിനുള്ള ആവശ്യക്കാര്‍ അധികം ഇല്ല, അല്ലെങ്കില്‍ ഇനിയും ബാങ്കുകള്‍ ഇത് പൂര്‍ണമായും അനുവദിച്ചു നല്‍കിയിട്ടില്ല എന്നാണ്. കാരണം പ്രതിവര്‍ഷം ഈ മേഖലയിലെ വായ്പ വളര്‍ച്ച 5% മാത്രം. അവശത അനുഭവിക്കുന്ന യൂണിറ്റുകള്‍ക്ക് വായ്പ പുനഃക്രമീകരണം നടത്താനുള്ള ഉദാരവല്‍ക്കരിച്ച അനുവാദം റിസര്‍വ് ബാങ്ക് 2019 ജനുവരി മുതല്‍ തന്നെ തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
പുതിയ കണക്കനുസരിച്ച് 10 ലക്ഷം കോടിയോളം രൂപ പണലഭ്യത ബാങ്കുകളിലെല്ലാമായി ഉള്ള ഈ കാലയളവില്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും വാണിജ്യ ബാങ്കുകള്‍ എംഎസ്എംഇ വിഭാഗത്തിന് ആവശ്യമായ വായ്പ എത്തിക്കണം എന്നു നിരന്തരം നിര്‍ദേശം കൊടുക്കുന്നുണ്ട്. നിക്ഷേപം കുന്നുകൂടുന്ന കേരളത്തിലെ ബാങ്കുകളും ഈ മേഖലയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും എന്ന് പ്രതീക്ഷിക്കാം. റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദേശ പ്രകാരം, മുന്‍ഗണനാ വിഭാഗത്തിലെ (കൃഷി, സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖല) അപേക്ഷ ലഭിച്ചാല്‍ ഉടന്‍ തന്നെ ഒരു 'അക്നോളെജ്‌മെന്റ്' (അപേക്ഷ കിട്ടിയ വിവരം) അപേക്ഷകനു രേഖാമൂലം തന്നെ കൊടുക്കണം. (ഇത് അപേക്ഷകന്റെ അവകാശമാണ് എന്ന് സാരം. ഇത് പലപ്പോഴും നടക്കാറില്ല. ഇവിടെയാണ് ഇത് നടപ്പിലാക്കാനുള്ള സംവിധാനം ഒരുക്കേണ്ട ആവശ്യകത ഉയര്‍ന്നു വരുന്നത്). എല്ലാ ബാങ്കുകളും നിശ്ചിത സമയത്തിനകം, അപേക്ഷയുടെ മേല്‍ എടുത്ത തീരുമാനം അപേക്ഷകനെ അറിയിക്കുകയും വേണം. എല്ലാ ബാങ്കുകളും മുന്‍ഗണനാ വായ്പാ അപേക്ഷകളുടെ മുഴുവന്‍ വിവരങ്ങളും ഒരു റജിസ്റ്ററില്‍ ലഭ്യമാക്കണം (അപേക്ഷ കിട്ടിയ തിയതി, എടുത്ത തീരുമാനം, അതിന്റെ കാരണം എന്നിവ ഈ റജിസ്റ്ററില്‍ രേഖപ്പെടുത്തണം . റിസര്‍വ് ബാങ്ക് ഇത് ബാങ്കിങ് റെഗുലേഷന്‍ ആക്ട് പ്രകാരം കൊടുത്തിട്ടുള്ള നിര്‍ദേശം ആയതിനാല്‍ ഇത് നടപ്പിലാക്കാനുള്ള നിയമപരമായ ബാധ്യത ബാങ്കുകള്‍ക്കുണ്ട്.
വായ്പ അപേക്ഷ കൊടുത്തിട്ടും കാലതാമസം നേരിടുക, ബിസിനസില്‍ എന്തെങ്കിലും ബുദ്ധിമുട്ടു വന്നാല്‍ അനുഭാവപൂര്‍ണമായ സമീപനം ലഭിക്കാതിരിക്കുക, അനുയോജ്യമായ പുനഃക്രമീകരണ സംവിധാനം ലഭ്യമല്ലാതാകുക മുതലായ പരാതികള്‍ക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താനുള്ള സംവിധാനം ഒന്നുകില്‍ ബാങ്കുകള്‍ സ്വയം ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരോ വ്യവസായ സംഘടനകളോ ഒരുക്കണം. എംഎസ്എംഇ വായ്പകള്‍ വേണ്ട വിധം കൈകാര്യം ചെയ്യുന്നതിന് ബാങ്കുകള്‍ക്കും സംരംഭകര്‍ക്കും സര്‍ക്കാരിനും തുല്യമായ ഉത്തരവാദിത്തം ഉണ്ട്. പരാതി പരിഹാര സ്ഥിര സംവിധാനം എത്രയും പെട്ടെന്നുവേണം. സംസ്ഥാനത്തു 45 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണിത്. ഇനിയും വളരാനുള്ള ശേഷിയും കെല്‍പ്പും ഉണ്ടുതാനും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.