Sections

എന്താണ് ക്രെഡിറ്റ് സ്‌കോര്‍? ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം

Saturday, Jul 10, 2021
Reported By GOPIKA G.S.
credit score

ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന അഞ്ച് കാര്യങ്ങള്‍

 

കോവിഡും ലോക്ക്‌ഡൌണ് ഒക്കെ കാരണം ആകെ വലഞ്ഞു നട്ടം തിരിഞ്ഞ ടൌണില്‍ ഇലക്ട്രിക് കട നടത്തുന്ന തോമസ് ചേട്ടന്‍ ബാങ്കില്‍ ഒരു 3 ലക്ഷം രൂപ ലോണിന് അപ്ലൈ ചെയ്യാന്‍ വന്നതാ. ബാങ്ക് മാനേജരേ പോയി കണ്ട് കാര്യം ഒക്കെ പറഞ്ഞപ്പോള്‍ നോക്കാമെന്ന് മാനേജരും പറഞ്ഞു. അങ്ങനെ മാനേജര്‍ തോമസ് ചേട്ടന്റെ പേരും അക്കൗണ്ട് വിവരങ്ങളും ഒക്കെ ചെക്ക് ചെയ്തിട്ട് അദ്ദേഹത്തോടെ ചോദിച്ചു, മുന്‍പ് ലോണ്‍ എടുത്തിട്ട് സമയത്ത് അടയ്ക്കാന്‍ താമസിച്ചിട്ടുണ്ടാല്ലേ? ഉണ്ടെന്നു തോമസ് ചേട്ടന്‍ പറഞ്ഞു. ഒരു സ്വര്‍ണ്ണ പണയത്തിന്റെ പലിശയും മുടങ്ങി കിടക്കുവാണല്ലോ? ഭാര്യയുടെ കുറച്ച് സ്വര്‍ണ്ണം അത്യാവശ്യം വന്നപ്പോള്‍ വേറെ ബാങ്കില്‍ ഒരു അക്കൗണ്ട് ഉണ്ട്.അവിടെ വെച്ചതാ തോമസ് ചേട്ടന്‍..അതിന്റെ കാര്യമാണ് മാനേജര്‍ ചോദിച്ചത്. എല്ലാം കേട്ടിട്ട് മാനേജര്‍ പറഞ്ഞു തോമസ് ചേട്ടാ, തരാന്‍ നിര്‍വാഹമില്ല കേട്ടോ. ഞെട്ടിപ്പോയ തോമസ് ചേട്ടന്‍ എന്താ കാരണമെന്നു തിരക്കിയപ്പോള്‍ ലോണ്‍ തരാനുള്ള ക്രെഡിറ്റ് സ്‌കോര്‍ തോമസ് ചേട്ടനില്ലന്നു മാനേജര്‍ പറഞ്ഞു. ക്രെഡിറ്റ് സ്‌കോറോ? അതെന്താ സംഭവം? തോമസ് ചേട്ടന്‍ കണ്ണും മിഴിച്ച് മാനേജരോട് ചോദിച്ചു. 

ഈ തോമസ് ചേട്ടനെ പോലെ നിരവധി ആളുകള്‍ ഉണ്ട് നമുക്കിടയില്‍. ക്രെഡിറ്റ് സ്‌കോര്‍ എന്താണ്? അതിന്റെ ഉപയോഗം എന്തെന്നൊക്കെ അറിയാത്തവര്‍.. അവര്‍ക്കായി എന്താണ് ക്രെഡിറ്റ് സ്‌കോര്‍ എന്നും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന അഞ്ചു കാര്യങ്ങള്‍ ഏതൊക്കെയെന്നും നമുക്ക് നോക്കാം. 

നിങ്ങളെ വായ്പയ്ക്ക് അര്‍ഹനാക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ക്രെഡിറ്റ് സ്‌കോര്‍. കടം തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിനെ സൂചിപ്പിക്കുന്ന ഒരു മൂന്നക്ക സംഖ്യയാണ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ . ലോണ്‍ എടുക്കുന്ന സമയത്തോ, വായ്പ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്തോ വായ്പ തരുന്ന സ്ഥാപനം നിങ്ങള്‍ക്ക് പണം നല്‍കുന്നതിനു മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കും.

