- Trending Now:
മാനുഷികവും സാമൂഹികവുമായ ഉള്ളടക്കം വിദ്യാഭ്യാസത്തിൽ ഉണ്ടാകണമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എൻലൈറ്റ് തൃത്താലയുടെ ഭാഗമായി പടിഞ്ഞാറങ്ങാടി മാക്സ് പ്ലസ് റീജൻസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ദിശ' ഹയർ സ്റ്റഡീസ് എക്സ്പോ ആൻഡ് ജോബ് ഫെസ്റ്റിൽ മീറ്റ് ദി മിനിസ്റ്റർ സംവാദ സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയായ തൃത്താലയിൽ മിടുക്കരായ കുട്ടികളുണ്ട്. അവർക്ക് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടും ദിശാ ബോധവും നൽകുന്നതിനാണ് ദിശ എക്സ്പോ ഒരുക്കിയത്.
മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. നാഷണൽ സ്കൂൾ ക്വാളിറ്റി ഇൻഡക്സിൽ തുടർച്ചയായി ഏഴ് വർഷം കേരളം ഒന്നാമതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, കരിക്കുലം പരിഷ്കരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ദേശീയതലത്തിൽ ഏറ്റവും മികവുറ്റ സ്കൂൾ വിദ്യാഭ്യാസം സൃഷ്ടിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. സ്കൂളുകളിൽ ഇന്റർനെറ്റ് ലഭ്യതയും ഏറ്റവും കൂടുതൽ സ്മാർട്ട് ക്ലാസുകളും ഉള്ളത് കേരളത്തിലാണ്. വിദ്യാഭ്യാസത്തെ നിരന്തരമായി നവീകരിച്ചു കൊണ്ടിരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പുതിയ അറിവുകളും പുതിയ ആശയങ്ങളും ഉണ്ടാവുന്നത് പുതിയ ചോദ്യങ്ങളിൽ നിന്നാണ്. ആത്മവിശ്വാസത്തോടെയാണ് കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചതെന്നും അത് സന്തോഷം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെല്ലിന്റെ സഹകരണത്തോടെയാണ് ദിശ ഹയർ സ്റ്റഡിസ് എക്സ്പോ സംഘടിപ്പിച്ചത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), കുടുംബശ്രീ മിഷൻ എന്നിവയുടെയും പങ്കാളിത്തത്തോടെയാണ് പ്രദർശനം ഒരുക്കിയത്. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. സജിഗോപിനാഥ് വിഷയാവതരണം നടത്തി. പരിപാടിയുടെ ഭാഗമായി ഭരണഘടനയുടെ വർത്തമാനം, ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ സെമിനാറും നടന്നു. സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധിക്ഷയായി. കില അസിസ്റ്റന്റ് ഡയറക്ടർ ഡോ. അമൃത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാൻ ടി.കെ നാരായണദാസ്, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.