Sections

ഡിജിറ്റല്‍ വായ്പകള്‍ക്കെതിരെ കര്‍ശന മാനദണ്ഡങ്ങളുമായി ആര്‍ബിഐ, വിശദാംശങ്ങള്‍ ഇതാ

Sunday, Sep 04, 2022
Reported By admin
rbi

ഇവരൊക്കെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്

 

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി വായ്പയെടുക്കുന്നവരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ആര്‍ബിഐ. അടുത്തിടെ ഡിജിറ്റല്‍ വായ്പാ സ്ഥാപനങ്ങലെ നിയന്ത്രിക്കാനായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം ഇതായിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കളുടെ കുറഞ്ഞ അടിസ്ഥാന വിവരങ്ങള്‍ മാത്രമേ വായ്പാ സ്ഥാപനങ്ങള്‍ക്ക് ശേഖരിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് ഉപഭോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഡിജിറ്റല്‍ വായ്പകള്‍ അനുവദിക്കുന്ന ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ നല്‍കുന്നു.

അടിസ്ഥാന വിവരങ്ങള്‍ മാത്രമേ ശേഖരിക്കാന്‍ പാടുള്ളൂ 

കടം കൊടുക്കുന്നയാള്‍ക്ക് വായ്പ പ്രോസസ്സ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും അതിന്റെ തിരിച്ചടവ് നല്‍കുന്നതിനും ആവശ്യമായ പേര്, വിലാസം, ഉപഭോക്താവിന്റെ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ സംഭരിക്കാന്‍ കഴിയും. കടം വാങ്ങുന്നയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ വഴി സംഭരിക്കാന്‍ കഴിയില്ല

ആര്‍ക്കൊക്കെ ബാധകം

പുതിയ വായ്പകള്‍ എടുക്കുന്ന നിലവിലുള്ള ഉപഭോക്താവിനും പുതിയ ഉപഭോക്താക്കള്‍ക്കും ഇത് ബാധകമാണ്. സെപ്തംബര്‍ രണ്ട് മുതലാണ് ഇത് പ്രാബല്യത്തിലായത്. ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകം. എല്ലാ വാണിജ്യ ബാങ്കുകളും പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ എന്‍ബിഎഫ്സികളും ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ കീഴില്‍ വരും. ഇവരൊക്കെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

അനുമതികള്‍ക്ക് നിയന്ത്രണം

ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ക്ക് ഫയല്‍, മീഡിയ, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, കോള്‍ ലോഗുകള്‍, ടെലിഫോണ്‍ ഫംഗ്ഷനുകള്‍ തുടങ്ങിയ മൊബൈല്‍ ഫോണ്‍ ഉറവിടങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയില്ലെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമായി പ്രസ്താവിക്കുന്നു. ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ അല്ലെങ്കില്‍ അതിനാവശ്യമായ മറ്റേതെങ്കിലും സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഒറ്റത്തവണ ആക്‌സസ് എടുക്കാം. കടം വാങ്ങുന്നയാളുടെ വ്യക്തമായ സമ്മതത്തോടെ കെവൈസി ആവശ്യകതകള്‍ക്ക് മാത്രമാണ് ആക്സസ് ലഭിക്കുകയുള്ളൂ.

കെഎഫ്എസ്

ഡിജിറ്റല്‍ ആപ്പുകള്‍ ഉപയോഗിച്ച് ലോണുകള്‍ വിതരണം ചെയ്യുന്ന സമയത്ത്, എല്ലാ ഡിജിറ്റല്‍ ലെന്‍ഡിംഗ് ഉല്‍പ്പന്നങ്ങള്‍ക്കുമായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റില്‍ കരാര്‍ നടപ്പിലാക്കുന്നതിന് മുമ്പ് കടം വാങ്ങുന്നയാള്‍ക്ക് കീ ഫാക്ട് സ്റ്റേറ്റ്മെന്റ് നല്‍കിയിരിക്കണം.

ഡിജിറ്റല്‍ ലോണുകളുടെ എല്ലാം ഉള്‍പ്പെടുന്ന ചെലവിനെ കുറിച്ച് കടം വാങ്ങുന്നയാളെ അറിയിച്ചിരിക്കണം. വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴപ്പലിശ,ചാര്‍ജുകള്‍, വായ്പയുടെ കുടിശ്ശിക തുകയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടാതെ, അത്തരം പിഴ ചാര്‍ജുകളുടെ നിരക്ക് എന്നിവ കെഎഫ്എസില്‍ വായ്പയെടുക്കുന്നയാള്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ മുന്‍കൂറായി തന്നെ നല്‍കിയിരിക്കണം.

സന്ദേശങ്ങള്‍ അയച്ചിരിക്കണം

വായ്പ സംബന്ധിച്ച കരാറും ഇടപാട് വിജയകരമായി നടപ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങളും ഉപഭോക്താക്കളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇമെയില്‍ ഐഡിയിലോ മൊബൈല്‍ നമ്പറിലോ സന്ദേശമായി അയച്ചിരിക്കണം. ബാങ്കിന്റെ ലെറ്റര്‍ഹെഡിലായിരിക്കണം ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. വായ്പാ സ്‌കീം ,അനുമതി കത്ത്,നിബന്ധനകളും വ്യവസ്ഥകളും ,അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍,കടം വാങ്ങുന്നവരെ സംബന്ധിച്ചുള്ള എല്‍എസ്പി,ഡിഎല്‍എ സ്വകാര്യത നയങ്ങള്‍ എന്നിവ വായ്പാദാതാവിന്റെ വിവരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം

സൈന്‍-അപ്പ്/ഓണ്‍ബോര്‍ഡിംഗ് ഘട്ടത്തില്‍ ഉല്‍പ്പന്ന സവിശേഷതകള്‍, ലോണ്‍ പരിധി, ചെലവ് മുതലായവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കടം വാങ്ങുന്നവരെ അറിയിക്കേണ്ടതാണ്.

ബാങ്കുകളും എന്‍ബിഎഫ്സികളും അവരുടെ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകളുടെയും വായ്പ നല്‍കുന്ന സേവന ദാതാക്കളുടെയും ലിസ്റ്റ് അവരുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം.

നോഡല്‍ പരാതി പരിഹാര ഓഫീസറുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, വായ്പ നല്‍കുന്ന സേവന ദാതാക്കള്‍, ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ എന്നിവയുടെ വെബ്‌സൈറ്റുകളിലും കെഎഫ്എസിലും നല്‍കിയിരിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.