Sections

കാലാവസ്ഥ അനുയോജ്യമല്ലെങ്കിലും ഈ കൃഷിയിലൂടെ ലാഭം കൊയ്യാം

Thursday, Dec 30, 2021
Reported By Admin
micro farming

കാലാവസ്ഥ അനുയോജ്യമല്ലാത്ത സാഹചര്യത്തിലും വിപണിയില്‍ ഉത്പന്നങ്ങള്‍ സുലഭമല്ലാത്ത കാലയളവിലും ലാഭം ഏറെ ഉണ്ടാക്കാം


കുറഞ്ഞ സ്ഥലത്ത് കൃത്യമായ സമയത്ത് , കൃത്യമായ അളവില്‍ വെള്ളവും വളവും നല്‍കി ശാസ്ത്രീയമായി കൃഷി ചെയ്യുന്നതാണ് സൂക്ഷ്മകൃഷി. ഇത് കാര്‍ഷിക ഉണര്‍വ്വിനും വളര്‍ച്ചയ്ക്കും സഹായകമാകുന്നു. ഇസ്രായേലിന്റെ മണ്ണിലാണ് സൂക്ഷ്മകൃഷി ഉത്ഭവിച്ചത്. സാധാരണ കൃഷിയെ അപേക്ഷിച്ച് ഉല്‍പാദനക്ഷമത നാലുമടങ്ങ് വര്‍ദ്ധിപ്പിക്കാനും, ഗുണമേന്മ 90% വരെ വര്‍ദ്ധിപ്പിക്കാനും കൂലി ചെലവ് 40% വരെയും ജലത്തിന്റെ ഉപഭോഗം 30% വരെ കുറയ്ക്കാനും സൂക്ഷ്മ കൃഷിയിലൂടെ സാധിക്കും. 

രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കാനും സൂക്ഷ്മകൃഷി വഴിവെയ്ക്കുന്നു. 20% അധികം തൂക്കവും ലഭിക്കും. പ്രതികൂല സാഹചര്യത്തിലും കൃഷി ചെയ്യാനും വലിപ്പവും തൂക്കവുമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കാനും സാധിക്കുന്നത് സൂക്ഷ്മ കൃഷിയുടെ പ്രത്യേകതയാണ്.

കാലാവസ്ഥ അനുയോജ്യമല്ലാത്ത സാഹചര്യത്തിലും വിപണിയില്‍ ഉത്പന്നങ്ങള്‍ സുലഭമല്ലാത്ത കാലയളവിലും ലാഭം ഏറെ ഉണ്ടാക്കാം. സൂക്ഷ്മ കൃഷി പോളി ഹൗസിലും തുറസ്സായ സ്ഥലത്തും ചെയ്യാം. പോളി ഹൗസിന് ഒരു ചതുരശ്ര മീറ്ററിന് 1000 രൂപ ചെലവു വരും. ഒരു ഹെക്ടര്‍ തുറസ്സായ സ്ഥലത്ത് ചെയ്യുന്ന സൂക്ഷ്മ കൃഷിയില്‍ നിന്നുള്ള വിളവ് 1000 ചതുരശ്ര മീറ്റര്‍ പോളി ഹൗസില്‍ നിന്നും ലഭിക്കും. തുള്ളി നന നല്‍കുന്നതിനായി ഒരു ഹെക്ടറിന് 85000 രൂപ ചെലവാകും. 

നിലമൊരുക്കല്‍, വിത്ത് തെരഞ്ഞെടുക്കല്‍, നിലനിര്‍ത്തേണ്ടുന്ന ചെടികളുടെ എണ്ണം, തുള്ളിനന, ഫോര്‍ട്ടിഗേഷന്‍ (രാസവളം ജലസേചനവുമായി ബന്ധപ്പെടുത്തി ആവശ്യാനുസരണം ചെടികള്‍ക്കു നല്‍കുന്ന ശാസ്ത്രീയ രീതി) മണ്ണിളക്കല്‍, ഷേഡ് നെറ്റ്, സംയോജിത വളപ്രയോഗ രീതി, സംയോജിത രോഗ-കീട നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു ശാസ്ത്രീയ കൃഷിരീതിയാണ് സൂക്ഷ്മകൃഷി. വെള്ളരി, മുളക്, പയര്‍, പാവല്‍, ചീര, കാപ്‌സിക്കം, മല്ലിച്ചപ്പ്, പൂച്ചെടികള്‍, ബീറ്റ്‌റൂട്ട്, വഴുതന, തക്കാളി കാബേജ്, ഇഞ്ചി, മഞ്ഞള്‍ എന്നിങ്ങനെ ഒട്ടുമിക്ക വിളകളും ഈ രീതിയില്‍ കൃഷി ചെയ്യാം. 

