- Trending Now:
സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ വികസനം സാധ്യമാക്കാന്‍ പുതിയ വഴിതേടി സിപിഎം. ജനങ്ങളെ അണിനിരത്തി വികസന പദ്ധതികള്‍ക്ക് സഹായം ഒരുക്കുകയാണ് പാര്‍ട്ടി വിഭാവനം ചെയ്യുന്ന പുതിയ മാര്‍ഗം.നാടിന്റെ വികസനത്തിന് വലിയ സംഭാവന ജനങ്ങളില്‍ നിന്ന് ലഭിക്കുമെന്ന വിലയിരുത്തലിലാണ് ജനകീയ ഇടപെടലിലൂടെ പദ്ധതികള്‍ക്ക് രൂപം നല്‍കാനും പ്രാവര്‍ത്തികമാക്കാനും തയാറെടുക്കുന്നത്.ഈ മേഖലയില്‍ ഇടപെട്ടുകൊണ്ട് വികസന പ്രോജക്ടുകള്‍ തയാറാക്കി മുന്നോട്ടു പോകുന്നതിന് കഴിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി കമ്മിറ്റികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം എന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നാല് മിഷനുകളില്‍ ഒന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പൊതു സംഭാവനകള്‍ സ്വീകരിച്ചാണ് പ്രാദേശിക തലത്തില്‍ സ്‌കൂളുകള്‍ വികസിപ്പിച്ചത്.പിടിഎ കമ്മിറ്റികളില്‍ നിന്നും പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്നും അതാത് സ്ഥലങ്ങളിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍തോതില്‍ സംഭാവന ലഭിച്ചിരുന്നു.സ്‌കൂളുകളുടെ നിയന്ത്രണം കൈയ്യാളുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ നേതൃത്വമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഈ അനുഭവത്തില്‍ നിന്നാണ് ജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചുകൊണ്ട് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും പ്രാവര്‍ത്തികമാക്കാനും ആലോചിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ മൂലധന ചെലവിനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ത്രാണി ഇല്ലാതായിട്ടുണ്ട്. ഇതും വികസനത്തിന് ജനകീയ ഇടപെടല്‍ കൊണ്ടുവരാന്‍ ധാരണയിലെത്താന്‍ കാരണം.
ആദ്യ സര്‍ക്കാരിന്റെ കാലത്തും കടുത്ത പണ ഞെരുക്കമുണ്ടായിരുന്നെങ്കിലും ബജറ്റിന് പുറത്തെ സാമ്പത്തിക സ്രോതസായ കിഫ്ബി ആയിരുന്നു വികസന പദ്ധതികളുടെ ആശയം. ഇതിനകം 67000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുളള കിഫ്ബിക്ക് പുതിയ ബാധ്യതകള്‍ ഏറ്റെടുക്കാനാവത്ത സ്ഥിതിയുണ്ട്.കിഫ്ബി വായ്പ സംസ്ഥാന സര്‍ക്കാരിന്റെ പൊതു കടത്തിന്റെ ഭാഗമാക്കിയ കേന്ദ്ര തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പണത്തിന്റെ അക്ഷയപാത്രമായി കണ്ട കിഫ്ബിയെ ദുര്‍ബലമാക്കിയത്.വാഹന നികുതിയുടെ പകുതിയും ഇന്ധന സെസുമാണ് കിഫ്ബിയുടെ ധന സ്രോതസ്. അത് ഇപ്പോഴത്തെ ബാധ്യതകളുടെ തിരിച്ചടവിന് തന്നെ അപര്യാപ്തമാണെന്ന തിരിച്ചറിവിലാണ് ജനങ്ങളുടെ സംഭാവന വാങ്ങി വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കല്‍ എന്ന ആശയത്തിലേക്ക് നയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.