Sections

സംസ്ഥാനത്തെ വിള ഇന്‍ഷുറന്‍സ് കുടിശ്ശിക ഉടന്‍ തീര്‍ക്കുംമെന്ന് കൃഷിമന്ത്രി

Wednesday, May 10, 2023
Reported By admin
agriculture

ഓരോ കൃഷിഭവനുകളും ഓരോ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം


വിള ഇൻഷുറൻസ് കുടിശ്ശിക ഉടൻ തീർക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. എഫ്.പി.ഒകൾക്കും കൃഷികൂട്ടങ്ങൾക്കും ഡ്രോണുകളും കാർഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി മാനന്തവാടിയിലാണ് പരിപാടി സംഘടിപ്പിച്ചത്. പത്മശ്രീ പുരസ്‌ക്കാര ജേതാവ് ചെറുവയൽ രാമനെയും മുതിർന്ന കർഷകൻ ജോർജ് കുഴിക്കണ്ടത്തെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. 

കാർഷിക മേഖലയുടെ വളർച്ചയിൽ കൃഷിക്കൂട്ടങ്ങളുടെ പങ്ക് നിർണായകമാണ്. ഡ്രോണുകൾ പോലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ കാർഷിക മേഖലയ്ക്ക് മുതൽകൂട്ടാണ്. ഏത് കാർഷിക ഉത്പ്പന്നങ്ങൾക്കും കേരളാഗ്രോ ബ്രാൻഡ് നൽകാൻ സർക്കാർ തയ്യാറാണ്. വിള ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള കുടിശ്ശിക തീർക്കാനുളള ശ്രമത്തിലാണ്. വന്യമൃഗശല്യം പ്രതിരോധിക്കാൻ കൃഷി വകുപ്പും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോ കൃഷിഭവനുകളും ഓരോ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം. കർഷകർക്ക് ലഭിക്കുന്ന സേവനം സ്മാർട്ടാകുമ്പോൾ മാത്രമെ കൃഷിഭവനുകൾ സ്മാർട്ടാകുകയുള്ളൂ. എന്നും അതിന് ശ്രമിക്കണം.

പരിപാടിയുടെ ഭാഗമായി മാനന്തവാടിയിൽ നിന്നും ട്രാക്ടർ റാലിയും സംഘടിപ്പിച്ചു. മാനന്തവാടി ടൗണിൽ നിന്നും തുടങ്ങിയ റാലി വള്ളിയൂർക്കാവ് പ്രദർശന നഗരിയിൽ സമാപിച്ചു. പ്രദർശനത്തിനെത്തിച്ച നാൽപ്പതോളം ട്രാക്ടറുകൾ റാലിയിൽ പങ്കെടുത്തു. വിവിധ കാർഷികോപകരണങ്ങളുടെ പ്രദർശന വാഹനങ്ങളും റാലിയിൽ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, കൗൺസിലർ പി.എം ബെന്നി, സംസ്ഥാന കാർഷിക എഞ്ചിനീയർ വി ബാബു, എക്സി. എഞ്ചിനീയർ സി.കെ മോഹനൻ, അസി.എക്സി.എഞ്ചിനീയർമാരായ ടി.കെ രാജ് മോഹൻ, ആർ. ജയരാജൻ, അഡി.ഡയറക്ടർ ഡോ.കെ അനിൽകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

പൊതുജനങ്ങൾക്ക് നറുക്കെടുപ്പിലൂടെ വയനാട്ടിലെ എസ്.എം.എ.എം ഡീലർമാർ സ്പോൺസർ ചെയ്തിരിക്കുന്ന 4 ലക്ഷം രൂപയുടെ കാർഷിക യന്ത്രങ്ങളും സമ്മാനമായി വിതരണം ചെയ്തു. സെമിനാറും യുവ കർഷക സംഗമവും മേളയോടനുബന്ധിച്ച് നടന്നു. തുടർന്ന് നൃത്തസന്ധ്യയും കലാപരിപാടികളും അരങ്ങേറി. പ്രദർശന വിപണ മേള നാളെ സമാപിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.