- Trending Now:
ധാന്യങ്ങളുടെ കൃഷിയിലൂടെ മികച്ച വരുമാനം നേടുന്ന നിരവധി കര്‍ഷകരുണ്ട്.അടുത്ത കാലത്തായി നമ്മുടെ നാട്ടില്‍ ഏറെ ഡിമാന്റുള്ള കാര്‍ഷിക വിളയാണ് ഓട്‌സ്.ഫൈബര്‍ പോലെയുള്ള ഒരുപാടു പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ഓട്‌സ്. ബ്ലഡ് ഷുഗര്‍, കൊളെസ്റ്ററോള്‍, ശരീരഭാരം, മലബന്ധം എന്നിവയെല്ലാം കുറയ്ക്കാന്‍ ഓട്‌സ് വിപുലമായി ഉപയോഗിക്കുന്നു. കൊളസ്‌ട്രോളും ബ്ലഡ് പ്രഷറും അകറ്റിനിര്‍ത്താന്‍ ഓട്‌സ് ശീലമാക്കാന്‍ ഡോക്ടര്‍മാര്‍ തന്നെ ശുപാര്‍ശ ചെയ്യുന്നുണ്ട്. പ്രായഭേദമന്യേ കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഇത്. ഓട്‌സിന് വന്‍ ഡിമാന്‍ഡ് ആണിന്ന്.
ഓട്‌സ് ലോക വിപണിയില്‍ ആവശ്യക്കാരേറെയുള്ള ഭക്ഷ്യവസ്തുവാണ്.പ്രധാന ഓട്സ് ഉല്‍പ്പാദകരാജ്യങ്ങളായ റഷ്യ, കനഡ, ഓസ്‌ട്രേലിയ, ജര്‍മനി, ചൈന, പോളണ്ട് തുടങ്ങിയ നാടുകളിലെല്ലാം ഓട്‌സ് കൃഷി കുറഞ്ഞ കാലംകൊണ്ട് പതിന്മടങ്ങ് വര്‍ദ്ധിച്ചു.ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഓട്‌സ് കൃഷി വ്യാപകമായി ചെയ്യുന്നത്. മിതശീതോഷ്ണ പ്രദേശങ്ങളിലാണ് ഇവ സ്വാഭാവികമായും വളരുന്നത്. വരള്‍ച്ചയും വെള്ളക്കെട്ടും ഒരുപരിധിവരെ അതിജീവിച്ചു വളരാന്‍ ഓട്‌സിനാകും.
മറ്റു ധാന്യവര്‍ഗ്ഗങ്ങളുടെ കൃഷിരീതി തന്നെയാണ് ഇതിനും. വസന്തകാലത്താണ് കൃഷിയാരംഭം. കാലംതെറ്റിയാല്‍ വളര്‍ച്ച കുറയും, വിളവും. നട്ടുകഴിഞ്ഞാല്‍ വലിയ പരിചരണമൊന്നും ആവശ്യമില്ല. തുടക്കത്തില്‍ അല്‍പ്പമൊരു ശ്രദ്ധ, അത്രയേ ആവശ്യമുള്ളൂ. ജൈവ വളങ്ങളോടാണ് താല്‍പ്പര്യം. പ്രകൃത്യാ ഫലപുഷ്ടിയുള്ളയിടങ്ങളില്‍ താനേ വളര്‍ന്നു വിളവ് തരും. ജൂണ്‍---ജൂലൈ മാസങ്ങളിലാണ് പൂവിടുന്നത്. ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെ കൊയ്ത്തുകാലവും. ഇനമനുസരിച്ചു മൂപ്പെത്തുന്നതിലും പ്രകടമായ വ്യത്യാസം കാണുന്നു.
ധാന്യത്തിനായി വിളവെടുക്കുമ്പോള്‍ ചെടി പച്ചനിറമുള്ളപ്പോള്‍ത്തന്നെ കൊയ്‌തെടുക്കണം. നന്നായി വിളഞ്ഞാല്‍ ധാന്യം കൊഴിഞ്ഞുപോകാം. കൊയ്‌തെടുത്ത കറ്റ നല്ല ചൂടുള്ള സ്ഥലത്ത് ശേഖരിച്ച് പതിരുകളഞ്ഞ് മെതിച്ചെടുക്കാം. നീണ്ടുനിവര്‍ന്നു നില്‍ക്കുന്ന തണ്ടുകളില്‍ ഓട്‌സ് മണികള്‍ കൂട്ടംകൂട്ടമായി ഉണ്ടാകുന്നു. കടലാസ് പോലുള്ള നീണ്ട ചെറു ഇലകള്‍ക്കുള്ളില്‍ ഭാഗികമായി മറഞ്ഞിരിക്കുന്ന ഓട്‌സ് മണികളെ പൊതിഞ്ഞ് രണ്ട് ഉമികളുണ്ട്. ഉമി നീക്കംചെയ്ത് ധാന്യമണി പൊടിച്ചെടുക്കുന്നതാണ് ഓട്മില്‍.വൈക്കോല്‍ അഥവാ കച്ചി കുതിരകള്‍ക്കും കന്നുകാലികള്‍ക്കും ഇഷ്ടാഹാരമാണ്. ഇതിന്റെ ഔഷധഗുണവും പോഷകഗുണവും പ്രചരിച്ചതോടെയാണ് ഓട്‌സിന് ആവശ്യക്കാര്‍ കൂടിയത്. സമ്പൂര്‍ണ ഭക്ഷണമെന്നനിലയില്‍ ഓട്മീലിന് ഇന്ന് ലോകം മുഴുവനും പ്രചാരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.