Sections

5 വ്യത്യസ്ത തരം പാരന്റിംഗ് രീതികൾ... നിങ്ങൾ ഇതിൽ ഏതിൽ ഉൾപ്പെടും?

Monday, Jul 03, 2023
Reported By Admin
Motivation

കുട്ടികൾ രാജ്യത്തിന്റെ സമ്പത്തും, ഭാവി വാഗ്ദാനങ്ങളുമാണ്. എന്നാൽ കുട്ടികളെ വളർത്തുന്നതിൽ ആധുനിക സമൂഹത്തിന് ആശങ്കകളും, സംശയങ്ങളുമുണ്ട്. പ്രത്യേകിച്ച് രക്ഷകർത്താക്കൾക്ക്. വളരെ സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെ ആയിരിക്കും ഓരോ രക്ഷകർത്താക്കളും തങ്ങളുടെ കുട്ടികളെ വളർത്താൻ ആഗ്രഹിക്കുന്നത്. എന്നാൽ കുട്ടികൾ വളരുംതോറും സന്തോഷം കുറയുകയും ആശങ്ക ഉടലെടുക്കുകയും ചെയ്യുന്നു. അവസാനം രക്ഷകർത്താക്കളെ അത് സ്ട്രെസ്സിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ തങ്ങളുടെ രക്ഷകർത്താക്കൾ താൻ വളരുംതോറും തങ്ങളെ അംഗീകരിക്കാതെ എന്തിനുമേതിനും സംശയത്തോട് കൂടി കാണുന്ന, കുറ്റം പറയുന്ന ആൾക്കാരായി മാറുന്നു. ഇതിനുപുറമേ അധ്യാപകരുടെ ഇടപെടൽ കൂടിയാകുമ്പോൾ കുട്ടികൾക്ക് അത് സ്ട്രെസായി മാറി അവസാനം ചിലർ മയക്കുമരുന്നിനും മദ്യത്തിനും അടിമയായി മാറുന്നത് ഇന്ന് സാധാരണയാണ്. പലരും കുട്ടികളെ നന്നായി വളർത്തുന്നതിന് പകരം നാശത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ആകാതിരിക്കാൻ രക്ഷകർത്താക്കൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. ആദ്യത്തെ സ്റ്റെപ്പ് രക്ഷകർത്താക്കൾ പലതരത്തിലുണ്ട് ഇതിലേത് വിഭാഗത്തിലാണ് നാം പെടുന്നതെന്ന് നോക്കുക. പൊതുവേ രക്ഷകർത്താക്കൾ അഞ്ച് തരത്തിലുണ്ട് ഇതിൽ ഏതുതരത്തിലുള്ള രക്ഷകർത്താവാണ് നിങ്ങൾ എന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട്.

1. സ്ട്രിക്റ്റ് പാരന്റിംഗ്

ഇങ്ങനെയുള്ള രക്ഷകർത്താക്കൾ കുട്ടികളോട് വളരെ കർക്കശമായി ഇടപെടുന്നവരാണ്. ഇവർ കുട്ടികളിൽ വളരെയധികം പ്രതീക്ഷ അർപ്പിച്ച് ജീവിക്കുന്നവരാണ്. കുട്ടികളെ അടക്കി ഒതുക്കി ചട്ടങ്ങൾ പരിശീലിപ്പിക്കാൻ നോക്കുന്നവരായിരിക്കും. ചെറിയ ചെറിയ തെറ്റുകൾക്ക് പോലും കടുത്ത ശിക്ഷയും, എന്തിനുമേതിനും കുറ്റപ്പെടുത്തലും, കുട്ടികളുടെ ശരികൾ കണ്ടുപിടിക്കാതെ തെറ്റുകൾ മാത്രം കണ്ടുപിടിക്കുന്നവരായിരിക്കും. സ്നേഹമുണ്ടെങ്കിലും ഇവ പ്രകടിപ്പിക്കില്ല. കുട്ടികൾക്ക് താങ്ങും തണലും ആകാതെ എപ്പോഴും ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്ന രക്ഷകർത്താക്കളായിരിക്കും. എന്നാൽ ഇവരുടെ മക്കൾ ആത്മധൈര്യം കുറഞ്ഞവരായി മാറും. പിന്നീട് അനുസരണക്കേട് കാണിക്കുന്നവരും, എപ്പോഴും ദിവാസ്വപ്നങ്ങൾ കാണുന്നവരുമായിരിക്കും. ഇവർ അലഞ്ഞു തിരിഞ്ഞ് നടക്കുവാനും സാധ്യതയുണ്ട്. ഭൂരിഭാഗം പാരന്റിങ് ശൈലി ഇങ്ങനെയുള്ളവരായിരിക്കും. പണ്ട് മുതലേ നമ്മുടെ നാട്ടിൽ കാണുന്ന പാരന്റിങ് രീതി ഇങ്ങനെയുള്ളതാണ്.

