Sections

ഫലവൃക്ഷമാണ് കേരളത്തിന്റെ ഭാവി, റബര്‍ കൃഷി മതിയാക്കി ഡ്രാഗണ്‍ ഫ്രൂട്ടിനെ കേരളത്തിന് പരിചയപ്പെടുത്തിയ വിജയന്‍ പറയുന്നു

Wednesday, Dec 01, 2021
Reported By Ambu Senan
dragon fruit vijayan

എങ്ങനെ ലാഭകരമായി ഡ്രാഗണ്‍ ഫ്രൂട്ടും റംബൂട്ടാനും കൃഷി ചെയ്യാം?

 

2007ല്‍ ഔദ്യോഗിക കാര്യത്തിനു മലേഷ്യയിലെത്തിയ വിജയന്‍ അവിചാരിതമായാണ് ഡ്രാഗണ്‍ ഫ്രൂട്ട് കാണുന്നതും രുചിക്കുന്നതും. അവിടെ നമ്മുടെ ഇതേ കാലാവസ്ഥയില്‍ വളരുന്ന ആ പഴചെടി ഇവിടെ വളരില്ലേ എന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ അവിടെ നിന്ന് ഒരു തൈ അദ്ദേഹം കൊണ്ട് വന്നു തിരുവനന്തപുരം നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പാങ്ങോട് തണ്ണിച്ചാല്‍ എന്ന സ്ഥലത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ നട്ടുപിടിപ്പിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് കായ്ച്ചു. അതിന് ശേഷം അതില്‍ നിന്ന് തൈകള്‍ അദ്ദേഹം മുറിച്ചു വേര്‍ത്തിരിച്ച് നട്ടു പിടിപ്പിച്ചു കൂടുതല്‍ തൈകള്‍ സൃഷ്ടിച്ചു.

ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടതോടെ നമ്മുടെ നാട്ടിലെ ചില ഷോപ്പിങ് മാളുകളിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് വിയറ്റ്‌നാമില്‍നിന്നു ഡ്രാഗണ്‍ ഫ്രൂട്ട് വന്നു തുടങ്ങി. വില കിലോയ്ക്ക് 200-250 രൂപ. ഡ്രാഗണ്‍ മാത്രമല്ല, റമ്പുട്ടാനും അത് പോലുള്ള വിദേശ പഴങ്ങള്‍ക്കുമെല്ലാം സ്ഥിരവിപണി കേരളത്തില്‍ രൂപപ്പെടുന്നതു വിജയന്‍ കണ്ടു. അങ്ങനെയാണ് അദ്ദേഹം ഇത് കൃഷി ചെയ്യാന്‍ തീരുമാനിക്കുന്നത്.

ഇതിന്റെ വിപണന സാധ്യത മനസിലാക്കിയ അദ്ദേഹം തന്റെ 15 ഏക്കറിലെ ആദായംകുറഞ്ഞ റബ്ബര്‍മരങ്ങള്‍ വെട്ടിമാറ്റി, ചരിഞ്ഞതും പാറക്കൂട്ടങ്ങള്‍ നിറഞ്ഞതുമായ സ്ഥലം തട്ടുകളാക്കി ശാസ്ത്രീയരീതിയിലാണ് കൃഷിതുടങ്ങിയത്. കൃഷി വന്‍വിജയമായി. ഒറ്റ തയ്യില്‍ നിന്നാണ് 15 ഏക്കറിലേക്കുള്ള തൈകള്‍ അദ്ദേഹം സൃഷ്ടിച്ചെടുത്തത്. കൂടാതെ ഇന്ന് ഒരു വര്‍ഷം 3 മുതല്‍ 5 ലക്ഷം തൈകള്‍ വരെ അദ്ദേഹം വില്‍ക്കുന്നു.

കേരളത്തിന്റെ ഭാവി ഇനി ഇത് പോലുള്ള പഴങ്ങളിലാണെന്നു ഇദ്ദേഹം പറയുന്നു. ഒരേക്കര്‍ സ്ഥലത്ത് റബ്ബര്‍ വെച്ചാല്‍ അതില്‍ നിന്ന് എന്തെങ്കിലും വരുമാനം നേടണമെങ്കില്‍ 7 അല്ലെങ്കില്‍ 8 വര്‍ഷം വേണ്ടി വരും. എന്നാല്‍ ഡ്രാഗണ്‍ ഫ്രൂട്ട് വെച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വരുമാനം ലഭിക്കാന്‍ തുടങ്ങും. കൂടാതെ 1 ഏക്കര്‍ റബറില്‍ നിന്ന് കൂടി വന്നാല്‍ 75,000 മുതല്‍ 1 ലക്ഷം രൂപ വരെ ലഭിക്കുമ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍ നിന്ന് 6 മുതല്‍ ഏഴ് ലക്ഷം രൂപ വരെ ലഭിക്കുന്നു. ഇന്ന് ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന്‍, എന്നിവ അദ്ദേഹം വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വില്‍ക്കുന്നു.

എങ്ങനെ ലാഭകരമായി ഡ്രാഗണ്‍ ഫ്രൂട്ടും റംബൂട്ടാനും കൃഷി ചെയ്യാം? അവ എങ്ങനെ വിറ്റഴിക്കാം? എങ്ങനെ നമ്മുടെ ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റി വിപണി കണ്ടെത്താം? കൃഷി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇവിടെ എന്ത് ചെയ്യണം എന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍ ബിസിനസുകാരനായ ഈ കര്‍ഷകന്‍ പറയുന്നു.    
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.