Sections

റേഷന്‍ മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരില്‍ നിന്നും ഈടാക്കിയത് കോടികള്‍ 

Tuesday, Nov 08, 2022
Reported By admin
ration

വിവരം നല്‍കുന്നയാളുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും

 

അനധികൃതമായി റേഷന്‍ മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരില്‍ നിന്നും കാര്‍ഡ് പിടിച്ചെടുക്കാന്‍ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ 'ഓപ്പറേഷന്‍ യെല്ലോ' പദ്ധതിയില്‍ ഒക്ടോബര്‍ 31 വരെ ലഭിച്ചത് 6796 പരാതികള്‍. 6914 അനധികൃത മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്ത് മുന്‍ഗണനേതര വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 1.18 കോടി രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കിയതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു.

ഓപ്പറേഷന്‍ യെല്ലോ പദ്ധതി ഡിസംബര്‍ 31 വരെ തുടരും. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി അനധികൃതമായി കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന വമ്പന്‍മാരെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏതെങ്കിലും ഒരു മാനദണ്ഡം തെറ്റിയെന്ന കാരണത്താല്‍ സാധാരണക്കാരനെ ദ്രോഹിക്കുന്ന സമീപനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി നിര്‍ദേശിച്ചു. അനധികൃത റേഷന്‍ കാര്‍ഡുകളെക്കുറിച്ച് 9188527301, 9188521967 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കാം. വിവരം നല്‍കുന്നയാളുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അപേക്ഷകള്‍ പരിശോധിച്ച് 2,85,687 കാര്‍ഡുകള്‍ വിവിധ വിഭാഗങ്ങളിലേക്ക് മാറ്റി നല്‍കി. ഇതില്‍ 20171 മഞ്ഞ (എ.എ.വൈ) കാര്‍ഡുകളും 265516 പിങ്ക് (പി.എച്ച്.എച്ച്) കാര്‍ഡുകളുമുള്‍പ്പെടുന്നു. 2,86,394 പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു. ഇതില്‍ 68514 പിങ്ക് കാര്‍ഡുകള്‍, 211320 വെള്ള (എന്‍.പി.എന്‍.എസ്) കാര്‍ഡുകള്‍, 6560 ബ്രൗണ്‍ (എന്‍.പി.ഐ) കാര്‍ഡുകളുണ്ട്.

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മുഖേന ലഭിച്ച 43,92,542 അപേക്ഷകളില്‍ 43,22,927 എണ്ണം തീര്‍പ്പാക്കി. പിങ്ക് കാര്‍ഡിലേക്ക് മാറ്റാനായി സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ 74205 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 92,96,348 റേഷന്‍ കാര്‍ഡുകളാണുള്ളത്. ഇതില്‍ 589413 എണ്ണം മഞ്ഞ കാര്‍ഡുകളും 3507924 പിങ്ക് കാര്‍ഡുകളും 2329574 നീല കാര്‍ഡുകളും 2841894 വെള്ള കാര്‍ഡുകളും 27543 ബ്രൗണ്‍ കാര്‍ഡുകളുമാണ്.

ഒക്ടോബര്‍ മാസം നടന്ന ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണ്‍-ഇന്‍-പരിപാടിയില്‍ 19 പരാതികള്‍ ലഭിച്ചു. റേഷന്‍ സംവിധാനത്തിന്റെ ഭാഗമായി വരുന്ന ഫോണ്‍ സന്ദേശം ലഭിക്കുന്നില്ലെന്ന പരാതിയില്‍ സെര്‍വര്‍ തകരാറ് പരിഹരിച്ചിട്ടുണ്ട്. പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള അരി കിട്ടിയില്ലെന്ന പരാതിയില്‍ ഒക്ടോബര്‍ മാസത്തെ അരി നവംബര്‍ 15 വരെ വിതരണം ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.