Sections

സിഎസ്ഐആർ- എൻഐഐഎസ്ടി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ദ്രവമാലിന്യ സംസ്കരണ പ്ലാൻറ് കാസർകോട് സ്ഥാപിച്ചു

Tuesday, Sep 03, 2024
Reported By Admin
Advanced liquid waste treatment plant for coconut industry in Kasaragod

നാളികേരസംസ്കരണ വ്യവസായശാലകളിലെ പാഴ്ജലം പുനരുപയോഗിക്കാൻ സഹായകമാകുന്ന സംവിധാനം


കാസർകോട്: സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി) വികസിപ്പിച്ച സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ നാളികേര സംസ്കരണ വ്യവസായത്തിന് ആവശ്യമായ അത്യാധുനിക ദ്രവമാലിന്യ സംസ്കരണ പ്ലാൻറ് (ഇടിപി) കാസർകോട് വിട്ടൽ അഗ്രോ ഇൻഡസ്ട്രീസിൽ സ്ഥാപിച്ചു.

നാളികേരസംസ്കരണ വ്യവസായവുമായി (ഡെസിക്കേറ്റഡ് കോക്കനട്ട്) ബന്ധപ്പെട്ട് പുറന്തള്ളുന്ന ദ്രവവസ്തുക്കൾ സംസ്കരിക്കുന്നതിനുള്ള ബുയോയൻറ് ഫിൽറ്റർ ബയോ റിയാക്ടർ (ബിഎഫ്ബിആർ) ആണ് കാസർകോട്ട് സ്ഥാപിച്ചത്.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. നാളികേരസംസ്കരണ വ്യവസായത്തിലെ പാഴ്ജല സംസ്കരണ പ്രശ്നങ്ങളെക്കുറിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വർഷങ്ങൾക്ക് മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. അതിനുള്ള പരിഹാരമായി എൻഐഐഎസ്ടി എൻവയോൺമെൻറ് ടെക്നോളജി ഡിവിഷനിലെ ശാസ്ത്രജ്ഞർ ബുയോയൻറ് ഫിൽറ്റർ ബയോ റിയാക്ടർ വികസിപ്പിച്ചെടുത്തത് അഭിനന്ദനാർഹമാണ്. കൂടുതൽ സംരംഭകർ ഈ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

സിഎസ്ഐആർ- എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി.അനന്തരാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നാളികേരസംസ്കരണ വ്യവസായം അതിവേഗം വളരുന്ന സൂഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങളിലൊന്നാണ്. മൂല്യവർധിത ഉത്പന്നങ്ങൾക്ക് പുറമെ വലിയ കയറ്റുമതി സാധ്യതകളുള്ള മേഖലയുമാണ്.

ഒരു നാളികേരവ്യവസായ യൂണിറ്റിൽ നിന്ന് പ്രതിദിനം ഏകദേശം 60,000 ലിറ്റർ വെള്ളം പാഴ്ജല രൂപത്തിൽ പുറന്തള്ളുന്നുണ്ട്. ബയോഗ്യാസ് പ്ലാൻറിലൂടെ കടത്തിവിട്ട് ഈ ജലം സംസ്ക്കരിക്കുന്നതിലൂടെ 50,000 ലിറ്റർ വെള്ളം മലിനാംശങ്ങൾ മാറ്റി ശുദ്ധീകരിച്ചെടുക്കാൻ സാധിക്കും.

എൻഐഐഎസ്ടി എൻവയോൺമെൻറ് ടെക്നോളജി ഡിവിഷനിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ബുയോയൻറ് ഫിൽറ്റർ ബയോ റിയാക്ടർ വികസിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചത്. കേന്ദ്ര സർക്കാരിൻറെ ശാസ്ത്ര-സാങ്കേതിക വകുപ്പിൻറെ ടെക്നോളജി മിഷൻ ഡിവിഷൻറെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാളികേര വികസന ബോർഡിൻറെയും (സിഡിബി) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെയും (കെഎസ്പിസിബി) പിന്തുണയും ഇതിനുണ്ട്.

കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി 150 ഓളം നാളികേര വ്യവസായ യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ യൂണിറ്റിലും പ്രതിദിനം ഒരു ലക്ഷത്തോളം നാളികേരം ഉപയോഗിക്കും. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതും പൊതുജനാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ നാളികേര പാനീയത്തിൻറെ സംസ്ക്കരണം ഈ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഈ പ്രശ്നത്തിനുള്ള സുസ്ഥിര പരിഹാരമായാണ് എൻഐഐഎസ്ടി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്.

വ്യവസായ മാലിന്യങ്ങളും എണ്ണയും കൊഴുപ്പും അടങ്ങിയ നാളികേര പാനീയവും സംസ്കരിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ നിലവിൽ കുറവാണ്. പരമ്പരാഗത മലിനജല ശുദ്ധീകരണ രീതികളിൽ നിന്ന് വ്യത്യസ്തമായി എൻഐഐഎസ്ടി വികസിപ്പിച്ച നൂതന ബയോപ്രോസസ് ബയോ എനർജി പ്ലാൻറിലൂടെ മലിനജലത്തിൽ നിന്ന് പുനരുപയോഗിക്കാൻ കഴിയുന്ന ഗുണമേൻമയുള്ള ജലം ലഭിക്കും.

യുഎസ് പേറ്റൻറ് നേടിയ ബുയോയൻറ് ഫിൽറ്റർ ബയോ റിയാക്ടർ സങ്കീർണ്ണവും പല ഘടകങ്ങൾ അടങ്ങിയതുമായ പാഴ്ജലത്തിനെ സംസ്കരിക്കാനായി വികസിപ്പിച്ചെടുത്തതാണ്. ഈ സാങ്കേതികവിദ്യ ഇതിനകം അരി മില്ലുകൾ, ഐസ്ക്രീം ഫാക്ടറികൾ തുടങ്ങിയ യൂണിറ്റുകളിൽ വാണിജ്യപരമായി പ്രയോഗിച്ചിട്ടുണ്ടെങ്കിലും നാളികേര വ്യവസായ യൂണിറ്റുകളിൽ ഇത് ആദ്യമായാണ്.

നാളികേര വ്യവസായ യൂണിറ്റിൽ നടപ്പിലാക്കിയ ഇടിപി പദ്ധതിയിലൂടെ സമാന വ്യവസായങ്ങളേയും ഇതിൻറെ ഭാഗമാകാൻ പ്രോത്സാഹിപ്പിക്കുമെന്ന് ഡോ. അനന്തരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ലൈസൻസ് നൽകുന്നതിന് പാഴ്ജല സംസ്കരണ മേഖലയിലെ കൂടുതൽ വ്യവസായങ്ങൾക്കായി സിഎസ്ഐആർ- എൻഐഐഎസ്ടി തിരയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെഎസ്പിസിബി മുൻ ചെയർമാനും സിഎസ്ഐആർ- എൻഐഐഎസ്ടി മുൻ ചീഫ് സയൻറിസ്റ്റുമായ ഡോ. അജിത് ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാൻസലർ പ്രൊഫ. വിൻസെൻറ് മാത്യു വിശിഷ്ടാതിഥിയായിരുന്നു. കെഎസ്പിസിബി മെമ്പർ സെക്രട്ടറി ഡോ. ഷീല എ എം, സിഎസ്ഐആർ- എൻഐഐഎസ്ടി ചീഫ് സയൻറിസ്റ്റ് ഡോ. മാധവൻ നമ്പൂതിരി കെ, വിട്ടൽ അഗ്രോ ഇൻഡസ്ട്രീസ് മാനേജിംഗ് പാർട്ണർ എസ് കമ്മത്ത് എന്നിവർ സംസാരിച്ചു. സിഎസ്ഐആർ-എൻഐഐഎസ്ടി ചീഫ് സയൻറിസ്റ്റ് ഡോ. സി കേശവചന്ദ്രൻ സ്വാഗതവും സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ബി. കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി.

ഡി.എസ്.ടി.യിലെ ശാസ്ത്രജ്ഞനായ ഡോ. ജി.വി രഘുനാഥ് റെഡ്ഡി, സിഡിബി ഡയറക്ടർ (മാർക്കറ്റിങ്) ദീപ്തി നായർ എസ്, സിആർടിഡിഎച്ച് - ഡിഎസ്ഐആർ മേധാവി ഡോ.വിപിൻ ചന്ദ്ര ശുക്ല എന്നിവർ ഓൺലൈനിലും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.