Sections

പശുവിനും ഫാറ്റി ലിവര്‍ വരുമോ? കര്‍ഷര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

Monday, May 09, 2022
Reported By Admin

ഉത്പാദനക്ഷമതയുള്ള സങ്കരയിനം പശുക്കളുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്
 

പശുവിനും ഫാറ്റിലിവര്‍ വരുമോ? ഫാറ്റിലിവര്‍ അഥവ കൊഴുപ്പടിഞ്ഞുള്ള കരള്‍വീക്കം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ആരോഗ്യപ്രശ്‌നമാണ്. അത് മനുഷ്യരുടെ കാര്യത്തില്‍. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പ് കെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കായി മാറ്റി കോശങ്ങളില്‍ സംഭരിക്കുന്നു.

കരളിന്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്ലൂക്കോസ് കരളിലെത്തിയാല്‍ കൊഴുപ്പ് വിതരണം ചെയ്യാനാവാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റിലിവറിനു ഇടയാകുന്നു. എന്നാല്‍ ഇത് കന്നുകാലികളില്‍ വരുമോ? നമുക്ക് സംശയം തോന്നാം. എന്നാല്‍ ഈ അവസ്ഥ കന്നുകാലികളിലും വരും. ഉത്പാദനക്ഷമതയുള്ള സങ്കരയിനം പശുക്കളുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തീറ്റ ഗുണമേന്മയില്ലാത്തതും തീറ്റക്രമം അശാസ്ത്രീയവുമാണെങ്കില്‍ അത് പശുവിന്റെ പാലുത്പാദനം കുറയ്ക്കുമെന്നു മാത്രമല്ല പശുവിന്റെ കരളിനു രോഗം വരുത്തുകയും ചെയ്യും.

ഉത്പാദനക്ഷമതയുള്ള സങ്കരയിനം പശുക്കളുടെ പരിപാലനത്തില്‍ ഏറെ   ശ്രദ്ധിക്കേണ്ടതുണ്ട്. തീറ്റ ഗുണമേന്മയില്ലാത്തതും തീറ്റക്രമം അശാസ്ത്രീയവുമാണെങ്കില്‍ അത് പശുവിന്റെ പാലുത്പാദനം കുറയ്ക്കുമെന്നു മാത്രമല്ല പശുവിന്റെ കരളിനു രോഗം വരുത്തുകയും ചെയ്യും.

പശുവിനും ഫാറ്റിലിവര്‍

കൊഴുപ്പിന്റെ ഉപാപയചത്തിലെ പ്രശ്നം കാരണം പശുവിന്റെ കരളിനെ ബാധിക്കുന്ന രോഗമാണ് ഫാറ്റി ലിവര്‍. ഉത്പാദനക്ഷമത കൂടിയ ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ സങ്കരയിനം പശുക്കളിലാണ് ഈ രോഗം കാണുന്നത്. പാലുത്പാദനത്തില്‍ കുറവ്, തീറ്റയെടുക്കാതിരിക്കല്‍, നിശ്വാസ വായുവിന് പ്രത്യേക മണംതുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രക്തത്തിലെ കീറ്റോണിന്റെയും, കൊഴുപ്പിന്റെയും അളവ് പരിശോധിച്ചാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. രോഗമുറപ്പിച്ചാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണം. വിദഗ്ദ ചികിത്സ നല്‍കിയില്ലെങ്കില്‍ പശു വീണു പോകുകയും തുടര്‍ന്ന് ജീവന്‍ തന്നെ നഷ്ടമാവുകയും ചെയ്യാം.

ലിവര്‍ സപ്ലിമെന്റുകളും, ഗ്ലൂക്കോസും നല്‍കി പശുവിനെ ഈ രോഗങ്ങളില്‍ നിന്നു രക്ഷിക്കാം. ബി.കോംപ്ലക്സ് വിറ്റമിനുകള്‍ ഇഞ്ചക്ഷനായി നല്‍കുകയും ചെയ്യണം. പക്ഷേ കരളിന് ഏറെ നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ ചികിത്സ ഫലപ്രദമല്ല.

