Sections

വിമാന യാത്രകളില്‍ പുത്തന്‍ സാങ്കേതികവിദ്യ; ഡിജിയാത്ര നിലവില്‍ വന്നു

Saturday, Dec 03, 2022
Reported By admin
india

ഐഡി കാര്‍ഡും ബോര്‍ഡിംഗ് പാസും കൈവശം വയ്‌ക്കേണ്ടതില്ല


പേപ്പര്‍ ബോര്‍ഡിംഗ് പാസ് ഇനി ആവശ്യമില്ല, എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍ കാലതാമസം ഉണ്ടാകില്ല, യാത്രക്കാരെ അവരുടെ ഫേസ് ഐഡി ഉപയോഗിച്ച് ഫ്‌ലൈറ്റുകളില്‍ കയറാന്‍ അനുവദിക്കുന്ന ഡിജിയാത്ര നിലവില്‍ വന്നു. ഡിസംബര്‍ ഒന്ന് മുതലാണ് പേപ്പര്‍ രഹിത ബോര്‍ഡിംഗ് പ്രക്രിയ ആരംഭിച്ചത്. ഈ സേവനം യാത്രക്കാരെ ചെക്ക്-ഇന്‍ ചെയ്യാന്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഉപയോഗിക്കുന്നു. ആദ്യഘട്ടത്തില്‍ ഡല്‍ഹി, ബെംഗളൂരു, വാരണാസി വിമാനത്താവളങ്ങളില്‍ ഡിജി യാത്ര സേവനം ലഭ്യമാക്കി.

2023 മാര്‍ച്ചോടെ ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, വിജയവാഡ എന്നിവയുള്‍പ്പെടെ നാല് വിമാനത്താവളങ്ങളില്‍ കൂടി ഡിജി യാത്ര സേവനം ലഭ്യമാകും. തുടര്‍ന്ന്,രാജ്യത്തുടനീളമുളള എയര്‍പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ ഡിജിയാത്ര വ്യാപിപ്പിക്കും. ആഭ്യന്തര യാത്രക്കാര്‍ക്കാണ് നിലവില്‍ ഈ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്‍ട്രി പോയിന്റ് ചെക്ക്, സെക്യൂരിറ്റി ചെക്ക്, എയര്‍ക്രാഫ്റ്റ് ബോര്‍ഡിംഗ് എന്നിവയുള്‍പ്പെടെയുള്ള ചെക്ക് പോയിന്റുകളില്‍ യാത്രക്കാരുടെ വിവരങ്ങള്‍ സ്വയമേവ പ്രോസസ്സ് ചെയ്യുന്നതിന് ഈ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

എന്താണ് ഡിജിയാത്ര?

ഇത് വിമാന യാത്രക്കാര്‍ക്കുള്ള ബയോമെട്രിക്‌സ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പ്രോസസ്സിംഗാണ്. അതിനാല്‍, ഇപ്പോള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബോര്‍ഡിംഗ് പ്രക്രിയയ്ക്കായി അവരുടെ ഐഡി കാര്‍ഡും ബോര്‍ഡിംഗ് പാസും കൈവശം വയ്‌ക്കേണ്ടതില്ല. വിമാനയാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുകയും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുന്നു.

ചെക്ക്-ഇന്‍ സമയത്ത് ഐഡി ചെക്കുകള്‍ ഒഴിവാക്കുന്നതോടെ, ബോര്‍ഡിംഗ് ഗേറ്റുകളിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം വേഗത്തിലാകും. ആപ്പ് പിഎന്‍ആര്‍ ഉപയോഗിച്ച് വിമാന യാത്രക്കാരെ ട്രാക്ക് ചെയ്യും, ഇത് സുരക്ഷ വര്‍ധിപ്പിക്കുകയും തട്ടിപ്പുകള്‍ കുറയ്ക്കുകയും ചെയ്യും. നിയമാനുസൃതമായി അനുവദിക്കപ്പെട്ട യാത്രക്കാര്‍ക്ക് മാത്രമേ വിമാനത്തില്‍ കയറാന്‍ കഴിയൂ. 

എയര്‍ലൈനുകളില്‍, എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ എന്നിവ അവരുടെ ആഭ്യന്തര നെറ്റ്വര്‍ക്കില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മൂന്ന് വിമാനത്താവളങ്ങളില്‍ ഈ സൗകര്യം ലഭ്യമാക്കുന്നു. SpiceJet, GoFirst, Akasa Air എന്നിവ ഇതുവരെ ഡിജിയാത്ര സൗകര്യം വാഗ്ദാനം ചെയ്തിട്ടില്ല.

ഡിജിയാത്ര എങ്ങനെ?

ഡിജിയാത്ര സേവനം ലഭിക്കുന്നതിന്, പേര്,ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റിയുടെ വിശദാംശങ്ങള്‍ (വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ മുതലായവ) എന്നിവ സമര്‍പ്പിച്ച് ഐഡി സൃഷ്ടിക്കാം. ആദ്യ യാത്രയില്‍, ഐഡി വെരിഫിക്കേഷന് യാത്രക്കാര്‍ വിമാനത്താവളത്തിലെ രജിസ്‌ട്രേഷന്‍ കിയോസ്‌കില്‍ പോകണം. 

നിങ്ങള്‍ ആധാര്‍ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍, ആധാര്‍ കാര്‍ഡുകളില്‍ ഇതിനകം ബയോമെട്രിക് വിവരങ്ങള്‍ ഉള്ളതിനാല്‍ വെരിഫിക്കേഷന്‍ ഓണ്‍ലൈനായിരിക്കും. എന്നാല്‍ നിങ്ങള്‍ മറ്റൊരു ഐഡി പങ്കിടുകയാണെങ്കില്‍, CISF നേരിട്ട് പരിശോധിക്കും. ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിങ്ങളുടെ ഡിജി യാത്ര ഐഡി നമ്പര്‍ ഉപയോഗിക്കാനാകും. ഡിജി യാത്ര ഐഡി ഉള്‍പ്പെടെയുള്ള നിങ്ങളുടെ ഡാറ്റ എയര്‍ലൈനുകള്‍ പുറപ്പെടുന്ന വിമാനത്താവളത്തിലേക്ക് കൈമാറും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.