Sections

ഡിജിറ്റല്‍ റീസര്‍വ്വെ: ജനപങ്കാളിത്തം ഉറപ്പാക്കാന്‍ 12 മുതല്‍ സര്‍വ്വെസഭകള്‍

Saturday, Oct 08, 2022
Reported By MANU KILIMANOOR

'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിനായാണ് ഡിജിറ്റല്‍ റീസര്‍വ്വെ

ഡിജിറ്റല്‍ റീസര്‍വ്വെ പ്രവര്‍ത്തനത്തില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാനത്ത് ഒക്ടോബര്‍ 12 മുതല്‍ സര്‍വ്വെ സഭകള്‍ ചേരുന്നു. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വ്വെ നടക്കുന്ന 200 വില്ലേജുകള്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപന വാര്‍ഡുകളിലാണ് സര്‍വ്വെ സഭകള്‍ വിളിച്ചുചേര്‍ക്കുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ 12ന് മംഗലപുരം വില്ലേജില്‍ നടക്കും.'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' എന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ റീസര്‍വ്വെ ആരംഭിക്കുന്നതെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ഉദ്ഘാടനം ചെയ്്ത തദ്ദേശ സ്വയംഭരണ, ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും വലിയ അളവില്‍ പരിഹാരമാകാന്‍ ഡിജിറ്റല്‍ റീസര്‍വ്വെ സഹായകമാകും. ഭൂമി സംബന്ധമായ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനും ഇത് വഴി സാധിക്കും. വാര്‍ഡിലെ മുഴുവന്‍ ഭൂവുടമകളെയും സര്‍വ്വെസഭകളില്‍ പങ്കൈടുപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ നല്‍കണം. ജനങ്ങളുടെ നല്ല പിന്തുണ ഇതിന്റെ വിജയത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളത്തത്തോടെ പൂര്‍ണമായി ജനകീയ സഹകരണത്തോടെയുള്ള സര്‍വ്വെയാണ് ലക്ഷ്യമിടുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ അറിയിച്ചു. നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വ്വെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇതിനായി ആവശ്യമായ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും എല്ലാം സജ്ജമാക്കി. 807.38 കോടി രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ അനുവദിച്ചു.

1500 പുതിയ സര്‍വ്വെയര്‍മാരെയും മറ്റ് താല്‍ക്കാലിക ജീക്കാരെയും നിയോഗിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 200 വില്ലേജിലാണ് ആദ്യഘട്ടത്തില്‍ സര്‍വ്വെ നടക്കുക. ഈ പ്രദേശങ്ങളിലാണ് സര്‍വ്വെ സഭകള്‍ ചേരുന്നത്.ഭൂമിയുടെ ഉടമസ്ഥര്‍ക്ക് സുതാര്യമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവിധമായിരിക്കും സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍. സര്‍വ്വെ നടപടികളെയും സാങ്കേതിക കാര്യങ്ങളെയും കുറിച്ച്് ജനങ്ങള്‍ക്കുള്ള എല്ലാ സംശയങ്ങള്‍ക്കും സര്‍വ്വെസഭകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കും. ഇതിനായി ഓരോ തദ്ദേശസ്ഥാപനത്തിലും രണ്ടു വീതം സര്‍വ്വെ വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ ഇതിനായി പ്രത്യേക സെക്ഷനും ഉണ്ടാകും. സര്‍വ്വെ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കുക, അതിര്‍ത്തികള്‍ അടയാളപ്പെടുത്തിവെക്കുക, അതിര്‍ത്തികള്‍ സര്‍വ്വെ നടത്താന്‍ പാകത്തില്‍ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉടമകള്‍ ചെയ്യണം. ഉടമ സ്ഥലത്തില്ലെങ്കില്‍ ഏറ്റവും അടുത്ത ഒരാളെ പ്രത്യേകം ചുമതലപ്പടുത്തി ഇക്കാര്യം സര്‍വ്വെ വകുപ്പിനെ അറിയിക്കണം. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഈ സര്‍വ്വെ. ഭൂമി ഉടമകളായ എല്ലാവരെയും ബാധിക്കുന്ന കാര്യമാണ് എന്നതിനാല്‍ ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി അഭ്യര്‍ഥിച്ചു.യോഗത്തില്‍ സര്‍വ്വെയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു സ്വാഗതം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.