മുന്‍കരുതല്‍ പ്രധാനം

കരളിനെ കരുതുന്ന പരിചരണ രീതികള്‍ വഴി രോഗബാധ തടയുകയാണ് പ്രധാനം. എന്തുകൊണ്ടാണ് കരള്‍ രോഗമുണ്ടാകുന്നതെന്ന് മനസ്സിലാക്കുക പ്രധാനമാണ്.

കറവയുടെ ആദ്യഘട്ടത്തില്‍ പാലുത്പാദനത്തിനു വേണ്ട ഊര്‍ജ്ജം തീറ്റയില്‍ നിന്നു  ലഭിക്കാതെ വരുമ്പോള്‍ പശുവിന്റെ ശരീരത്തില്‍ സംഭരിച്ചിട്ടുള്ള കൊഴുപ്പ് കരളിലെത്തി ഉപാപചയം നടത്തി ശരീരത്തിനു വേണ്ട ഊര്‍ജ്ജം ലഭ്യമാക്കുന്നു. ഈ പ്രക്രിയയിലുണ്ടാകുന്ന  രാസവസ്തുക്കള്‍ തലച്ചോറിനെ ബാധിച്ച് തീറ്റയെടുക്കല്‍  കുറയ്ക്കുന്നു. ഇതു മൂലം വീണ്ടും ശരീരത്തിന്റെ ഊര്‍ജ്ജ ലഭ്യത കുറയുകയും  രോഗം മൂര്‍ച്ഛിക്കുകയും ചെയ്യും. ആവശ്യത്തിന് ഊര്‍ജ്ജദായകമായ തീറ്റ വസ്തുക്കള്‍ പ്രസവിച്ചയുടനെ തന്നെ നല്‍കണം. രോഗം വന്നതിനുശേഷം ഊര്‍ജ്ജദായകമായ തീറ്റവസ്തുക്കള്‍ പ്രത്യേകിച്ച് പൊടിച്ച ചോളം മാത്രമേ നല്‍കാവൂ. പൊടിച്ച ചോളം പശുവിന്റെ ആമാശയത്തില്‍  പെട്ടെന്നു ദഹിക്കാതെ  ചെറുകുടലിലെത്തുകയും അവിടെവെച്ച് ഗ്ലൂക്കോസായി മാറുകയും ചെയ്യും. ബൈപാസ് ഫാറ്റ് പോലുള്ള സപ്ലിമെന്റുകള്‍ മെച്ചപ്പെട്ട ഊര്‍ജ സ്രോതസ്സാണ്. പശുവിന്റെ ആമാശയത്തില്‍ പെട്ടെന്നു ദഹിക്കുന്ന ചോറ്, മരച്ചീനി, ചക്ക മുതലായവ രോഗം വന്നതിനുശേഷം  നല്‍കരുത്. ഇങ്ങനെയുള്ള തീറ്റവസ്തുക്കള്‍ രോഗം മൂര്‍ച്ഛിക്കാനിടയാക്കും.പ്രസവത്തിന് മുമ്പ് അമിതമായി ആഹാരം കൊടുത്ത് പശുവിനെ കൊഴുപ്പിക്കാതെയും പ്രസവത്തിനു ശേഷം  പാലുത്പാദനത്തിനനുസരിച്ച് സമീകൃത തീറ്റ നല്‍കിയും ഈ രോഗത്തില്‍ നിന്നു രക്ഷ നേടാം. ഇതിനായി പ്രസവസമയത്ത് ശരീരഘടനയുടെ തോത് അധികം തടിയും, മെലിച്ചിലും ഇല്ലാതെ നിലനിര്‍ത്തുന്നതാണ് നല്ലത്.

*ഡോ.സബിന്‍ ജോര്‍ജ് പിഎച്ച്ഡി കൃഷി ജാഗരണില്‍ എഴുതിയ ലേഖനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.