Sections

കർഷക രജിസ്ട്രി: കൃഷിയിട സേവനങ്ങൾക്ക് ഡിജിറ്റൽ പരിഹാരം

Monday, Nov 25, 2024
Reported By Admin
Farmer using digital tools for agricultural services in India

കർഷക സേവനങ്ങൾ വേഗത്തിലാക്കാൻ കർഷക രജിസ്ട്രി


കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കർഷക രജിസ്ട്രി. കർഷക രജിസ്ട്രി പ്രവർത്തന ക്ഷമമാകുന്നതിന്റെ ഫലമായി സർക്കാർ പദ്ധതികൾ വേഗത്തിലും, സുതാര്യമായും കർഷകർക്ക് ലഭ്യമാകുന്നു. കൂടാതെ പേപ്പർ രഹിതവും സുഗമവുമായുള്ള വിള വായ്പകൾ, തടസ്സങ്ങളില്ലാതെയുള്ള വിള സംഭരണം തുടങ്ങിയവ കർഷകർക്ക് ഗുണകരമായ രീതിയിൽ ലളിതവത്ക്കരിക്കുന്നതിനായുള്ള കർഷക കേന്ദ്രീകൃത ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കാൻ കർഷക രജിസ്ട്രി സഹായിക്കും.

കേരളത്തിലെ പി എം കിസാൻ ഗുണഭോക്താക്കൾ ഉൾപ്പെടെ 30 ലക്ഷം കർഷകരെ കർഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാരിന്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷനിലൂടെ സമർപ്പിക്കുന്ന കർഷകരുടെ വിവരങ്ങൾ ഉപയോഗിച്ച് ദേശീയതലത്തിൽ ജനറേറ്റ് ചെയ്യുന്ന ഒരു കർഷക ഐഡി കർഷകർക്ക് ലഭ്യമാകുന്നു. ഇതുപയോഗിച്ച് കർഷകർക്ക് ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ മറ്റ് രേഖകളൊന്നും കൂടാതെ തന്നെ സുതാര്യമായും കാര്യക്ഷമമായും വേഗത്തിലും ലഭ്യമാകും.

കർഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ നിന്നും അറിയിപ്പ് ലഭിച്ചാലുടൻ തന്നെ കേന്ദ്ര സർക്കാരിന്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്തു ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോണിൽ വരുന്ന OTP നല്കി ആധാർ കാർഡ്, തങ്ങളുടെ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ, കരമടച്ച രസീത് എന്നിവയുമായി ഒത്തു നോക്കി ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതാണ്. ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിൽ പൂർത്തിയാക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കർഷകർക്ക് കർഷക രജിസ്ട്രിയിൽ വിവരങ്ങൾ ചേർക്കുന്നതിന് സ്വന്തമായി സാധ്യമല്ലെങ്കിൽ അടുത്തുള്ള അക്ഷയ സെന്ററിന്റേയോ, കോമൺ സർവീസ് സെന്ററിന്റേയോ കൃഷിഭവന്റെയോ സഹായം തേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1661 എന്ന ടോൾ ഫ്രീ നമ്പറിലോ, 0471 -2309122, 2303990, 2968122 എന്നീ ഹെല്പ് ഡെസ്ക് നമ്പരുകളിലോ വിളിക്കേണ്ടതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.