Sections

കേരളത്തിലെ കർഷകർ ഈ രീതിയിലേക്ക് മാറിയാൽ ഒരിക്കലും നഷ്ടം സംഭവിക്കില്ല

Friday, Dec 03, 2021
Reported By admin
Digital agriculture

കാര്‍ഷികമേഖലയില്‍ നവമാധ്യമങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നത് വഴിയുണ്ടാകുന്ന പ്രയോജനങ്ങള്‍ നമുക്ക് ഒന്ന് നോക്കിയാലോ ?

 

കറന്നെടുത്ത് പാല്‍ എന്തിനാ കഷ്ടപ്പെട്ട് കുറഞ്ഞ വിലയില്‍ സൊസൈറ്റിയില്‍ വില്‍ക്കുന്നത് അത് കുപ്പികളില്‍ നിറച്ച് ഓണ്‍ലൈനായി വില്‍പ്പന നടത്തിയാലോ ? കാറ്റിന്റെ ദിശയും മീനിന്റെ ലഭ്യതയും അറിഞ്ഞല്ലോ വള്ളം എന്നാപ്പിന്നെ കടലില്‍ ഇറക്കാം.ഉഹാപോഹങ്ങള്‍ വെച്ച് കര്‍ഷകര്‍ പറയുന്നതൊന്നുമല്ല ഇത്.വിപണിയും കാലാവസ്ഥയും ഒക്കെ തിരിച്ചറിഞ്ഞ് ഫലപ്രദമായി കൃഷി നടത്താന്‍ നവമാധ്യമ സാധ്യതകള്‍ കര്‍ഷകര്‍ ഇന്ന് പരക്കെ പ്രയോജനപ്പെടുത്തുന്നു.

2020-2021ല്‍ രാജ്യത്തിന്റെ ജിഡിപിയുടെ 19.9 ശതമാനവും തൊഴിലിന്റെ 45.6 ശതമാനവും സംഭാവന ചെയ്യുന്ന നമ്മുടെ കാര്‍ഷിക രംഗത്ത് സോഷ്യല്‍മീഡിയയുടെ സാധ്യതകളും പ്രായോഗികതയും വളരെ അധികം ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.വളരുന്ന ജനസംഖ്യയിലും സമ്പദ് വളര്‍ച്ചയിലും ഭക്ഷ്യ സുരക്ഷയും ഭക്ഷണവും ഉറപ്പാക്കാന്‍ നവമാധ്യമങ്ങളും കൃത്യമായി ഉപയോഗിക്കേണ്ടതുണ്ട്.

കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ നിരവധി തൊഴിലാളികള്‍,അല്ലെങ്കില്‍ ആളുകള്‍ കാര്‍ഷിക മേഖലയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.വികസനത്തില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരുന്നു.കര്‍ഷകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിവരങ്ങളും എത്തിച്ചു നല്‍കേണ്ടതും അത്യാവശ്യമാണ് ഇന്നത്തെ കാലത്ത്.

പാല്‍,ജൂട്ട്,പയര്‍വര്‍ഗ്ഗങ്ങള്‍,സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ലോകത്തില്‍ തന്നെ മുന്‍പന്തിയിലാണ് ഇന്ത്യ.ഇവിടുത്തെ കര്‍ഷിക മേഖലയില്‍ വിപണി അറിഞ്ഞുള്ള കൃഷിയ്ക്ക് അത്യാവശ്യമായി വേണ്ടത് അറിവുകള്‍ തന്നെയാണ്.ഇത് കൃത്യമായി കര്‍ഷകരില്‍ എത്തിച്ചേരണമെങ്കില്‍ നവമാധ്യമങ്ങളെ കൂട്ടുപിടിച്ചേ മതിയാകു.

കര്‍ഷകരുമായി നേരിട്ടുള്ള സംവാദങ്ങള്‍, ലഘുലേഖകള്‍, റേഡിയോ-ടെലിവിഷന്‍, ടെലിഫോണ്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, കാര്‍ഷികമേളകള്‍,പ്രസിദ്ധീകരണങ്ങള്‍, കിയോസ്‌കുകള്‍, കമ്യൂണിറ്റി റേഡിയോ, കാള്‍സെന്ററുകള്‍ തുടങ്ങി അനേകം മാര്‍ഗ്ഗങ്ങള്‍ ഇന്ന് കര്‍ഷകരെ സഹായിക്കാന്‍ ഉണ്ട്. കൃഷി ചെയ്തതുകൊണ്ട് മാത്രമായില്ല കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കത്തക്ക രീതിയില്‍ തങ്ങളുടെ വിളകള്‍ വിപണികളില്‍ വിറ്റഴിക്കാനും കൂടി സാധിക്കുമ്പോഴേ കാര്‍ഷിക മേഖലയില്‍ വളര്‍ച്ചയുണ്ടാകു.