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ 300 മുതല്‍ 900. വരെയായിരിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നിങ്ങള്‍ക്ക് കടം അല്ലെങ്കില്‍ ലോണ്‍ അപേക്ഷ എളുപ്പത്തിലും പ്രശ്‌നങ്ങളില്ലാതെയും അപ്രൂവ് ചെയ്യാന്‍ സഹായിക്കും. ഇത് നിങ്ങള്‍ക്ക് മികച്ച പലിശനിരക്ക്, അല്ലെങ്കില്‍ മെച്ചപ്പെട്ട ലോണ്‍ കാലയളവ് എന്നിവ നേടാന്‍ സഹായിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നിങ്ങളുടെ വായ്പാ തിരിച്ചടവിന്റെ ചരിത്രം, നിങ്ങള്‍ ആകെ നല്‍കാനുള്ള തുക, നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തിന്റെ ദൈര്‍ഘ്യം, ഏതുതരം ക്രെഡിറ്റ് ഇന്‍സ്ട്രുമെന്റുകള്‍ ആണ്, ഇപ്പോഴുള്ള ക്രെഡിറ്റിന്റെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് ഇതില്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍, സ്വത്തുക്കള്‍, അല്ലെങ്കില്‍ ക്രെഡിറ്റ് സംബന്ധി അല്ലാത്ത പണമിടപാടുകള്‍ എന്നിവ കണക്കാക്കുകയില്ല. അതായത് എനിക്ക് 50 ലക്ഷം രൂപ വിലമതിക്കുന്ന വീടും പറമ്പും ഉണ്ട്. അത് കൊണ്ട് ക്രെഡിറ്റ് സ്‌കോര്‍ ഇല്ലെങ്കിലും ലോണ്‍ തരണമെന്ന്പറഞ്ഞാല്‍ ലോണ്‍ കിട്ടുകയില്ല.  

നിങ്ങള്‍ ഒരു ലോണ്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ആപ്ലിക്കേഷന്‍ നല്‍കുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് ലെന്‍ഡര്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി, സ്റ്റാന്‍ഡിംഗ് എന്നിവ അറിയാനും, നിങ്ങള്‍ക്ക് നിങ്ങളുടെ ലോണ്‍ ലഭിക്കുമോ ഇല്ലയോ എന്നും മനസ്സിലാക്കാനാകും.

750 ല്‍ കൂടുതലുള്ള ഒരു സ്‌കോര്‍ നല്ലതാണ്, ഇത് നിങ്ങളുടെ ലോണ്‍ അപേക്ഷയ്ക്ക് കൂടുതല്‍ ബലമേകും. നിനച്ചിരിക്കാത്ത നേരത്ത് ലോക്ക്‌ഡൌണ്‍ പോലെ എന്തെങ്കിലും സംഭവിച്ചാല്‍ നമ്മുടെ വരുമാനം കുറയുകയും ആ അവസ്ഥയില്‍ കിട്ടാവുന്നിടത്തു നിന്നെല്ലാം വായ്പ എടുത്താണ് പലരും കാര്യങ്ങള്‍ നടത്തുന്നത്. അപ്പോള്‍ ഇഎംഐ ഒക്കെ പിന്നെ അടയ്ക്കാം, ഇപ്പോള്‍ വീട്ടു കാര്യം നടക്കട്ടെ, ക്രെഡിറ്റ് സ്‌കോറൊക്കെ പിന്നീടല്ലേ എന്നു കരുതുകയാണെങ്കില്‍ അത് നമുക്ക് വിനയായി തീരും. പിന്നീട് വായ്പ എടുക്കാനാകാത്ത അവസ്ഥയും വന്നു ചേര്‍ന്നെന്ന് വരും. അത് കൊണ്ട് ഭാവിയില്‍ ലോണ്‍ ഒക്കെ വേണ്ടവര്‍ ഇഎംഐ കാര്യങ്ങളൊക്കെ കൃത്യമായി അടയ്ക്കുക.   

