Sections

കൃത്രിമ അന്തരീഷം ഉണ്ടാക്കി എതുതരത്തിലുള്ള കൃഷിയും ചെയ്യാം...

Monday, Feb 28, 2022
Reported By admin
poli house

വര്‍ധിച്ച മഞ്ഞും കാറ്റും വെയിലും മഴയും ഒരു തരത്തിലും പോളി ഹൗസിനെ ബാധിക്കുന്നില്ല


കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച് അതിനുള്ളില്‍ കൃഷി ചെയ്യുന്ന രീതിയാണ് പോളിഹൗസ്. ഗ്രീന്‍ഹൗസ്, മഴമറ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. സൂര്യപ്രകാശം ഉള്ളില്‍ കടക്കാത്ത തരത്തില്‍ പ്രത്യേകതരം ഷീറ്റുകള്‍ നിശ്ചിത ആകൃതിയില്‍ രൂപപ്പെടുത്തിയ ചട്ടക്കൂടില്‍ ഉറപ്പിച്ച് നിര്‍മ്മിക്കുന്ന കൂടാരങ്ങളാണ് ഗ്രീന്‍ ഹൗസ് അഥവാ പോളി ഹൗസ്. കൃത്രിമ അന്തരീഷം ഉണ്ടാക്കി എതുതരത്തിലുള്ള കൃഷിയും എപ്പോള്‍ വേണമെങ്കിലും പോളിഹൗസില്‍ ചെയ്യാന്‍ സാധിക്കും. 

പോളിഹൗസ് സൂര്യപ്രകാശത്തിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുകയും വിളകളെ ബാധിക്കുന്ന പലതരം പ്രകാശ രശ്മികളെ തടയുകയും ചെയ്യും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകത്തിന്റെ സാന്ദ്രത പോളിഹൗസില്‍ കൂടുതലായതിനാല്‍ സസ്യങ്ങള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കുന്നു. വര്‍ധിച്ച മഞ്ഞും കാറ്റും വെയിലും മഴയും ഒരു തരത്തിലും പോളി ഹൗസിനെ ബാധിക്കുന്നില്ല. എതു വിളയും എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാനും വിളവെടുക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

നിര്‍മിക്കുന്ന രീതി

രണ്ടു രീതിയില്‍ പോളി ഹൗസുകള്‍ നിര്‍മിക്കാം. ഫാക്ടറികളില്‍ പ്രീഫാബ്രിക്കേറ്റ് ചെയ്ത ജി.ഐ. പൈപ്പുകള്‍ വിവിധ മാതൃകകളില്‍ ലഭ്യമാണ്. ഇവ കൊണ്ടുവന്ന് നട്ടും ബോള്‍ട്ടും ചെയ്ത് പെട്ടെന്ന് ഗ്രീന്‍ ഹൗസ് നിര്‍മിക്കാം. ജി.ഐ. പൈപ്പുകള്‍ കൃത്യമായ അളവില്‍ വാങ്ങിക്കൊണ്ടുവന്ന് കൃത്യമായ മാതൃകയില്‍ സഥലത്തുവെച്ചുതന്നെ നിര്‍മ്മിച്ചെടുക്കുന്നതാണ് രണ്ടാമത്തെ രീതി. രണ്ട് രീതികള്‍ക്കും അതിന്റേതായ ഗുണദോഷങ്ങളും ഉണ്ട്. 

പ്രീഫാബ്രിക്കേറ്റഡ് സംവിധാനത്തിന് പൊതുവേ ചെലവ് കൂടിയിരിക്കും. പൈപ്പുകളുടെ അളവനുസരിച്ച് ഇപ്പോള്‍ 800 മുതല്‍ 1100 രൂപ വരെ ചതുരശ്രമീറ്ററിന് വിപണി വില കൂടുതലുണ്ട്. എന്നാല്‍ സാങ്കേതികവിദഗദ്ധരുടെ മേല്‍നോട്ടത്തില്‍ ജി.ഐ. പൈപ്പുകള്‍, യു.വി. ഷീറ്റുകള്‍ എന്നിവ അളവനുസരിച്ച് വാങ്ങി ഗ്രീന്‍ ഹൗസ് ഫാബ്രിക്കേഷന്‍ നടത്തിയാല്‍ ചെലവ് നന്നായി കുറയ്ക്കാന്‍ കഴിയും.

രൂപവും പ്രധാനം

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ഏകദേശം 140 കിലോ മീറ്റര്‍ വേഗത്തിലുള്ള കാറ്റിനെയും അതിജീവിക്കാന്‍ കഴിയുന്ന ശക്തി പോളി ഹൗസിനുണ്ടായിരിക്കണം. വേനല്‍കാലത്തെ വര്‍ധിച്ച താപനിലയാണ് കേരളത്തില്‍ പോളി ഹൗസുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. കൃത്യമായ താപനിലാ നിര്‍ഗമന സംവിധാനങ്ങള്‍ ഉപയോഗിച്ച് താപനില ക്രമപ്പെടുത്തണം. ചതുരാകൃതിയില്‍ വലിയ പോളി ഹൗസുകള്‍ നിര്‍മിക്കുന്നതിനേക്കാളും ദീര്‍ഘചതുരാകൃതിയില്‍ നിര്‍മിക്കുന്നതാണ് നല്ലത്. 

വാണിജ്യ അടിസ്ഥാനത്തില്‍ മാത്രമല്ല വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ഉണ്ടാക്കുന്നതിനും ചെറു പോളി ഹൗസുകള്‍ വീട്ട് മുറ്റത്തോ, ടെറസ്സിലോ നിര്‍മിച്ച് കൃഷി ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ നടത്തുന്ന കൃഷിയിലൂടെ വീട്ടില്‍ തന്നെ വിഷമുക്ത പച്ചക്കറികള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഒരു കുടുംബത്തിന് വര്‍ഷം മുഴുവന്‍ ആവശ്യമായ പച്ചക്കറികള്‍ ലഭിക്കാന്‍ 50 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള പോളി ഹൗസ് മതിയാവും.

കൃഷി ചെയ്യാവുന്ന വിളകള്‍

എതു വിളയും പോളി ഹൗസില്‍ കൃഷി ചെയ്യാം. പാടത്തും പറമ്പിലും വലിയ പരിചരണമില്ലാതെ നല്ല വിള തരുന്നവ പോളിഹൗസില്‍ കൃഷി ചെയ്യണമെന്നില്ല. പോളി ഹൗസിലെ ഓരോ ഇഞ്ച് സ്ഥലവും വിലപ്പെട്ടതായതിനാല്‍ തറ വിസ്തീര്‍ണത്തിന് പുറമെ മുകളിലേക്കുള്ള സ്ഥലം കൂടി പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പടര്‍ന്നു കയറുന്ന ഇനങ്ങള്‍ കൃഷി ചെയ്യാം. കേരളത്തിന്റെ കാലാവസ്ഥയില്‍ വാണ്യജ്യാടിസ്ഥാനത്തില്‍ ലാഭകരമായി കൃഷി ചെയ്യാന്‍ എറ്റവും അനുയോജ്യമായ വിളകള്‍ കാപ്‌സിക്കം, തക്കാളി, സാലഡ് വെള്ളരി, അച്ചിങ്ങപ്പയര്‍ എന്നിവയാണ്. ഇവയ്ക്ക് പുറമെ പൂകൃഷിയും ചെയ്യാം. വള്ളിയായി വളരുന്ന തക്കാളിയും നല്ലതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.