Sections

സോഫ്റ്റ്വെയർ കയറ്റുമതി; 15 ശതമാനം വളർച്ച കൈവരിച്ച് ഗവ. സൈബർപാർക്ക്

Friday, Sep 06, 2024
Reported By Admin
Cyberpark Kozhikode achieves 15% growth in software exports for FY 2023-24

എട്ടു വർഷത്തിനിടെ കൈവരിച്ചത് 40 മടങ്ങ് വളർച്ച


കോഴിക്കോട്: പോയ സാമ്പത്തികവർഷത്തെ സോഫ്റ്റ്വെയർ കയറ്റുമതിയിൽ 15 ശതമാനം വളർച്ച നേടി കോഴിക്കോട് ഗവ. സൈബർപാർക്ക് മികച്ച നേട്ടം കൈവരിച്ചു. 121 കോടി രൂപയാണ് 2023-24 ൽ സൈബർപാർക്കിലെ സോഫ്റ്റ്വെയർ കയറ്റുമതിയിലുണ്ടായ വളർച്ച.

2016-17 ൽ നിന്ന് ഏതാണ്ട് നാൽപത് മടങ്ങിലധികമാണ് സൈബർപാർക്കിലെ സോഫ്റ്റ്വെയർ കയറ്റുമതി വർധിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 16-17 ൽ 2,97,84,942 കോടിയായിരുന്നു സോഫ്റ്റ്വെയർ കയറ്റുമതിയെങ്കിൽ 2023-24 ൽ അത് 121 കോടി രൂപയായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ച് മടങ്ങിലധികമാണ് വളർച്ചാനിരക്ക്. പോയവർഷം 105 കോടി രൂപയായിരുന്നു സോഫ്റ്റ്വെയർ കയറ്റുമതി.

2017-18 ൽ 3,01,71,390 കോടി, 2018-19 ൽ 8.10,97,095 കോടി, 2019-20 ൽ 14,76,10,856 കോടി, 2020-21 ൽ 26,16,48,299 കോടി, 2020-21 ൽ 55,70,13,911 കോടി എന്നിങ്ങനെയായിരുന്നു സോഫ്റ്റ്വെയർ കയറ്റുമതി.

ഇവിടുത്തെ കമ്പനികൾക്ക് സൈബർ പാർക്ക് നൽകി വന്ന മികച്ച പിന്തുണയുടെ പ്രതിഫലനം കൂടിയാണ് സോഫ്റ്റ്വെയർ കയറ്റുമതിയിലുണ്ടായ കുതിച്ചു ചാട്ടമെന്ന് സൈബർപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, അമേരിക്ക, യൂറോപ്പ്, പൂർവേഷ്യ എന്നിവിടങ്ങളിലെ ഐടി സേവനങ്ങൾ ഈ നേട്ടത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൈബർ പാർക്കിലെ സഹ്യ കെട്ടിടം പൂർണമായും കമ്പനികൾ വാടകയ്ക്ക് എടുത്തു കഴിഞ്ഞതായി ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു. ആഗസ്റ്റിൽ സംഘടിപ്പിച്ച ഐടി തൊഴിൽമേളയായ റീബൂട്ടിൽ ലഭിച്ച അഭൂതപൂർവമായ പ്രതികരണം കോഴിക്കോടിൻറെ ഐടി പ്രതീക്ഷകൾക്ക് ആവേശം പകരുന്നതാണ്. പുതിയ കെട്ടിടമുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യവികസനം സൈബർപാർക്ക് മുന്നിൽ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള സർക്കാർ ഐടി പാർക്കുകളുടെ വൻ വിജയത്തെ തുടർന്ന് ഐടി ആവാസവ്യവസ്ഥ മലബാറിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടെയാണ് 2009 ജനുവരി 28 ന് 42.5 ഏക്കറിൽ സൈബർപാർക്ക് ആരംഭിച്ചത്.

അഞ്ച് ഏക്കറിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ സഹ്യ കെട്ടിടത്തിൽ 82 ഐ ടി കമ്പനികളും, സെസ് ഇതര മേഖലയിലുള്ള കേരള സ്റ്റാർട്ടപ്പ് മിഷൻ കെട്ടിടത്തിൽ 22 സ്റ്റാർട്ടപ്പ് കമ്പനികളും പ്രവർത്തിച്ചുവരുന്നുണ്ട്. ആകെ 2200 ഓളം ഐ ടി പ്രൊഫഷണലുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂന്ന് ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിൻറെ വിസ്തീർണം.

ജീവനക്കാരുടെ കായിക മാനസികോല്ലാസത്തിനായി 1017 ചതുരശ്രമീറ്റർ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോൾ ടർഫ്, 2035 ചതുരശ്രമീറ്റർ വലുപ്പുമുളള സെവൻസ് ഫുട്ബോൾ ടർഫ്, 640 ചതുരശ്ര മീറ്റർ വലുപ്പമുള്ള ബാസ്കറ്റ് ബോൾ ടർഫ്, ഡബിൾസ് കളിക്കാവുന്ന രണ്ട് ഷട്ടിൽ ബാഡ്മിൻറൺ കോർട്ടുകൾ എന്നിവയടങ്ങിയ സ്പോർട്സ് അരീനയും സൈബർപാർക്കിലുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.