ഇനി എന്തൊക്കെയാണ് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന ഘടകങ്ങള്‍? നമുക്ക് നോക്കാം

1. നിങ്ങളുടെ വായ്പാ തിരിച്ചടവ് ചരിത്രമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എത്ര തവണ വായ്പ തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വരുത്തുന്നുവോ അത് അത്രയും മോശമായി ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. അത് കൊണ്ട് പരമാവധി വായ്പ് തവണകള്‍ മുടങ്ങാതെ അടയ്ക്കാന്‍ ശ്രമിക്കുക.

2. എത്ര വായ്പയാണ് തിരിച്ചടയ്ക്കാനുള്ളത് എന്നതാണ് ഇതില്‍ പരിശോധിക്കുന്ന മറ്റൊരു കാര്യം. വലിയ തുകയാണ് തിരിച്ചടയ്ക്കാനുള്ളത് എങ്കില്‍ മോശം ക്രെഡിറ്റ് സ്‌കോറായിരിക്കും ലഭിക്കുക. 

3. വായ്പകള്‍ കൃത്യമായി ദീര്‍ഘകാലത്തേക്ക് തിരിച്ചടയ്ക്കുന്നത് പോസിറ്റീവ് ക്രെഡിറ്റ് സ്‌കോര്‍ നേടാന്‍ സഹായകമാണ്. അങ്ങനെയുള്ളവര്‍ക്ക് പിന്നീട് ലോണ്‍ ലഭിക്കാന്‍ വളരെ എളുപ്പവുമാണ്. 

4. ഒരേ വായ്പയ്ക്കായി വിവിധ ബാങ്കുകളെ സമീപിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. ചിലപ്പോള്‍ ഈ ബാങ്കില്‍ നിന്ന് കിട്ടിയില്ലെങ്കിലോ എന്ന് കരുതി നമ്മള്‍ കാണുന്ന ബാങ്കില്‍ എല്ലാം ലോണ്‍ അപേക്ഷ കൊടുക്കും. അത് നമുക്ക് ദോഷമായി തീരും. കാരണം നമ്മള്‍ വായ്പയ്ക്ക് അത്യാവശ്യക്കാരാനാണെന്നും അതിനാല്‍ തിരിച്ചടവ് മോശമാകാനിടയുണ്ടെന്നുമുള്ള അഭിപ്രായമാണ് നമ്മളെ കുറിച്ച് ഉണ്ടാകുക. 

5. ഈടുള്ളതും ഈടില്ലാത്തതുമായ വായ്പകള്‍ ചേര്‍ന്ന് മികച്ച ക്രെഡിറ്റ് സ്‌കോര്‍ നേടാന്‍ ഉപകരിക്കും. ചിലപ്പോള്‍ നമുക്ക് പേര്‍സണല്‍ ലോണ്‍ ലഭിക്കും. അതിനു ഈട് വേണ്ട. സ്വര്‍ണം ഈടു നല്‍കിയും വേറെ വായ്പ് എടുക്കാം. ഇങ്ങനെ എടുക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. എടുത്താല്‍ മാത്രം പോര കൃത്യമായി തിരിച്ചടയ്ക്കുകയും വേണം.

പലിശ കൂടുതലാണെങ്കിലും ഏതാനും മണിക്കൂറോ അല്ലെങ്കില്‍ മിനിറ്റുകള്‍ക്കകമോ ലോണ്‍ തരുന്ന നിരവധി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുണ്ട്. അവര്‍ പ്രധാനമായും നോക്കുന്നത് അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറാണ്. ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാണെങ്കില്‍ പിന്നീട് ഈ സ്ഥാപനങ്ങള്‍ നമുക്ക് ഇങ്ങോട്ട് വിളിച്ചു ലോണ്‍ തരികയും ചെയ്യും. ഇഎംഐ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് തവണകള്‍ മുടങ്ങി സ്‌കോര്‍ മോശമായവര്‍ ഇനിയെങ്കിലും കൃത്യമായി തിരിച്ചടവ് നടത്തിയാല്‍ നിങ്ങളുടെ സ്‌കോര്‍ മെല്ലെ മെച്ചപ്പെടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.