2. പാംപറിംഗ് പാരന്റിംഗ്

കുട്ടികൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന രക്ഷകർത്താക്കളാണ് ഇവർ. അവരെ അമിതമായി വിശ്വസിക്കുകയും, തങ്ങളുടെ കുട്ടികൾ മാത്രമാണ് ശരിയെന്ന് കരുതുന്നവരാണ്. കുട്ടികളെ അമിതമായി സംരക്ഷിക്കുകയും, കുട്ടികൾക്ക് വേണ്ടി ആരോടും എന്തിനും കയർക്കുന്നവരുമായിരിക്കും. ഇത്തരക്കാർ അവരെ എന്തിനും ന്യായീകരിക്കുന്ന ശീലമുള്ളവരാണ്. അധ്യാപകർ കുട്ടിയെ വഴക്കു പറഞ്ഞാൽ കുട്ടിയുടെ മുന്നിൽ വച്ചുതന്നെ അധ്യാപകരെ ചോദ്യം ചെയ്യുന്നവരായിരിക്കും. കുട്ടികളെ കൊണ്ട് ഒരു കാര്യവും ചെയ്യിപ്പിക്കുകയില്ല. ചോറു വാരി കൊടുക്കുകയും, കുട്ടികൾക്ക് വേണ്ടി പഠിക്കുക, നോട്ടുബുക്കുകൾ എഴുതി കൊടുക്കുക ഇങ്ങനെ ചെയ്യുന്ന രക്ഷകർത്താക്കളായിരിക്കും. കുട്ടികൾ വളർന്നാലും അത് അംഗീകരിക്കാതെ അവരെ എപ്പോഴും ശല്യം ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെയുള്ള രക്ഷകർത്താക്കൾ കുട്ടികൾ വളരുമ്പോൾ അവർക്ക് ഒരു ബാധ്യതയായിരിക്കും. അതോടൊപ്പം ഈ കുട്ടികൾ സമൂഹവുമായി ഇഴകി ചേരാത്തവരും, നിരവധി കുടുംബ പ്രശ്നം ഉണ്ടാക്കുന്നവരുമായിരിക്കും. ഇങ്ങനെയുള്ള കുട്ടികൾ ഭൂരിഭാഗവും വളർന്നാൽ മാതാപിതാക്കളെ സംരക്ഷിക്കാത്തവരും, അവഗണിക്കുന്ന ആൾക്കാരുമായിരിക്കും.

3. എസ്കേപ്പിംഗ്/നെഗ്ലറ്റിംഗ് പാരന്റിംഗ്

കുട്ടികളെ പരിപൂർണ്ണമായ അവഗണിക്കുന്ന ഒരു പാരന്റിങ് ശൈലിയാണ് ഇവർക്ക്. ഇവർ തങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. കുട്ടികളെ യാതൊരുതരത്തിലും പരിഗണിക്കാതെ ശത്രുവിനെ പോലെയോ, ഇല്ലെങ്കിൽ അവരുടെ ആവശ്യത്തിനുവേണ്ടിയുള്ള ഒരു ഉപകരണമായിട്ടായാണ് ഇവർ കാണുന്നത്. മിക്കവാറും വളരെ ക്രൂരമായിട്ടാകും അവർ കുട്ടികളോട് പെരുമാറുന്നത്. കുട്ടികളെ പഠിപ്പിക്കാതെ ജോലി ചെയ്യിപ്പിച്ച് കാശ് തട്ടാനാകും ഇവർ ശ്രമിക്കുക. ഇവരുടെ മക്കൾ നെഗറ്റീവ് ചിന്താഗതി ഉള്ളവരും, സമൂഹത്തിൽ ഏറ്റവും ദോഷകരമായ ആൾക്കാരുമായി മാറാനുള്ള സാധ്യത കൂടുതലാണ്.

