Sections

ഡിമെൻഷ്യ ലക്ഷണങ്ങൾ പരിചരണം

Tuesday, Aug 29, 2023
Reported By Soumya
Demetia

മറവി രോഗങ്ങൾ തലച്ചോറുമായി ബന്ധപ്പെട്ടതാണ്. മനുഷ്യമനസിന്റെ ജീവശാസ്ത്രപരമായ അടിസ്ഥാനം തലച്ചോറാണ്.

പഞ്ചേന്ദ്രിയങ്ങളിലൂടെ മസ്തിഷ്കത്തിലെത്തി, അവിടെ ശേഖരിക്കുകയും ഉറപ്പിച്ച് നിലനിർത്തുകയും എപ്പോൾ വേണമെങ്കിലും വീണ്ടെടുക്കുകയും ചെയ്യുന്ന വിവരങ്ങളുടെ ഒരു സമാഹാരമാണ് ഓർമ. മനുഷ്യ ശരീരത്തിന്റെ ഭൗതികവുമായ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് തലച്ചോറാണ്. തലച്ചോറിന് രോഗബാധ ഉണ്ടാകുകയും തലച്ചോറിന്റെ ധർമ്മങ്ങൾ തകരാറിൽ ആവുകയും ചെയ്യുമ്പോൾ തലച്ചോറിന്റെ അടിസ്ഥാനധർമ്മങ്ങളായ സ്ഥലകാലബോധം, ഓർമ്മശക്തി, ബുദ്ധിശക്തി, ഭാഷ, ഇന്ദ്രിയ ഗ്രഹണം, ചിന്തിക്കുവാനുള്ള കഴിവ് ഇവയൊക്കെ ഒരാൾക്ക് നഷ്ടമാകുന്നു ഈ അവസ്ഥയാണ് ഡിമെൻഷ്യ അഥവാ മേധാക്ഷയ രോഗം.

ഡിമൻഷ്യയുടെ ലക്ഷണങ്ങൾ

  • വർദ്ധിച്ചുവരുന്ന ഓർമ്മക്കുറവ്.
  • സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കാതെ വരിക, വിഷയം മാറി പോവുക.
  • പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും പറയുക.
  • ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുക.
  • ഭക്ഷണം കഴിച്ച കാര്യം മറന്നു പോകുക.
  • അടുത്തകാലത്ത് നടന്ന കാര്യങ്ങൾ പെട്ടെന്ന് മറന്നു പോവുകയും വളരെ നാളുകൾക്കു മുൻപുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള പ്രവണത പ്രകടമാവുകയും ചെയ്യുക.
  • വർഷം, ദിവസം, തീയതി ഇവ മറന്നു പോവുക.
  • പരിചിതമായ വഴി തെറ്റി പോവുക.
  • അടുത്ത ബന്ധുക്കളെയും അടുത്ത പരിചയമുണ്ടായിരുന്ന വരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുക
  • വളരെ കാലമായി ചെയ്തുകൊണ്ടിരുന്ന ജോലികൾ ചെയ്യുന്ന വിധം മറന്നുപോവുക.
  • ഒരു കാര്യത്തിലും താല്പര്യമില്ലായ്മ നിസ്സംഗത വിഷാദം ദേശീയം.
  • തലച്ചോറിന്റെ കഴിവുകൾ കുറയുന്നതിനനുസരിച്ച് ഈ വകവിഷമതകൾ കൂടിക്കൊണ്ടിരിക്കും.

എന്നാൽ മറവി അനുഭവപ്പെടുന്ന എല്ലാവർക്കും മറവിരോഗം ഉണ്ടാകണമെന്നില്ല. മനസ്സിൽ അമിത ഉത്കണ്ഠയും വിഷാദവും ഉള്ളവർക്ക് കാര്യങ്ങൾ മറന്നു പോകുന്നതായി തോന്നാറുണ്ട്. ഇതിനെ ഒരു മറവിരോഗമായി കണക്കാക്കുന്നില്ല. കാരണം ഉൽക്കണ്ഠയോ വിഷാദമോ ഭേദപ്പെടുന്ന ക്രമത്തിൽ ഇവരുടെ ഓർമ്മ മെച്ചപ്പെടുന്നു. ജോലി സ്ഥലത്തും വീട്ടിലും മറവി മൂലം സാധാരണ സാരമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേ രോഗിയായി കണക്കാക്കാറുള്ളൂ. ഡിമെൻഷ്യ എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന അനേകം അസുഖങ്ങളിൽ പ്രധാനിയാണ് അൽഷിമേഴ്സ്.

