Sections

സ്വര്‍ണ്ണ നിക്ഷേപത്തിന് ഭീഷണിയായി ക്രിപ്‌റ്റോ

Friday, Jun 25, 2021
Reported By Ambu Senan
crypto currency

സ്വര്‍ണ്ണത്തിന് പകരക്കാരനോ ക്രിപ്‌റ്റോ?

 

പരമ്പരാഗത നിക്ഷേപമാര്‍ഗമായ സ്വര്‍ണത്തില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ ക്രിപ്‌റ്റോകറന്‍സിയിലേയ്ക്ക് മാറുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണനിക്ഷേപമുള്ള(25,000ടണ്‍) രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം വെറും 20 കോടി ഡോളര്‍ മാത്രമായിരുന്ന ക്രിപ്‌റ്റോയിലെ നിക്ഷേപം 4000 കോടി ഡോളറായി ഉയര്‍ന്നുവെന്ന്, ക്രിപ്‌റ്റോകറന്‍സികള്‍ക്കായി സോഫ്റ്റ് വെയര്‍ സേവനം ഉള്‍പ്പടെയുളളവ നല്‍കുന്ന സ്ഥാപനമായ ചെയിനലാസിസ് പറയുന്നു.

 34 വയസ്സിന് താഴെയുള്ളവര്‍ക്ക് സ്വര്‍ണത്തോടുള്ള താല്‍പര്യംകുറഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അത്‌കൊണ്ട് തന്നെ ചെറുപ്പക്കാരായ നിക്ഷേപകരാണ് സ്വര്‍ണത്തെ വിട്ട് ക്രിപ്‌റ്റോയില്‍ കോടികള്‍ മുടക്കുന്നത്.

ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം രാജ്യത്ത് 1.5 കോടിയിലേറെയായതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ 2.3 കോടി പേരും യുകെയില്‍ 23 ലക്ഷംപേരുമാണ് ഡിജിറ്റല്‍ കറന്‍സികളില്‍ നിക്ഷേപം നടത്തുന്നത്. ക്രിപ്‌റ്റോകറന്‍സികളിലെ പ്രതിദിന വ്യാപാരം ഒരുവര്‍ഷത്തിനിടെ 1.06 കോടി ഡോളറില്‍നിന്ന് 10.2 കോടി ഡോളറിലേയ്ക്ക് ഉയര്‍ന്നു.

2018ലെ ഉത്തരവ് ആര്‍ബിഐ റദ്ദാക്കിയെങ്കിലും ക്രിപ്‌റ്റോകറന്‍സികള്‍ അംഗീകരിക്കുന്നതിന് വിദൂരഭാവിയില്‍പോലും സാധ്യതകളില്ലാത്തത് ഇന്ത്യയില്‍ നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. നികുതി നിയമങ്ങളില്ലാത്തതാണ് ആശങ്കക്ക് മറ്റൊരുകാരണം. ക്രിപ്‌റ്റോകറന്‍സിയില്‍ വന്‍തോതില്‍ ഇടപാട് നടത്തിയാല്‍ ആദായ നികുതി പരിശോധനകള്‍ ഉണ്ടായേക്കാമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. നിരോധനംവന്നാല്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് ട്രേഡിങ്മാറ്റാനാണ് പലരും ലക്ഷ്യമിടുന്നത്. അടുത്തിടെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ക്രിപ്‌റ്റോ കറന്‍സി അംഗീകരിച്ചിരുന്നു. അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് എല്‍ സാല്‍വദോര്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.