4. അതോരിറ്റി ഓഫ് പാരന്റിംഗ്

ഏറ്റവും മികച്ച രീതിയിലുള്ള പാരന്റിങ് ശൈലിയാണ് ഇത്. സ്വമാതൃകയിലൂടെ കുട്ടികളെ സ്വഭാവരീതി പഠിപ്പിക്കുന്നവരും. നല്ല പ്രവൃത്തികൾക്ക് അഭിനന്ദനവും പ്രതീക്ഷയ്ക്ക് വിപരീതമായാൽ പറഞ്ഞു മനസ്സിലാക്കുന്നവരുമായിരിക്കും. കുട്ടികളെ കരുത ലോടെ പരിപാലിക്കുന്നവരും ആയിരിക്കും ഇവർ. എല്ലാ ആവശ്യ ഘട്ടങ്ങളിലും അവരെ പിന്തുണയ്ക്കുകയും അവരുടെ തെറ്റുകൾ വ്യക്തവും സ്പഷ്ടവുമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നവരുമാണ്. അനാവശ്യമായി ശിക്ഷിക്കാതെ ഒരു മോഡലായി കാണിച്ചുകൊടുക്കാൻ കഴിവുള്ളവരായിരിക്കും. ഇങ്ങനെ ഇവരുടെ സംരക്ഷണയിൽ വളരുന്ന കുട്ടികൾ നല്ലവരായി വളരും. ഈ കുട്ടികൾ പുതിയ കാര്യങ്ങൾ ഏറ്റെടുക്കുകയും സ്വതന്ത്ര ബുദ്ധിയോടെ പ്രവർത്തിക്കുകയും ചെയ്യും.

5. പർഫക്ഷനിസ്റ്റ് പാരന്റിംഗ്

ഇക്കൂട്ടർ കുട്ടികളെ പെർഫെക്റ്റായിട്ട് കാര്യങ്ങൾ ചെയ്യുന്ന ഒരു യന്ത്രമായിട്ടാണ് കരുതുന്നത്. അവരെ അമിതമായ അച്ചടക്കം പരിശീലിക്കുന്നതിന് നിർബന്ധിക്കുകയും, ചെറിയ ചെറിയ തെറ്റുകൾക്ക് വലിയ ശിക്ഷകൾ കൊടുക്കുന്ന ആൾക്കാരും ആയിരിക്കും. ഉദാഹരണമായി കുട്ടികൾക്ക് പരീക്ഷയിൽ 100 ൽ 97 മാർക്ക് കിട്ടിയാൽ കുറഞ്ഞ 3 മാർക്കിനെ ചൊല്ലി ബഹളം വയ്ക്കുന്നവരായിരിക്കും. ഉടയാത്ത യൂണിഫോം, കൃത്യമായി അക്ഷരത്തെറ്റില്ലാത്ത വടിവൊത്ത കൈയക്ഷരത്തിലുള്ള നോട്ട് എഴുതുവാനും, കുട്ടികളെ അച്ചടക്കത്തോടെ എപ്പോഴും നിലനിർത്തുവാനും ശ്രമിച്ചുകൊണ്ടിരിക്കും. ഇങ്ങനെയുള്ള രക്ഷകർത്താക്കൾ വളർത്തുന്ന കുട്ടികൾ മിക്കവാറും രക്ഷകർത്താക്കളോട് വളരെ ദേഷ്യം വച്ചുപുലർത്തുന്നവരായിരിക്കും. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യത്തിലും വിമർശിക്കുന്ന സ്വഭാവമുള്ളവരായിരിക്കും. ഭാവിയിൽ ഇവർ സാടിസ്റ്റുകളാക്കാൻ സാധ്യതയുണ്ട്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്‌സ്‌ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.