- Trending Now:
കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള വനിതകളിൽ 90 ശതമാനവും തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൻറെ ഒരു പങ്ക് സമ്പാദിക്കുന്നതിന് മാറ്റിവെയ്ക്കുന്നതായി ഡിബിഎസ് ബാങ്ക് ഹാക്ദർശകുമായി സഹകരിച്ചു നടത്തിയ സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ ഇന്ത്യയിലെ വനിതാ സംരംഭകരുടെ പ്രതീക്ഷകളേയും വെല്ലുവിളികളേയും സാമ്പത്തിക രീതികളേയും കുറിച്ചു നടത്തിയ സമഗ്ര റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
2025ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ റിപ്പോർട്ട് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ 'വുമൺ ആൻഡ് ഫിനാൻസ്' (ഡബ്ല്യുഎഎഫ്) പഠനം 2024-ൻറെ തുടർച്ചയാണ്. സാമ്പത്തിക തീരുമാനങ്ങളുടെ കാര്യത്തിൽ വനിതകൾക്കുള്ള സ്വാതന്ത്ര്യം വർധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർവ്വേയിൽ പങ്കെടുത്തവരിൽ 18 ശതമാനം പേർ സാമ്പത്തിക തീരുമാനങ്ങൾ സ്വതന്ത്രമായി കൈക്കൊള്ളുമ്പോൾ 47 ശതമാനം പേർ ഭർത്താവുമായി ചേർന്നു സംയുക്തമായി തീരുമാനങ്ങൾ എടുക്കുന്നു. അതേ സമയം 24 ശതമാനം പേർ ഭർത്താവാണ് എല്ലാ സാമ്പത്തിക തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നു വെളിപ്പെടുത്തി. 11 ശതമാനം പേർ അടുത്ത കുടുംബാംഗങ്ങളുമായി ഇക്കാര്യത്തിൽ ഉപദേശം തേടുന്നു.
തങ്ങളുടെ വരുമാനത്തിൻറെ ഒരു പങ്കു സമ്പാദിക്കാനായി മാറ്റിവെയ്ക്കുന്നതായി 90 ശതമാനം പേർ വെളിപ്പെടുത്തിയപ്പോൾ അതിൽ 57 ശതമാനം പേർ പ്രതിമാസ വരുമാനത്തിൻറെ 20 ശതമാനത്തിൽ താഴെ മാത്രമാണു സമ്പാദിക്കുന്നതെന്നും വ്യക്തമാക്കി. 33 ശതമാനം പേർ 20 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലാണു സമ്പാദിക്കുന്നത്. 5 ശതമാനം പേർ വരുമാനത്തിൻറെ 50 ശതമാനത്തിലേറെ സമ്പാദിക്കുന്നു.
സമ്പാദ്യം നടത്തുന്നവരിൽ 56 ശതമാനവും ബാങ്ക് നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കുന്നത്. 39 ശതമാനം പേർ സ്വാശ്രയ സംഘങ്ങളുടെ പദ്ധതികളിൽ പങ്കെടുക്കുന്നുണ്ട്. 18 ശതമാനം പേർ പണം എങ്ങും നിക്ഷേപിക്കാതെ തന്നെ സൂക്ഷിക്കുകയുമാണ്.
എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്താനും സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ പങ്കാളികളാക്കാനും സഹായിക്കുന്ന വിധത്തിലെ ഈ റിപ്പോർട്ട് പുറത്തിറക്കിയതിൽ അഭിമാനമുണ്ടെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സ്ട്രാറ്റജിക് മാർക്കറ്റിങ് ആൻറ് കമ്യൂണിക്കേഷൻസ് മേധാവിയുമായ അസ്മത് ഹബീബുള്ള പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.