- Trending Now:
കൊച്ചി: ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചലച്ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഓഡിയോ, ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ ഡിഎൻഎഫ്ടി സംഘടിപ്പിച്ച ചടങ്ങിൽ മോഹൻലാലിന്റെയും ലിജോ ജോസിന്റെയും നേതൃത്വത്തിൽ ചിത്രത്തിലെ അണിയറ പ്രവർത്തകർ പങ്കെടുത്തു.
ഈ സിനിമ മലയാളത്തിന്റെ മാത്രം സിനിമയല്ലെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. തമിഴിലും തെലുങ്കിലും അങ്ങനെ മറ്റു ഭാഷകളിലെല്ലാം കാണുമ്പോൾ അതാത് ഭാഷകളുടെ കഥയായി ഇത് അനുഭവപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരുപാട് രഹസ്യങ്ങളുള്ള സിനിമയാണെന്നും ആ രഹസ്യങ്ങളെന്താണെന്ന് സിനിമ കാണുമ്പോൾ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാലേട്ടന്റെ അനുഗ്രഹം കൊണ്ട് ചിത്രത്തിന്റെ പ്രചരണ പരിപാടികളെല്ലാം ഭംഗിയായാണ് പോകുന്നതെന്ന് പരിപാടിയുടെ സംഘാടകരായ ഡിഎൻഎഫ്ടി ഉടമകളായ ടെക് ബാങ്ക് മൂവീസ് ലണ്ടൻ ഡയറക്ടർ സുഭാഷ് മാനുവൽ പറഞ്ഞു. ഡിഎൻഎഫ്ടിക്കൊപ്പം മനോരമ ഓൺലൈൻ, ജെയിൻ ഇന്റർനാഷണൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സ്, മൈജി എന്നിവർ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓഡിയോ, ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ചിത്രത്തിന്റെ നിർമ്മാതാവ് ഷിബു ബേബി ജോൺ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിലെ നായിക സൊണാലി കുൽക്കർണ്ണി തുടങ്ങിയവരും സംസാരിച്ചു. ചിത്രത്തിലെ 'തായും തന്തൈയും' എന്ന ഗാനം പാലക്കാട് ശ്രീറാമും 'പുന്നാര കാട്ടിലെ' എന്ന ഗാനം അഭയ ഹിരൺമയിയും ശ്രീകുമാർ വക്കിയിലും ചേർന്ന് ആദ്യമായി തത്സമയം ആലപിച്ചു.
ചിത്രത്തിന്റെ എക്സ്ക്ലൂസീവ് ദൃശ്യങ്ങളും വീഡിയോകളും ഡി.എൻ.എഫ്.ടി(ഡീസെൻട്രലൈസ്ഡ് നോൺ-ഫൺജബിൾ ടോക്കൺ) പ്ലാറ്റ്ഫോം വഴിയാണ് ലഭ്യമാകുന്നത്. ലോകത്തിലാദ്യമായി ഡിഎൻഎഫ്ടി മലൈക്കോട്ടൈ വാലിബനിലൂടെയാണ് അവതരിപ്പിക്കുന്നത്. ഡിഎൻഎഫ്ടി കരസ്ഥമാക്കിയ വ്യക്തികൾക്ക് ചടങ്ങിൽ സൗജന്യ പ്രവേശനമുണ്ടായിരുന്നു. ദുബായിലും ലണ്ടനിലുമെല്ലാം ഇതുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് സുഭാഷ് മാനുവൽ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സിനിമകൾ വാങ്ങുമ്പോഴും പുതിയ സിനിമകൾ റിലീസ് ചെയ്യുമ്പോഴും ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.