- Trending Now:
കോട്ടയം: ചർമ്മമുഴ ബാധിച്ച് ചത്ത പശുക്കളുടെ കർഷകർക്കും ധനസഹായം അനുവദിക്കുമെന്ന് മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലയിലെ മൃഗസംരക്ഷണ മേഖലയിൽ നൂതനമായ സംരംഭങ്ങളിലൂടെ ഭക്ഷ്യസുരക്ഷയ്ക്ക് മികച്ച സംഭാവനകൾ നൽകിയ കർഷകർക്കുള്ള പുരസ്കാര വിതരണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇൻഷുറൻസ് ഇല്ലാത്ത കർഷകർക്കാണ് ധനസഹായം അനുവദിക്കുന്നത്. ചർമ്മമുഴ ബാധിച്ച് ചത്ത വലിയ പശുവിന് 30000 രൂപയും പ്രായം കുറഞ്ഞ കിടാരി പശുവിന് 16000 രൂപയും കന്നുക്കുട്ടിക്ക് 5000 രൂപയും നൽകുമെന്ന് മന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന കന്നുകാലികളിൽ കുളമ്പുരോഗം, ചർമ്മമുഴ തുടങ്ങിയ രോഗങ്ങൾ കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ കുളമ്പുരോഗപ്രതിരോധത്തിനുള്ള കുത്തിവെപ്പ് മൂന്നാം ഘട്ടം പൂർത്തിയായിട്ടുണ്ട്. ചർമ്മമുഴപ്രതിരോധകുത്തിവെപ്പ് അവസാനഘട്ടത്തിലാണ്. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് വിഷരഹിതവും ഗുണനിലവാരവുമേറിയ കാലിത്തീറ്റ സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മികച്ച മൃഗക്ഷേമ പ്രവർത്തകനുള്ള അവാർഡ്, ആഫ്രിക്കൻ പന്നിപ്പനി നഷ്ടപരിഹാര വിതരണം, ദുരന്തനിവാരണ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. സബ്സിഡി ഇനത്തിൽ ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നത് വഴി സംസ്ഥാനത്തെ പാൽ ഉത്പാദനം വർദ്ധിപ്പിക്കും. സംസ്ഥാനത്ത് ചിലയിടങ്ങളിലായി ആരംഭിച്ച മിൽക്ക് എടിഎം സംവിധാനം സംസ്ഥാന വ്യാപകമായി തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സി. കെ ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി. എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ടി എസ് ശരത്, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വർഗീസ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, ഗ്രാമപഞ്ചായത്തംഗം ഷാനോ കെ പി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഷാജി പണിക്കശ്ശേരി, കോട്ടയം ചീഫ് വെറ്റിനറി ഓഫീസർ പി കെ മനോജ് കുമാർ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ശാസ്ത്രീയ കന്നുകുട്ടി പരിപാലനം - പ്രായോഗിക അറിവുകൾ, പശുക്കളുടെ വേനൽക്കാല പരിചരണം എന്നീ വിഷയത്തിൽ സെമിനാർ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.