കാര്‍ഷികമേഖലയില്‍ നവമാധ്യമങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നത് വഴിയുണ്ടാകുന്ന പ്രയോജനങ്ങള്‍ നമുക്ക് ഒന്ന് നോക്കിയാലോ ?

1) വിപണിക്കും ഉപഭോക്താവിനും അനുയോജ്യമായ ഉത്പന്നങ്ങള്‍

2) വില സൂചിക,ഓരോ മാര്‍ക്കറ്റിലെയും വിപണിവില യഥാസമയം അറിയുവാന്‍

3) വിളകളുടെ ശാസ്ത്രീയമായ സൂക്ഷിക്കലും, മെച്ചപ്പെട്ട കാലയളവില്‍ വിളകള്‍ സൂക്ഷിക്കലും

4) കാര്‍ഷികവിളകളുടെ മൂല്യവര്‍ദ്ധനവ്

5) ശാസ്ത്രീയമായ കൃഷി പരിചരണ മാര്‍ഗ്ഗങ്ങളിലുള്ള അറിവുകള്‍ ലഭിക്കുന്നു

6) കള,കീടങ്ങള്‍,രോഗങ്ങള്‍ എന്നിവയെ നേരിടാനുള്ള അറിവ് ലഭിക്കുന്നു

7) ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് ലാഭം നല്‍കുവാന്‍

8) കര്‍ഷക പരിശീലനങ്ങള്‍

9) പ്രകൃതിക്ഷോഭങ്ങള്‍,ദുരന്തലഘൂകരണ മാര്‍ഗ്ഗങ്ങള്‍,മുന്നറിയിപ്പുകള്‍

ഓരോ പ്രദേശത്തും വിപണിക്കും അനുയോജ്യമായ വിവരങ്ങള്‍ ആണ് കര്‍ഷകര്‍ക്ക് ആവശ്യമായത്.പ്രശ്‌നങ്ങളില്‍ കര്‍ഷകര്‍ക്ക് വിദഗ്‌ധോപദേശവും ലഭിക്കണം.കര്‍ഷകരെ സഹായിക്കാന്‍ ഉതകുന്ന പദ്ധതികള്‍,വായ്പകള്‍,ഇന്‍ഷുറന്‍സ്-ഇവയ്ക്കുള്ള നടപടിക്രമങ്ങള്‍ ഇതൊക്കെയാണ് സാധാരണ കര്‍ഷകര്‍ക്ക് അത്യാവശ്യം.

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ കാര്‍ഷിക മുന്നേറ്റം നടന്നത് സോഷ്യല്‍മീഡിയയുടെ സഹായത്തോടെയായിരുന്നു.ഇവിടുത്തെ മഞ്ഞള്‍ കര്‍ഷകരെ തകര്‍ത്തുകൊണ്ടാണ് വിപണി ചാഞ്ചാടികൊണ്ടിരുന്നത്.പല കര്‍ഷകരും കിട്ടിയ വിലയ്ക്ക് ചരക്കുകള്‍ വിറ്റൊഴിവാക്കി.വര്‍ദ്ധിച്ച ഉത്പാദനം വില താഴേക്ക് കുറച്ചു.2010ല്‍ വില വളരെ അധികം താഴേക്ക് പോയി.പക്ഷെ കിട്ടുന്ന വിലയ്ക്ക് മഞ്ഞള്‍ വില്‍ക്കാന്‍ പല കര്‍ഷകരും മടിച്ചു നിന്നു.ഇതര സംസ്ഥാനങ്ങളിലെ മഞ്ഞള്‍ കര്‍ഷകരുമായി ഇക്കൂട്ടത്തില്‍ ചിലര്‍ സംസാരിച്ചു വിപണി വിലകളില്‍ മാറ്റമുണ്ടെന്ന് കണ്ടെത്തി.ഇടനിലക്കാര്‍ പറയുന്ന വിലയ്ക്ക് മഞ്ഞള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നത് തന്നെയായിരുന്നു സാഗ്ലയിലെ കര്‍ഷകരുടെ പ്രധാന പ്രശ്‌നം.വിപണിയെ കുറിച്ചോ,സാങ്കേതിക വിദ്യകളെകുറിച്ചോ ഒന്നും ഇവിടുത്തെ കര്‍ഷകര്‍ക്ക് മതിയായ ധാരണകളുണ്ടായിരുന്നില്ല.

ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ സാംഗ്ലയിലെ മഞ്ഞള്‍ കര്‍ഷകര്‍ ഒന്നിച്ചു.ഇരുപത്തയ്യായിരത്തോളം കര്‍ഷകര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു പ്രതിഷേധിച്ചു.ഒടുവില്‍ ഇതെ തുടര്‍ന്ന് വിപണിയില്‍ നിന്ന് മഞ്ഞളിന് മികച്ച വില ലഭിച്ചു.മഞ്ഞള്‍ കൃഷി ലാഭകരമായി തന്നെ മുന്നോട്ടു പോയി.സോഷ്യല്‍മീഡിയ വഴി കൃഷി അനുബന്ധിത മേഖലകളില്‍ വിപ്ലവകമായ മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് അടിവരയിട്ട് ഉറപ്പിച്ച സംഭവമായിരുന്നു സാംഗ്ലിയിലേത്.

സര്‍ക്കാര്‍ തലത്തില്‍ തന്നെയുള്ള ഫാര്‍മേഴ്‌സ് പോര്‍ട്ടല്‍ കാര്‍ഷിക രംഗത്തെ അറിവുകള്‍ ഏകജാലക സംവിധാനത്തിലൂടെ നല്‍കുന്നു.സര്‍ക്കാര്‍ വെബ്‌സൈറ്റ് വിവരങ്ങള്‍,ഡീലര്‍മാര്‍,പദ്ധതികള്‍,വിലസൂചിക,ഇന്‍ഷുറന്‍സ്,സ്ഥലസൂചിക തുടങ്ങിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ഈ പോര്‍ട്ടലിനെ ആശ്രയിക്കാവുന്നതാണ്.

കിസാന്‍ കാള്‍ സെന്റര്‍ സൗകര്യങ്ങള്‍ രാജ്യത്ത് പ്രാദേശിക ഭാഷകളില്‍ പോലും ലഭ്യമാണ്.കര്‍ഷകര്‍ക്ക് പ്രയോജനകരമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ സംവിധാനത്തില്‍ 18001801551 എന്ന നമ്പറില്‍ സൗജന്യമായി വിളിക്കാവുന്നതാണ്.MKISAN എന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതാണ്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റ് സേവനങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.പദ്ധതികളുടെ വിവരങ്ങള്‍ മുതല്‍ അപേക്ഷ ഫോറം വരെ ലഭ്യമാകുന്നു.

ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച് കാര്‍ഷിക വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.e-agriculture,YPARD,#AgC-hat,Agriculture India എന്നീ അക്കൗണ്ടുകള്‍ ഒക്കെ വലിയ സ്വാധീനമുള്ള കാര്‍ഷിക ട്വിറ്റര്‍പേജുകളാണ്.

ഡ്രോണുകള്‍ ഉപയോഗിച്ച് കൃഷിയിടം സംരക്ഷിക്കുകയും രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നുണ്ട്.സ്‌പോക്കണ്‍ വെബ്,ഓഗ്മെന്റഡ് റിയാലിറ്റി,ഇന്റര്‍നെറ്റ് തുടങ്ങിയ നവമാധ്യമ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൃഷി,മൃഗസംരക്ഷണ മേഖലകള്‍ വികസിക്കുന്ന കാലം ഒട്ടുംവിദൂരമല്ല.

കേരളത്തിലെ കര്‍ഷകര്‍ ഇന്നും ഇത്തരം സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ പിന്നില്‍ തന്നെ.മൊബൈല്‍ ആപ്പുകള്‍ പ്രയോജനപ്പെടുത്തി കൃഷിയെ മുന്നോട്ടു പോകുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ധാരാളമുണ്ട്.അഗ്രോ ബുക്ക്,ഡിജിറ്റല്‍ ഗ്രീന്‍ തുടങ്ങിയവയെ കുറിച്ചുള്ള അറിവുകള്‍ കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടതുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.