Sections

ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാന്‍ വാര്‍ഡ് തലത്തില്‍  സര്‍വേ സഭകള്‍

Friday, Oct 14, 2022
Reported By MANU KILIMANOOR

എല്ലാ വില്ലേജുകളിലെയും വാര്‍ഡ് തലത്തില്‍ ഒക്ടോബര്‍ 12 മുതല്‍ 25 വരെയാണ് സര്‍വേ സഭകള്‍

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാന്‍ വാര്‍ഡ് തലത്തില്‍ രൂപീകരിക്കുന്ന സര്‍വേ സഭകള്‍ക്ക് തുടക്കമായി. ഗ്രാമസഭകള്‍ക്ക് സമാനമായി ചേരുന്ന സര്‍വേ സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം പഞ്ചായത്തിലെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തില്‍ തദ്ദേശ സ്വയംഭരണ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ് നിര്‍വഹിച്ചു. റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷനായി. ഡിജിറ്റല്‍ സര്‍വേ ഭൂവുടമകള്‍ക്ക് വലിയ അനുഗ്രഹമാകുമെന്ന് എം.ബി രാജേഷ് പറഞ്ഞു. സര്‍വേ പൂര്‍ത്തിയാവുന്നതോടെ ഭൂവുടമകള്‍ക്ക് രേഖകള്‍ വിരല്‍ സ്പര്‍ശത്തില്‍ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റലായി ഭൂമി അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് കൈമാറും മുന്‍പ് ഇതിന്റെ കരട് ഭൂവുടമകള്‍ക്ക് നല്‍കുമെന്നും, പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അറിയിക്കാമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. മംഗലപുരം പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡായ വേലൂരില്‍ മന്ത്രി കെ. രാജന്റെ സാന്നിധ്യത്തില്‍ ആദ്യ സര്‍വേ സഭ ചേര്‍ന്നു.

സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലെയും വാര്‍ഡ് തലത്തില്‍ ഒക്ടോബര്‍ 12 മുതല്‍ 25 വരെയാണ് സര്‍വേ സഭകള്‍ ചേരുക. നവംബര്‍ ഒന്നിന് ഡിജിറ്റല്‍ സര്‍വേ തുടങ്ങും മുന്‍പേ ഭൂവുടമകളുടെ പരാതികള്‍ പരിഹരിച്ച് ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. അത്യാധുനിക സാങ്കേതിക വിദ്യ വഴി മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന പൊതുജനത്തിന് ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കും. നാല് വര്‍ഷം കൊണ്ട് 1550 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സര്‍വേ നടത്തുക.

ഡിജിറ്റല്‍ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 22 വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെങ്ങാനൂര്‍, വെയിലൂര്‍, മേല്‍തോന്നയ്ക്കല്‍, പള്ളിപ്പുറം, അണ്ടൂര്‍കോണം, കല്ലിയുര്‍, കീഴ്കാന്നയ്ക്കല്‍, വെമ്പായം, തേക്കട, മാണിക്കല്‍, കരകുളം, മലയിന്‍കീഴ്, തൊളിക്കോട്, ഇടയ്‌ക്കോട്, മുദാക്കല്‍, കീഴാറ്റിങ്ങല്‍, ഒറ്റര്‍, ചെറുന്നിയുര്‍, വിളപ്പില്‍, കാഞ്ഞിരംകുളം, പരശുവയ്ക്കല്‍, നെയ്യാറ്റിന്‍കര എന്നീ വില്ലേജുകളിലെ വിവിധ വാര്‍ഡുകളിലാണ് സര്‍വേ നടത്തുക.ചടങ്ങില്‍ വി. ശശി എം.എല്‍.എ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.