Sections

ഡിവൈന്‍ ആര്‍ട്‌സ് ടാറ്റു സ്റ്റുഡിയോ; വരകൊണ്ട് ജീവിക്കാന്‍ ഗ്രാഫിക് ഡിസൈനര്‍ തീരുമാനിച്ചപ്പോള്‍

Wednesday, Feb 09, 2022
Reported By Jeena S Jayan
tattoo

ചിത്രകല പോലെ തന്നെ ഇന്നത്തെ കാലത്ത് യുവാക്കളെ ആകര്‍ഷിക്കുന്ന മേഖലയാണ് ശരീരചിത്രകലയും.നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നില്ല ഈ പറയുന്നത് ടാറ്റൂയിങ്ങിനെ കുറിച്ചാണ്.നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് പച്ചകുത്തലിന് പക്ഷെ കഴിഞ്ഞ കുറച്ചു കാലമായി ഇത് നമ്മുടെ നാട്ടില്‍ വലിയ തോതില്‍ ജനപ്രിയമായി മാറികൊണ്ടിരിക്കുകയാണ്.പച്ച കുത്തല്‍ ജീവിത മാര്‍ഗ്ഗം ആക്കി മാറ്റിയ തലസ്ഥാന നഗരിയിലെ പ്രശസ്തമായ ഒരു സ്റ്റുഡിയോയുടെ ഉടമയാണ് അനന്തകൃഷ്ണന്‍.ഗ്രാഫിക് ഡിസൈനിംഗില്‍ നിന്ന് പച്ചകുത്തലിലേക്ക് തിരിഞ്ഞ ഈ ചെറുപ്പക്കാരന്റെ കഠിന പ്രയത്‌നമാണ് ഡിവൈന്‍ ആര്‍ട്‌സ് ടാറ്റു സ്റ്റുഡിയോ....

 

 

വട്ടിയൂര്‍ക്കാവ് സ്വദേശിയായ അനന്തകൃഷ്ണന്‍ കുട്ടിക്കാലം തൊട്ടെ നന്നായി വരയ്ക്കുമായിരുന്നു അങ്ങനെ നിരവധി സമ്മാനങ്ങള്‍ സ്‌കൂള്‍തലത്തിലും കോളേജ് തലത്തിലും ലഭിച്ചിട്ടുമുണ്ട്.പിന്നീട് ഗ്രാഫിക് ഡിസൈനിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ പച്ചകുത്തലിന്റെ മാജിക്കിലേക്ക് വീണത് ഒട്ടുമിക്ക സംരംഭകരെയും പോലെ തന്റേതായി സ്വയം എന്തെങ്കിലും ചെയ്യണമെന്ന അതിയായ മോഹം തന്നെയായിരുന്നു.

തിരുവനന്തപുരത്ത് വെള്ളയമ്പലം ജംങ്ഷനില്‍ ശാസ്തമംഗലം റോഡിലാണ് അനന്തകൃഷണന്റെ ഡിവൈന്‍ ആര്‍ട്‌സ് ടാറ്റു സ്റ്റുഡിയോ.മടുപ്പ് തോന്നാതെ ജോലി ചെയ്യണം.മറ്റേത് തൊഴിലിലനെക്കാളും തനിക്ക് ഇഷ്ടമുള്ള മേഖലയില്‍ തന്നെ നില്‍ക്കാനും പാഷന്‍ പിന്തുടരാനും ആഗ്രഹിച്ചുകൊണ്ടാണ് അനന്തകൃഷ്ണന്‍ ടാറ്റു ആര്‍ട്ട് പഠിക്കാന്‍ വണ്ടി കയറുന്നത്.

പച്ചകുത്തലിന്റെ മോഡേണ്‍ വേര്‍ഷന്‍ എന്നൊക്കെ പറയുമെങ്കിലും രണ്ടും ഒന്ന് തന്നെയാണെന്നും ചെയ്യുന്ന രീതികളുള്ള വ്യത്യാസം മാത്രമാണെന്നും അനന്തകൃഷ്ണന്‍ പറയുന്നു.തിരുവനന്തപുരത്ത് ഇന്ന് നിരവധി ടാറ്റു സ്റ്റുഡിയോകള്‍ കാണാം.പക്ഷെ അനന്തകൃഷ്ണന്‍ ഈ മേഖലയിലേക്ക് വരുമ്പോള്‍ വളരെ കുറച്ച് ആളുകളാണ് ടാറ്റു സ്റ്റുഡിയോ ഒരു ബിസിനസാക്കി മാറ്റിയിരുന്നത്.