തലച്ചോറിനെ ബാധിക്കുന്ന നിരവധി രോഗങ്ങൾ അണുബാധകൾ പോഷകാഹാരക്കുറവ് മദ്യപാനം തലച്ചോറിനെ ബാധിക്കുന്ന ചില മരുന്നുകൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് മറവിരോഗം അഥവാ ഡിമെൻഷ്യ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കാണുന്ന രോഗിയുടെ പ്രശ്നം ആദ്യമായി തന്നെ ഒരു ഡോക്ടറുമായി ചർച്ച ചെയ്യുന്നതാണ് നല്ലത്. ചില ലക്ഷണങ്ങൾ ചികിത്സിച്ചു മാറ്റാവുന്ന മറ്റുപല രോഗങ്ങളെയും ലക്ഷണങ്ങൾ ആകാം. ചില അണുബാധകൾ, ചില മരുന്നുകൾ, വിഷാദം എന്ന മാനസികരോഗം മറ്റു ചില മാനസിക രോഗങ്ങൾ ഇവയ്ക്കെല്ലാം ഡിമെൻഷ്യ സാദൃശ്യമായ ലക്ഷണങ്ങൾ ഉണ്ടാകാം. അതുകൊണ്ട് വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ രോഗം ഡിമെൻഷ്യ എന്ന് തിരിച്ചറിയാൻ പാടുള്ളൂ.

അൽഷിമേഴ്സ് രോഗമടക്കമുള്ള ഡിമൻഷ്യ പകർച്ചവ്യാധി അല്ല. ഒരു പാരമ്പര്യ രോഗവും അല്ല. ചില കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഇതുണ്ടാകുവാനുള്ള പ്രവണത കൂടുതലായി കണ്ടേക്കാം. പ്രായം കൂടുംതോറും ഡിമെൻഷ്യ വരുവാനുള്ള സാധ്യതകൾ കൂടുതലാണെങ്കിലും പ്രായാധിക്യത്തിന്റെ പേരിൽ ഉണ്ടാകുന്ന രോഗാവസ്ഥയല്ല ഇത്. കാരണം ഡിമെൻഷ്യ ബാധിച്ച നാല്പതും അൻപതും വയസ്സുകാരെ സമൂഹത്തിൽ കണ്ടുവരുന്നുണ്ട്.

വീട്ടിൽ നൽകാവുന്ന പരിചരണം

  • കാര്യങ്ങൾ ഓർമപ്പെടുത്തുന്നതിനായി ഡയറി, കുറിപ്പുകൾ, കലണ്ടർ, പോസ്റ്ററുകൾ എന്നിവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക.
  • അത്യാവശ്യം ഓർക്കേണ്ട കാര്യങ്ങൾ രോഗിയെ മൂന്നാല് തവണ ഓർമ്മിപ്പിക്കുക.
  • തെന്നിവീഴാൻ സാധ്യതയുള്ള കാർപ്പെറ്റുകളും ചവിട്ടികളും ഒഴിവാക്കുക.
  • മരുന്നുകൾ സൂക്ഷിച്ചു വയ്ക്കുക, കൃത്യ സമയത്ത് നൽകാൻ ശ്രദ്ധിക്കുക.
  • കിടപ്പുമുറിയിലും മറ്റിടങ്ങളിലും വെളിച്ചം ഉണ്ടാവണം.
  • സംഭാഷണങ്ങളിൽ നിന്ന് അവരെ ഒഴിവാക്കുകയോ സംസാരമധ്യേ തടസ്സപ്പെടുത്തുകയോ ചെയ്യരുത്.
  • എളുപ്പത്തിൽ അതെ അല്ല ഉത്തരങ്ങൾ കിട്ടുന്ന ചോദ്യങ്ങൾ മാത്രം ചോദിക്കുക.
  • മാനസിക രോഗലക്ഷണങ്ങൾ രോഗത്തിന്റെ ഭാഗമാണെന്നും രോഗി അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലായെന്നും മനസ്സിലാക്കുക.
  • കൃത്യമായ ഇടവേളകളിൽ രോഗിയെ ടോയ്ലെറ്റിൽ കൊണ്ടുപോവുക, യൂറോപ്യൻ രീതിയിലുള്ള ടോയ്ലെറ്റാണ് നല്ലത്.
  • എല്ലാ ദിവസവും കൃത്യസമയത്ത് രോഗിയെ ഉറക്കാൻ ശ്രമിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.