തുറസ്സായ സ്ഥലങ്ങളില്‍ വാഴ സൂക്ഷ്മ കൃഷിയിലൂടെ ചെയ്ത് നേട്ടം കൈവരിച്ച നിരവധി കര്‍ഷകരുണ്ട്. തുറസ്സായ സഥലത്ത് തന്നെ മേല്‍പ്പറഞ്ഞ ഒട്ടുമിക്ക വിളകളും കൃഷി ചെയ്യാമെന്ന് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. തോട്ടം-മണ്ണ് പരിശോധന, ജലസേചനത്തിന് സൗകര്യം ഉറപ്പാക്കല്‍, പമ്പ് സെറ്റ്, ഫേര്‍ട്ടിഗേഷന്‍ ടാങ്ക്, പോളി ഹൗസ്, ഷേഡ് നെറ്റ് അനുബന്ധ സംവിധാനങ്ങള്‍ എന്നീ മുന്നൊരുക്കങ്ങള്‍ സൂക്ഷ്മകൃഷി സമ്പ്രദായത്തില്‍ അത്യന്താപേക്ഷിതമാണ്.

മണ്ണിലുള്ള പോഷക മൂലകങ്ങളുടെ അളവ് മനസ്സിലാക്കി വളം ഏതു സമയത്ത് ജലസേചനത്തിലൂടെ എത്ര നല്‍കണമെന്നും മറ്റുമുള്ള കണക്കുകള്‍ ഒരു വിദഗ്ധന്റെ സഹായത്തോടെ തീരുമാനിക്കണം. പറിച്ച് നട്ട് ചെടി പിടിക്കുന്നതുവരെ, പൂവിടല്‍ മുതല്‍ കായപിടുത്തം മുതല്‍ ആദ്യ വിളവെടുപ്പ് വരെ എന്ന കണക്കില്‍ മൂന്നു മുതല്‍ നാലു പ്രാവശ്യം വരെയാണ് വളം നല്‍കേണ്ടത്.

സൂക്ഷ്മ കൃഷിയില്‍ വായുസഞ്ചാരം ഉറപ്പാക്കുന്നതിനും ജലലഭ്യതയ്ക്കും മണ്ണ് നല്ലപോലെ ഇളക്കുന്നത് ഗുണം ചെയ്യും. നല്ല ഉല്‍പാദന ക്ഷമതയുള്ള മുന്തിയ വിത്തിനങ്ങള്‍ തന്നെ കൃഷി ചെയ്യാന്‍ തിരഞ്ഞെടുക്കേണ്ടതാണ്. നഴ്‌സറി തയ്യാറാക്കുന്നതിന് പ്രത്യേക തരത്തിലുള്ള ട്രേകളില്‍ വിത്ത് പാകി മുളപ്പിക്കാം. ഇത് സംരക്ഷിത നെറ്റ് ഹൗസിലാണ് ചെയ്യേണ്ടത്. മഴ-മഞ്ഞ് എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നതിന് മുകളിലായി ഷേഡ് നെറ്റ് വിരിച്ചു നല്‍കാം. ഇത് കര്‍ഷകര്‍ക്ക് കൂട്ടായി തന്നെ ചെയ്യാം. സംയോജിത കീട-രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനാല്‍ ഈ സമ്പ്രദായത്തില്‍ കീടനാശിനി ഉപയോഗം കുറയ്ക്കാന്‍ സാധിക്കും. സ്യൂഡോമോണസ് കള്‍ച്ചര്‍ ലായനി നഴ്‌സറി മുതല്‍ക്ക് ഉപയോഗിക്കുന്നതു കാരണം നല്ലൊരളവു വരെ രോഗനിയന്ത്രണം സാധ്യമാകും.

ചെടിക്കാവശ്യമായ പോഷക മൂലകങ്ങള്‍ പലഘട്ടങ്ങളിലായി ലഭിക്കുന്നതിനാല്‍ രാസവളം അമിതമായി ഉപയോഗിക്കണ്ട. മണ്ണിലെ ജലാംശം അറിഞ്ഞ് ജലസേചനം അവലംബിക്കുന്നതുകൊണ്ടും ചെടിയുടെ വേരുപടങ്ങളിലേക്ക് തന്നെ തുള്ളിനന വഴി വെള്ളം നല്‍കുന്നതുകൊണ്ടും ജലനഷ്ടം കുറയ്ക്കാന്‍ സാധിക്കും. തമിഴ്‌നാട്ടില്‍ പ്രാവര്‍ത്തികമാക്കിയ പച്ചക്കറി കൃഷി ഉദാഹരണങ്ങള്‍ ആരെയും അതിശയിപ്പിക്കാന്‍ പോന്നതാണ്. പച്ചക്കറിക്കായി കര്‍ണ്ണാടകത്തേയും തമിഴ്‌നാടിനെയും ആശ്രയിക്കുന്ന നമുക്ക് പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടാനും കയറ്റുമതിക്കും സൂക്ഷ്മ കൃഷിയിലൂടെ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.