ഇന്ന് ടാറ്റു ആര്‍ട്ട് പഠിക്കാനുള്ള സൗകര്യവും സാങ്കേതിക വിദ്യകളും വികസിച്ചപ്പോള്‍ നിരവധി ചെറുപ്പക്കാര്‍ ഈ മേഖലയിലേക്ക് പ്രൊഫഷണലായി തന്നെ കടന്നു വരുന്നതായിട്ടാണ് അനന്തകൃഷ്ണന്റെ നിരീക്ഷണം.

പലര്‍ക്കും തോന്നുന്ന സംശയവും ആശങ്കയുമാണ് ടാറ്റു ചെയ്താല്‍ മറ്റ് രാജ്യങ്ങളിലേക്ക് യാത്രചെയ്യാന്‍ വിലക്കുണ്ടാകുമോ ?,സര്‍്ക്കാര്‍ സര്‍വ്വീസുകളില്‍ ജോലിക്ക് തടസ്സമാകുമോ എന്നൊക്കെ.ടാറ്റു സര്‍വ്വീസുകള്‍ ചെയ്യുന്നവരിലൂടെ മാത്രമെ സമൂഹത്തില്‍ ഇപ്പോഴും കുറച്ചെങ്കിലും നിലനില്‍ക്കുന്ന ഈ ആശങ്ക പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുകയുള്ളു.പക്ഷെ ഇത്തരം മിഥ്യാധാരണകളെ ഒരു പരിധിവരെ ബോധവത്കരിക്കാന്‍ അനന്തകൃഷ്ണന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ഫെയ്‌സ്ബുക്ക് വഴിയും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും തന്നെയാണ് ബിസിനസ് രീതിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചതെന്ന് ആറ് വര്‍ഷമായി ടാറ്റൂ സര്‍വ്വീസ് ചെയ്യുന്ന അനന്തകൃഷ്ണന്‍ പറയുന്നു.വീടിനോട് ചേര്‍ന്നൊരു ചെറിയ റൂമില്‍ നിന്നാണ് ഡിവൈന്‍ ആര്‍ട്‌സ് ടാറ്റൂ സെന്ററിന്റെ തുടക്കം.എന്നാല്‍ മറ്റ് മുന്‍കാലങ്ങളിലുള്ള ആര്‍ട്ടിസ്റ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതായി അനന്തകൃഷ്ണന്‍ പറയുന്നു.

ഡിവൈനുമായി സമാനതകളുള്ള സ്ഥാപനങ്ങളുടെ വരവ് തന്റെ ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് നിലവിലുള്ള ബിസിനസ് മത്സരത്തെക്കാള്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.എന്നിരുന്നാലും പലരും നേരിട്ട് അന്വേഷിച്ച് സ്ഥാപനം തേടിയെത്തുന്നതിന്റെ സന്തോഷം അനന്തകൃഷ്ണന്റെ വാക്കുകളിലുണ്ട്.

ഈ ഒരു ആശയത്തെ കുറിച്ച് ആദ്യം വീട്ടിലറിയിച്ചപ്പോള്‍ അമ്മ നല്‍കിയ പിന്തുണയാണ് അനന്തകൃഷ്ണന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് പിന്നീട് ചെന്നെയില്‍ പോയി സര്‍ട്ടഫിക്കറ്റ് കോഴ്‌സ് തന്നെ പൂര്‍ത്തിയാക്കി എത്തിയ ഉടന്‍ ചെറിയ രീതിയില്‍ തന്നെ സ്ഥാപനം ആരംഭിക്കാന്‍ കുടുംബം നല്‍കിയ പിന്തുണ ഇപ്പോഴുമുണ്ടെന്ന് അനന്തകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ബിസിനസിനെ ബാധിക്കാറുണ്ടെങ്കിലും പൊതുവായ ജനസുരക്ഷയെ കരുതിയുള്ള നിയന്ത്രണങ്ങളെ ഉള്‍ക്കൊണ്ടു തന്നെയാണ് ഡിവൈന്‍ ആര്‍ട്‌സ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്.അടിക്കടി കോവിഡ് പ്രതിസന്ധി ഉയരുമ്പോഴും തന്റെ സ്ഥാപനത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക അനന്തകൃഷ്ണന്റെ വാക്കുകളില്‍ നിഴലിച്ചു കാണാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 96330 45705 , https://www.facebook.com/divineartstattoos

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.